/indian-express-malayalam/media/media_files/uploads/2019/08/Subash-Chandra-Bose.jpg)
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കണമെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് സുഭാഷ് ചന്ദ്രബോസിന്റെ മകള്‍. ജപ്പാനിലെ രെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുഭാഷ് ചന്ദ്രബോസിന്റെ മകള്‍ അനീറ്റ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഡിഎന്‍എ പരിശോധന നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും അനീറ്റ ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാണിച്ചെന്നും അനീറ്റ ആരോപിച്ചു.
നേതാജിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ നരേന്ദ്ര മോദി നടത്തിയ പ്രവര്‍ത്തനങ്ങളെ അനീറ്റ ബോസ് പഫാഫ് പ്രശംസിച്ചു. 1945 ഓഗസ്റ്റ് 18 ന് വിമാന അപകടത്തിലാണ് സുഭാഷ് ചന്ദ്രബോസ് മരിച്ചതെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് അനീറ്റ പറഞ്ഞു. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ജപ്പാന്‍ ഭരണകൂടത്തോട് അനുവാദം വാങ്ങിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ നേരിട്ട് കാണുമെന്നും അനീറ്റ പറഞ്ഞു.
Read Also: എബിവിപി നേതാക്കള്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചു; ഒപ്പം സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങും
സത്യം മറ്റൊന്നാണെന്ന് തെളിയിക്കുന്ന വരെ 1945 ഓഗസ്റ്റ് 18 ന് ഉണ്ടായ വിമാന അപകടത്തിൽ സുഭാഷ് ചന്ദ്രബോസ് മരിച്ചു എന്ന് വിശ്വസിക്കാനാണ് തനിക്ക് താൽപര്യം. എന്നാൽ, അത് വിശ്വസിക്കാത്ത നിരവധി പേർ ഇപ്പോഴും രാജ്യത്തുണ്ട്. ചിതാഭസ്മം ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കിയാൽ ദുരൂഹത നീക്കാൻ സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദുരൂഹത നീങ്ങണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. നേതാജിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഫയലുകൾ തങ്ങളുടെ കെെവശം ഉണ്ടെങ്കിൽ ജപ്പാൻ ഭരണകൂടത്തോട് അതും ആവശ്യപ്പെടുകയാണ് - അനീറ്റ പറഞ്ഞു. സുഭാഷ് ചന്ദ്ര ബോസിന്റെ ചരമവാര്‍ഷികമായ ഓഗസ്റ്റ് 18 -ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ട്വീറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അനീറ്റയുടെ പ്രതികരണം.
വിമാന അപകടത്തിൽ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടു എന്ന വാർത്തയാണ് കൂടുതൽ പ്രചരിച്ചത്. എന്നാൽ, അങ്ങനെയല്ല, വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സുഭാഷ് ചന്ദ്രബോസ് പിന്നീട് പേര് മാറ്റി ഒരു സന്യാസിയായി ജീവിതം തുടർന്നു എന്നും 1985 ലാണ് അദ്ദേഹം മരിച്ചതെന്നും ചില റിപ്പോർട്ടുകളുമുണ്ട്. ഇങ്ങനെയുള്ള ദുരൂഹതകൾ നിലനിൽക്കുന്നതിനാലാണ് ഡിഎൻഎ പരിശോധന വേണമെന്ന ആവശ്യം അനീറ്റ മുന്നോട്ടുവച്ചിരിക്കുന്നത്.
നേതാജിയുടെ മരണം അന്വേഷിക്കുന്നതിനായി മൂന്ന് അന്വേഷണ കമ്മീഷനുകളെയാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ നിയമിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച ഷാ നവാസ് കമ്മീഷനും, ഖോഷ കമ്മീഷനും സുഭാഷ് ചന്ദ്ര ബോസ് വിമാന അപകടത്തില്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ബിജെപി സര്‍ക്കാര്‍ 1999- ല്‍ രൂപീകരിച്ച മുഖര്‍ജി കമ്മീഷന്‍ വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്ര ബോസ് മരിച്ചതെന്ന വാദം നിഷേധിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.