ന്യൂഡല്‍ഹി: 2016 നവംബറില്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി ആര് ഗവായി, എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യന്‍, ബി വി നാഗരത്ന എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. നാല് പേര് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശരിവച്ചപ്പോള്‍ ജസ്റ്റിസ് ബി വി നാഗരത്ന വിയോജിച്ചു.
“കേന്ദ്രം തീരുമാനമെടുക്കുന്നതിന് മുന്‍പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ആലോചിക്കേണ്ടതുണ്ട്. നോട്ടുനിരോധന പ്രഖ്യാപനത്തിന് ആറ് മാസം മുന്‍പ് തന്നെ ചര്‍ച്ചകള്‍ നടന്നതായാണ് രേഖകളില്‍നിന്ന് മനസിലാകുന്നത്. സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ നേടിയോ ഇല്ലയോ എന്നത് പ്രസക്തമല്ല,” ഭൂരിപക്ഷ വിധി വായിച്ചുകൊണ്ട് ജസ്റ്റിസ് ഗവായ് പറഞ്ഞു.
നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു പറഞ്ഞ് നോട്ടുനിരോധനം റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു. നോട്ടുനിരോധനത്തിലൂടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ വിമര്‍ശിക്കാതെയാണ് ജസ്റ്റിസ് നാഗരത്ന നടപടിക്കെതിരായ വിധി പ്രസ്താവിച്ചത്.
500, 1000 രൂപ നോട്ടുകളുടെ മുഴുവൻ സീരീസുകളും നിരോധിച്ചതു ഗൗരവമുള്ള കാര്യമാണെന്നും ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രത്തിനു ഇത് ചെയ്യാൻ കഴിയില്ലെന്നും ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു. ഈ നടപടി സദുദ്ദേശ്യപരവും നന്നായി ചിന്തിച്ചതുമായിരുന്നുവെങ്കിലും, നിയമപരമായ കാരണങ്ങളാൽ തന്നെ ഇതു നിയമവിരുദ്ധമായി പ്രഖ്യാപിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേര്‍ത്തു.
“ആര്‍ബിഐ സമര്‍പ്പിച്ച രേഖകളില്‍ ‘കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചുതുപോലെ’ എന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. ഇത് തെളിയിക്കുന്നത് നോട്ടുനിരോധനത്തില്‍ ആര്‍ബിഐ സ്വന്തമായി അപേക്ഷയൊന്നും നല്‍കിയിട്ടില്ലെന്നതാണ്. മുഴുവന്‍ കാര്യങ്ങളും 24 മണിക്കൂറിനുള്ളില്‍ തന്നെ സംഭവിക്കുകയായിരുന്നു,” ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാണിച്ചു.
“നിര്‍ദേശം മുന്നോട്ടുവച്ചത് കേന്ദ്ര സര്‍ക്കാരാണ്. ആര്‍ബിഐയുടെ അഭിപ്രായം തേടി. ആര്‍ബിഐ ആക്ടിന്റെ സെക്ഷൻ 26(2) പ്രകാരമുള്ള ഒരു ‘ശുപാർശ’ ആയി അത്തരമൊരു അഭിപ്രായത്തെ വ്യാഖ്യാനിക്കാൻ കഴിയില്ല. നോട്ട് നിരോധനത്തിനുള്ള നിർദേശം കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകുമ്പോൾ, അത് സെക്ഷൻ 26(2) ആര്‍ബിഐ നിയമത്തിന് കീഴിലല്ല,” ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
2016 നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിക്കുന്നത്. ഇതിലെ നടപടിക്രമങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള 58 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് എസ് അബ്ദുള്‍ നസീർ നസീര്‍ ജനുവരി നാലിന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്നു വിധി പറഞ്ഞത്. ഡിസംബര്‍ ഏഴിനാണ് കേസിലെ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റിയത്.