/indian-express-malayalam/media/media_files/uploads/2021/05/vaccine2.jpg)
ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ഇടവേള വർധിപ്പിച്ചതിൽ വിശദീകരണവുമായി കേന്ദ്രം. വാക്സിന്റെ രണ്ടു ഡോസുകൾ തമ്മിലുളള ഇടവേള വർധിപ്പിക്കാനുളള തീരുമാനമെടുത്തത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ വർധൻ അറിയിച്ചു. ഇതു സംബന്ധിച്ച് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷൻ (എൻടിഎജിഐ) അംഗങ്ങളുടെ ഭാഗത്തുനിന്നും ഒരു എതിർപ്പും ഉയർന്നില്ലെന്നും ആരോഗ്യ മന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.
കോവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കൂട്ടാനുളള തീരുമാനമെടുത്തത് സുതാര്യമായാണ്. ഡാറ്റകൾ വിലയിരുത്തുന്നതിനുള്ള ശക്തമായ സംവിധാനം ഇന്ത്യയിലുണ്ട്. ഇത്തരമൊരു സുപ്രധാന വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് നിർഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. വാക്സിൻ ഡോസുകളുടെ ഇടവേള വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് എൻടിഎജിഐ മേധാവി ഡോ. എൻ.കെ.അറോറയുടെ ശുപാര്‍ശയുടെ പകര്‍പ്പും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുളള ഇടവേള 8 ആഴ്ചയായാൽ ഫലപ്രാപ്തി 65 ശതമാനമാണെന്നും 12 ആഴ്ചയായി വർധിപ്പിക്കുമ്പോൾ ഇത് 88 ശതമാനമാണെന്ന യുകെ ഹെൽത്ത് അതോറിറ്റിയുടെ റിപ്പോർട്ട് അറോറ സർക്കാരിന് കൈമാറിയിരുന്നു.
കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള 6-8 ആഴ്ചയില്‍നിന്ന് 12-16 ആഴ്ചയായാണ് സർക്കാർ വർധിപ്പിച്ചത്. ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വാക്‌സിന്‍ വിദഗ്ധ സമിതി അഭിപ്രായപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എട്ട് മുതല്‍ 12 ആഴ്ച വരെയാണ് സമിതി ശുപാര്‍ശ ചെയ്തത്. പക്ഷേ, സർക്കാർ 12 മുതല്‍ 16 ആഴ്ച വരെയാക്കി വർധിപ്പിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.