scorecardresearch

നോട്ട് നിരോധനം 'നിയമവിരുദ്ധം'; ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് നാഗരത്ന വിയോജിച്ചത് ഇങ്ങനെ

നോട്ട് അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാർ നിര്‍ദേശം ആര്‍ ബി ഐ നിയമത്തിലെ 26 (2) വകുപ്പിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നു ജസ്റ്റിസ് നാഗരത്ന പറഞ്ഞു

നോട്ട് അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാർ നിര്‍ദേശം ആര്‍ ബി ഐ നിയമത്തിലെ 26 (2) വകുപ്പിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നു ജസ്റ്റിസ് നാഗരത്ന പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
demonetisation, Justice B V Nagarathna, Justice B V Nagarathna on demonetisation, sc order on demonetisation

ന്യൂഡല്‍ഹി: നോട്ട് നിരോധനം ശരിവച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയോട് ശക്തമായി വിയോജിച്ച് ജസ്റ്റിസ് ബി വി നാഗരത്‌ന. 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നീക്കത്തെ 'നിയമവിരുദ്ധം' എന്നാണ് ജസ്റ്റിസ് നാഗരത്‌ന വിശേഷിപ്പിച്ചത്. നോട്ട് നിരോധനം നിയമനിര്‍മാണത്തിലൂടെയാണ് ചെയ്യേണ്ടതെന്നും വിജ്ഞാപനത്തിലൂടെയല്ലെന്നും അവര്‍ വിധിന്യായത്തില്‍ പറഞ്ഞു.

Advertisment

500, 1000 രൂപ നോട്ടുകള്‍ 2016 നവംബര്‍ എട്ടിന് അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് നാഗരത്‌ന ഒഴികെയുള്ള നാലു ജഡ്ജിമാരും ശരിവയ്ക്കുകയായിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ 26 (2) വകുപ്പ് അനുസരിച്ചുള്ള കേന്ദ്രത്തിന്റെ അധികാരത്തെക്കുറിച്ചുള്ള ഭൂരിപക്ഷത്തിന്റെ വീക്ഷണത്തില്‍നിന്നു വ്യത്യസ്തമായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ നിലപാട്.

''നോട്ട് അസാധുവാക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകുമ്പോള്‍, അതു ആര്‍ ബി ഐ നിയമത്തിലെ 26 (2) വകുപ്പ് പ്രകാരമുള്ളതല്ല. അതു നിയമനിര്‍മാണത്തിന്റെ മാര്‍ഗമാണ്, രഹസ്യാത്മകത ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് വഴിയാവണം,'' ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു. .

2018 നവംബര്‍ എട്ടിലെ വിജ്ഞാപനത്തെ 'നിയമവിരുദ്ധം' എന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് നാഗരത്ന, വിഷയത്തില്‍ ആര്‍ ബി ഐയുടെ സ്വതന്ത്രമായ പ്രയോഗമൊന്നും കാണുന്നില്ലെന്നും പറഞ്ഞു. ''ആര്‍ ബി ഐയുടെ സ്വതന്ത്രമായ തീരുമാനമൊന്നും രേഖകള്‍ കാണിക്കുന്നില്ല. 2018 നവംബര്‍ എട്ടിലെലെ വിജ്ഞാപനം നിയമവിരുദ്ധവും കറന്‍സി നോട്ടുകളുടെ അസാധുവാക്കല്‍ നടപടി വികലവുമാണ്,''നാഗരത്ന പറഞ്ഞു.

Advertisment

എങ്കിലും സമാനകളില്ലാത്ത തിന്മകള്‍ പരിഹരിക്കാനുള്ള കേന്ദ്രത്തിന്റെ മുന്‍കൈയാണ് നോട്ട് നിരോധനമെന്നു ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.

''സംശയത്തിനതീതമായി, ഇത് സദുദ്ദേശ്യപരവും ദീര്‍ഘവീക്ഷണം പ്രകടമാക്കുന്നതുമാണ്. രാഷ്ട്രപുരോഗതിക്കായുള്ള നല്ല ഉദ്ദേശ്യങ്ങളും ഉത്തമ വസ്തുക്കളും അല്ലാതെ മറ്റെന്തെങ്കിലും പ്രേരണയാല്‍ ഇതു പ്രചോദിപ്പിക്കപ്പെട്ടതാണെന്നു ഒന്നും വ്യക്തമാക്കുന്നില്ല. എങ്കിലും, ഈ നടപടി നിയമവിരുദ്ധമായി കണക്കാക്കുന്നതു നിയമത്തിന്റെ പ്രസക്തമായ വകുപ്പുകളുടെ നിയമപരമായ വിശകലനത്തിലൂടെ മാത്രമാണ്. അല്ലാതെ നോട്ട് അസാധുവാക്കലിന്റെ കാര്യത്തിലല്ല,'' അവര്‍ പറഞ്ഞു.

ആര്‍ ബി ഐ നിയമത്തിലെ 26(2) വകുപ്പ് പ്രകാരം ഒരു മൂല്യത്തിന്റെ എല്ലാ ശ്രേണിയിലുള്ള നോട്ടുകളും സര്‍ക്കാരിന് അസാധുവാക്കാനാകില്ലെന്ന ഹര്‍ജിക്കാരുടെ വാദം ഭൂരിപക്ഷ വിധി തള്ളുകയായിരുന്നു. ഒരു പരമ്പരയ്ക്ക് മാത്രമായേ അധികാരം വിനിയോഗിക്കാകൂയെനനും എല്ലാത്തിനുമല്ലെന്ന അര്‍ത്ഥത്തില്‍ പരിമിതപ്പെടുത്താന്‍ കഴിയില്ലെന്നു കോടതി പറഞ്ഞു. ജസ്റ്റിസ് ബി ആര്‍ ഗവായ് തയാറാക്കിയ വിധിയോട് ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യന്‍ എന്നിവര്‍ യോജിച്ചു.

''ഓരോ ചോദ്യങ്ങളിലുമുള്ള എന്റെ വീക്ഷണങ്ങള്‍ ജസ്റ്റിസ് ഗവായിയുടെ പ്രതികരണത്തില്‍നിന്നു വ്യത്യസ്തമാണ്. കേന്ദ്രസര്‍ക്കാരാണു നോട്ട് നിരോധനം ആരംഭിക്കുന്നതെങ്കില്‍, കറന്‍സി, നാണയം, ലീഗല്‍ ടെന്‍ഡര്‍, വിദേശനാണ്യം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ലിസ്റ്റ് ഒന്നിലെ 36-ാം എന്‍ട്രിയില്‍നിന്നാണ് അത്തരം അധികാരം ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍, നിയമം വിഭാവനം ചെയ്യുന്നില്ലെന്നു ജസ്റ്റിസ് ഗവായ് നിര്‍ദേശിച്ച വിധി അംഗീകരിക്കുന്നില്ല,'' ജസ്റ്റിസ് നാഗരത്‌ന കൂട്ടിച്ചേര്‍ത്തു.

Reserve Bank Of India Demonetisation Note

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: