/indian-express-malayalam/media/media_files/uploads/2019/11/Currency.jpg)
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ഇന്നു മൂന്നാണ്ട് തികയുമ്പോഴും പ്രതിസന്ധി മാറാതെ നോട്ട് അച്ചടി മേഖല . സെക്യൂരിറ്റി ത്രെഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ സവിശേഷതകള്‍ പുതുക്കുന്നതിലെ കാലതാമസവും ഇവ ഏര്‍പ്പെടുത്തേണ്ടി വരുന്നതു മൂലം നോട്ട് അച്ചടിച്ചെലവ് വര്‍ധിക്കുന്നതും തിരിച്ചടിയാവുകയാണ്.
നിലവിലുള്ള നോട്ടുകളുടെ ശേഖരവും പുതിയ നോട്ടുകളുടെ അച്ചടിയും തമ്മിലുള്ള സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ശ്രമിക്കുന്നുണ്ട്. എന്നാല്‍ നോട്ടുകളില്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതമാകുന്നത് അച്ചടിച്ചെലവ് വര്‍ധിപ്പിക്കുകയാണ്. 2005 ലാണ് അവസാനമായി നോട്ടുകളില്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിച്ചത്.
രാജ്യത്ത് 500, 1,000 രൂപ കറന്‍സി നോട്ടുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ട്
2016 നവംബര്‍ എട്ടിനാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപനം നടത്തിയത്. ഇതിനു പകരമായി കുറച്ചുകാലത്തിനുശേഷം രണ്ടായിരം രൂപയുടെ നോട്ട് ആര്‍ബിഐ അവതരിപ്പിച്ചിരുന്നു.
നോട്ട് നിരോധനത്തിനുശേഷവും അച്ചടി, ബാങ്ക് നോട്ട് പേപ്പര്‍ കരുതല്‍ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുകയാണെന്നു കേന്ദ്ര ധനമന്ത്രാലയത്തിലെ കറന്‍സി ആന്‍ഡ് കോയിന്‍സ് വിഭാഗത്തിന്റെ സ്ട്രാറ്റജിക് പ്ലാനിങ് ഗ്രൂപ്പ് യോഗത്തിന്റെ മിനുറ്റ്‌സ് വ്യക്തമാക്കുന്നു. 2019-20 ലെ ബാങ്ക് നോട്ട് അച്ചടി പദ്ധതി, നാണയങ്ങള്‍ക്കുള്ള ദീര്‍ഘകാല ഇന്‍ഡന്റ്, പുതിയ സുരക്ഷാ സവിശേഷതകള്‍ക്കുള്ള നിര്‍ദേശം എന്നിവ യോഗം അംഗീകരിച്ചിരുന്നു. ജൂണ്‍ മൂന്നിനു ധനകാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
കറന്‍സി നോട്ടുകളില്‍ അച്ചടിക്കേണ്ട പുതിയ സുരക്ഷാ സവിശേഷതകള്‍ അംഗീകരിക്കുന്നതിനുള്ള കാലതാമസമാണു നോട്ട് നിരോധനത്തിന്റെ വീഴ്ചയെന്ന് മിനുറ്റ്‌സ് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ 2015 ല്‍ ധനമന്ത്രി തലത്തില്‍ അതിവേഗം അനുമതി നല്‍കിയിരുന്നു.
''500,1000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതും തുടര്‍ന്ന് 200, 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചതും കാരണം വിവിധ ബാങ്ക് നോട്ടുകളിലെ സുരക്ഷാ സവിശേഷതകള്‍ പുതുക്കേണ്ടതു സംബന്ധിച്ച നിര്‍ദേശം ആര്‍ബിഐയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്,''മിനുറ്റ്‌സ് വ്യക്തമാക്കുന്നു.
Read Also: രണ്ടായിരം രൂപ നോട്ടുകൾ നിരോധിച്ചേക്കാം: സുഭാഷ് ചന്ദ്ര ഗാർഗ്
നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സുരക്ഷാ സവിശേഷതകളുടെ എണ്ണത്തില്‍ മാറ്റം വരുമെന്ന് ഉന്നതതല യോഗത്തില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ''നോട്ട് നിരോധനത്തിനുശേഷം ബാങ്ക് നോട്ടുകളുടെ വലുപ്പവും രൂപകല്‍പ്പനയും മാറിയിട്ടുണ്ടെങ്കിലും സുരക്ഷാ സവിശേഷതകള്‍ അതേപോലെ തുടരുകയാണ്. എല്ലാ ബാങ്ക് നോട്ടുകളുടെയും വലുപ്പത്തില്‍ മാറ്റം വന്നതിനാല്‍ സുരക്ഷാ സവിശേഷതകളില്‍ മാറ്റം വരുത്തും,'' മിനുറ്റ്‌സ് വ്യക്തമാക്കുന്നു.
ചലിക്കുന്ന ചിത്രങ്ങളുള്ള സുരക്ഷാ ത്രെഡ് ആയിരിക്കും നോട്ടുകളിലെ പുതിയ സുരക്ഷാ സവിശേഷത. ഇത് ചെലവേറിയതാണ്. പുതിയ സുരക്ഷാ ത്രെഡ് ഉള്‍പ്പെടുത്തുന്നത് ബാങ്ക് നോട്ട് പേപ്പര്‍ ഉത്പാദനച്ചെലവ് 30 മുതല്‍ 50 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നു ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ബിഎന്‍പിഎംഐപിഎല്‍) മാനേജിങ് ഡയറക്ടര്‍ യോഗത്തെ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.