/indian-express-malayalam/media/media_files/uploads/2021/05/Election-Commission-1.jpg)
ഡല്‍ഹി: മദ്രാസ് ഹൈക്കോടതി അടുത്തിടെ നടത്തിയ രൂക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്ന നിലപാടെടുത്ത കമ്മിഷണര്‍ രാജിക്ക് സന്നദ്ധനായിരുന്നുവെന്ന് വിവരം. ഹൈക്കോടതിയുടെ ഹിതമെങ്കിൽ 'ശിക്ഷ'യായിഅദ്ദേഹം രാജി സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം തയാറാക്കിയ സത്യവാങ്മൂലത്തിലെ പ്രധാന കാര്യങ്ങളിലൊന്നാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിനു ലഭിച്ച വിവരം. എന്നാല്‍ ഈ സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരസിക്കുകയായിരുന്നു.
കോവിഡ് രണ്ടാം തരംഗത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ പങ്ക് സംബന്ധിച്ച കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ കമ്മിഷന്റെയും എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരുടെയും ആത്മവീര്യം കെടുത്തിയെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. സ്ഥാപനത്തെയല്ല, വ്യക്തിയെ ശിക്ഷിക്കാമെന്നും വാക്കാലുള്ള നിരീക്ഷണങ്ങള്‍ പിന്‍വലിക്കാനോ വ്യക്തിപരമായ ഉത്തരവാദിത്തമായി കണക്കാക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചതായി പറയപ്പെടുന്നു. വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.
എന്നാല്‍ ഈ സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയായിരുന്നു. ഈ സത്യവാങ്മൂലം മദ്രാസ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലെ പ്രത്യേക അവധി അപേക്ഷക്കൊപ്പമോ സമര്‍പ്പിച്ചില്ല. താന്‍ നല്‍കിയ വിവരങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ലെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടുവെന്നും വിയോജിപ്പ് പ്രകടിപ്പിച്ച കമ്മിഷണര്‍ സഹപ്രവര്‍ത്തകനോട് പറഞ്ഞതായാണു വിവരം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ (സിഇസി) സുനില്‍ അറോറ ഏപ്രില്‍ 12 നു വിരമിച്ചിരുന്നു. തുടര്‍ന്ന് സുശീല്‍ ചന്ദ്രയെ സിഇസിയായും രാജീവ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിച്ചു. മൂന്നാമത്തെ കമ്മിഷണറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
Also Read: തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി നാലാം ദിനവും ഇന്ധന വില കൂട്ടി
ജഡ്ജിമാരുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷയും നല്‍കിയതിനും ഹൈക്കോടതിയുടെ ''കൊലപാതകക്കുറ്റം'' പരാമര്‍ശത്തിനെതിരെ സുപ്രീം കോടതിയില്‍ എസ്എല്‍പി നല്‍കിയതിനും കമ്മിഷന്റെ ഏകകണ്ഠമായ അംഗീകാരമില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിഷയത്തില്‍ ഇരു തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കിടയില്‍ കടുത്ത അഭിപ്രായ ഭിന്നതയാണ് ഉടലെടുത്തത്. സത്യവാങ്മൂലം സംബന്ധിച്ച് വിയോജിപ്പ് പ്രകടിപ്പിച്ച കമ്മിഷണര്‍ തന്റെ കാഴ്ചപ്പാട് കോടതിയില്‍ പ്രത്യേകം സമര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. കോടതിയുടെ വാക്കാലുള്ള പരമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു മാധ്യങ്ങളെ വിലക്കണമെന്ന ആവശ്യത്തിനെതിരെ അദ്ദേഹം നിലപാടെടുത്തതായും ഇത് അവഗണിക്കപ്പെട്ടതായും ഇന്ത്യന്‍ എക്‌സ്പ്രസ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാധ്യമ റിപ്പോര്‍ട്ടിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ അക്ഷേപ നല്‍കേണ്ടതില്ലെന്ന് "ഏകകണ്ഠമായ തീരുമാനമായിരുന്നുവെന്നാണ്" കമ്മിഷന്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ പ്രത്യേക അവധി അപേക്ഷ ഇതിനു വിരുദ്ധമാണ്. ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണവും കമ്മിഷന്റെ അപേക്ഷയുടെപ്രസക്തിയെ അഭിസംബോധന ചെയ്യാത്തതും വിഷമിപ്പിക്കുന്നതാണെണന്ന് അവധി അപേക്ഷയില്‍ കമ്മിഷന്‍ വ്യക്തമാക്കി. തുറന്ന കോടതിയില്‍ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടാകുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു നിയന്ത്രണം കമ്മിഷന്‍ തേടിയിരുന്നു.
പ്രചാരണ റാലികളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിനാണ് മദ്രാസ് ഹൈക്കോടതിക്കെതിരെ ഏപ്രില്‍ 26 ന് കടുത്ത വിമര്‍ശനമുന്നയിച്ചത്. ''ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികളായ ഒരേയൊരു സ്ഥാപനം'' എന്ന കാരണത്താല്‍ കമ്മിഷനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. പരാമർശം കടുത്തതാണെങ്കിലും റദ്ദാക്കാൻ കഴിയില്ലെന്നായിരുന്നു ഇതിനെതിരായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹർജിയിൽ സുപ്രീം കോടതി ഇന്നലെ നിലപാടെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.