ന്യൂഡൽഹി: രാജ്യത്ത് 2000 രൂപ നോട്ടുകൾ നിരോധിച്ചേക്കാമെന്ന് കേന്ദ്ര മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ഇക്കാര്യത്തിൽ യാതൊരു പ്രയാസവും നിലനിൽക്കുന്നില്ലെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

2000 രൂപ കറൻസി നോട്ടുകളിൽ നല്ലൊരു ഭാഗം നോട്ടുകളും പൂഴ്ത്തിവച്ചിരിക്കുന്നതിനാൽ യഥാർത്ഥത്തിൽ ഇവ പ്രചാരത്തിലില്ല. അതിനാൽ നിലവിൽ 2000 രൂപ നോട്ട് ഇടപാടുകൾക്കായി ഉപയോഗിക്കുന്നില്ലെന്നും യാതൊരു തടസവുമില്ലാതെ ഇത് നിരോധിക്കാമെന്നും ഗാർഗ് പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുക, സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, റിസർവ് ബാങ്കിനുപകരം സ്വന്തം കടം സർക്കാർ സ്വയം കൈകാര്യം ചെയ്യുക, ബജറ്റിൽപ്പെടാത്ത വായ്പ നിർത്തലാക്കുക, 2,000 രൂപ നോട്ടുകൾ പിൻവലിക്കുക എന്നിവയാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച കുറിപ്പിൽ മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ ചില നിർദേശങ്ങൾ.

കേന്ദ്രസർക്കാരിലെ ഏറ്റവും ഉന്നതമായ ധനമന്ത്രാലയത്തിൽനിന്ന് പ്രാധാന്യം കുറഞ്ഞ ഊർജ മന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റിയതിൽ അതൃപ്‌തനായ സുഭാഷ് ചന്ദ്ര ഗാർഗ് ഒക്ടോബർ 31ന് സ്വയം വിരമിച്ചിരുന്നു. 72 പേജുള്ള കുറിപ്പിലാണ് അദ്ദേഹം കാര്യങ്ങൾ വിശദമാക്കിയത്. ഇന്ത്യയുടെ ധനകാര്യ മാനേജ്മെന്റ് സംവിധാനം ഉപയോഗിക്കുന്ന രീകൾ മികച്ചതും സുസ്ഥിരവുമല്ലെന്ന് അദ്ദേഹം പറയുന്നു.

കടബാധ്യത വർധിക്കുന്നത് “നമ്മുടെ ക്രെഡിറ്റ് റേറ്റിങ്ങിനെ തടസപ്പെടുത്തുന്നതാണ്” എന്നും വരുമാനത്തിന്റെ വലിയൊരു ഭാഗം ഈ കടങ്ങൾ വീട്ടുന്നതിനായി ഉപയോഗിക്കുന്നുവെന്നും ഗാർഗ് പറഞ്ഞു. ബാങ്ക് ഏകീകരണം വായ്പാ വിപുലീകരണത്തെ ബാധിക്കില്ലെന്നും 5-6 വലിയ ഏകീകൃത സ്ഥാപനങ്ങളിലെ (എസ്‌ബി‌ഐ, ബോബ്, മറ്റുള്ളവ) സർക്കാറിന്റെ ഓഹരി പങ്കാളിത്തം “ഒരു ഹോൾഡിങ് കമ്പനിയിലേക്ക് (ഇന്ത്യൻ ബാങ്കിങ്, ഇൻഷുറൻസ് അസറ്റ് കോർപറേഷൻ) മാറ്റണം,” അദ്ദേഹം പറഞ്ഞു.

100 പ്രധാന നയ-ഭരണ പരിഷ്കാരങ്ങളും സമ്പദ്‌വ്യവസ്ഥയിലെയും സാമ്പത്തിക വ്യവസ്ഥയിലെയും നിക്ഷേപത്തെ ഉത്തേജിപ്പിക്കുന്ന നടപടികളുടെ പട്ടികയും ഉൾപ്പെടുത്തിക്കൊണ്ടുള്ള തന്റെ കുറിപ്പിന്റെ ഒരു പകർപ്പ് സർക്കാരിലെ മുതിർന്ന പ്രവർത്തകർക്ക് നൽകിയതായി ഗാർഗ് പറഞ്ഞു.

“ബജറ്റിൽപ്പെടാത്ത വായ്പകൾ, എൻ‌എസ്‌എസ്എഫിൽനിന്ന് വായ്പ നീട്ടിക്കൊണ്ട് ഭക്ഷ്യ സബ്‌സിഡികൾ അടയ്ക്കുക, ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കുന്നത് വഴി വളം സബ്സിഡി മാറ്റിവയ്ക്കുക തുടങ്ങിയവയെല്ലാം നിർത്തലാക്കുകയും ലയിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്,” ഗാർഗ് പറഞ്ഞു.

1983 ബാച്ച് രാജസ്ഥാൻ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് സുഭാഷ് ചന്ദ്ര ഗാർ‌ഗ്. വേൾഡ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്ന അദ്ദേഹം, 2017 ജൂണിലാണ് ഡി.ഇ.എ സെക്രട്ടറിയാകുന്നത്. 2018 ഡിസംബറിൽ ധനകാര്യ സെക്രട്ടറിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook