scorecardresearch

'1980കളില്‍ ഡിജിറ്റല്‍ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചു'; പരിഹസിക്കപ്പെട്ട് മോദിയുടെ മറ്റൊരു പ്രസ്താവന

1987ല്‍ മാത്രമാണ് നിക്കോണ്‍ തങ്ങളുടെ ആദ്യ ഡിജിറ്റൽ ക്യാമറ വില്‍ക്കുന്നത്

1987ല്‍ മാത്രമാണ് നിക്കോണ്‍ തങ്ങളുടെ ആദ്യ ഡിജിറ്റൽ ക്യാമറ വില്‍ക്കുന്നത്

author-image
WebDesk
New Update
narendra modi നരേന്ദ്രമോദി pakistan പാക്കിസഥാന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്യാമറകളോടുളള പ്രിയം പ്രശസ്തമാണ്. ഇതിന്റെ പേരില്‍ അദ്ദേഹം പല തവണ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ക്യാമറയെ കുറിച്ചുളള അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഡിജിറ്റല്‍ ക്യാമറകളെ കുറിച്ച് പറയുന്നത്. ബാലാകോട്ട് വ്യോമാക്രമണത്തെ കുറിച്ച് അദ്ദേഹം വിവാദ പരാമർശം നടത്തിയതും അതേ അഭിമുഖത്തിലായിരുന്നു.

Advertisment

അഭിമുഖത്തിന്റെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മോദിയുടെ ഗാഡ്ജറ്റ് സ്നേഹത്തെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിക്കുന്നത്. സാങ്കേതിക ഉപകരണങ്ങളുമായുളള തന്റെ ഭ്രമം തുടങ്ങുന്നത് ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിനും മുമ്പാണെന്ന് മോദി പറയുന്നു. ടച്ച് സ്ക്രീനില്‍ ഉപയോഗിക്കുന്ന സ്റ്റിലസ് പെന്‍ താന്‍ 1990കളില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.

കൂടാതെ താന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചത് 1987-88 കാലഘട്ടത്തിലാണെന്നും അദ്ദേഹം പറയുന്നു. 'മറ്റാരെങ്കിലും അന്ന് ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയില്ല, 1987-88ല്‍ ഞാനാണ് ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചത്,' മോദി പറഞ്ഞു. ഇന്ത്യയില്‍ തന്നെ താനാണ് ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചതെന്നാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.

PM Modi Interview to Indian Express:അത് നിങ്ങളുടെ പ്രശ്നമാണ്, ഞാൻ ജനാധിപത്യവിരുദ്ധനല്ല; നരേന്ദ്ര മോദി

Advertisment

അഹമ്മദാബാദിലെ വിരംഗം തെഹ്സിലില്‍ വച്ച് ബിജെപി നേതാവ് എൽ.കെ.അഡ്വാനിയുടെ ചിത്രം പകര്‍ത്തിയതായും ഇത് ഡല്‍ഹിയിലേക്ക് ഇ-മെയിലായി അയച്ചതായും മോദി അവകാശപ്പെട്ടു. 'ആ സമയത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇ-മെയില്‍ ഉണ്ടായിരുന്നുളളൂ. ഡല്‍ഹിയില്‍ അടുത്ത ദിവസം തന്റെ കളര്‍ ചിത്രം കണ്ട അഡ്വാനി അത്ഭുതപ്പെട്ട് പോയി,' മോദി പറഞ്ഞു. ഇതിന് പിന്നാലെ അദ്ദേഹത്തെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്.

1987ല്‍ മാത്രമാണ് നിക്കോണ്‍ തങ്ങളുടെ ആദ്യ ഡിജിറ്റൽ ക്യാമറ വില്‍ക്കുന്നത്. അന്ന് ഇന്ത്യയില്‍ ഈ ക്യാമറയ്ക്ക് ഭീമമായ തുക തന്നെ വിലയായി നല്‍കേണ്ടി വരുമായിരുന്നു. ദാരിദ്ര്യത്തിൽ നിന്നാണ് വളര്‍ന്ന് വന്നതെന്ന് എപ്പോഴും പറയുന്ന മോദിയുടെ പ്രസ്താവനകള്‍ ഈ അവകാശവാദത്തോട് വൈരുധ്യം പുലര്‍ത്തുന്നവയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

കൂടാതെ വിഎസ്എന്‍എല്‍ ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് സേവനം തുടങ്ങിയത് 1995ലാണെന്ന വസ്തുതയും മോദി മറന്നു. 1980കളില്‍ ഇ-മെയിലും ഇന്റര്‍നെറ്റും ഗവേഷണത്തിനും അക്കാദമിക്കല്‍ സ്ഥാപനങ്ങള്‍ക്കും മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇതേ അഭിമുഖത്തില്‍ തന്നെയായിരുന്നു മോദി ബാലാകോട്ട് ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തി പരിഹസിക്കപ്പെട്ടതും.

കാര്‍മേഘമുളള രാത്രി പാക് റഡാറുകള്‍ക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ കണ്ടെത്താനാവില്ലെന്ന് താന്‍ വിദഗ്ധരോട് പറഞ്ഞതായാണ് മോദി വെളിപ്പെടുത്തിയത്. എന്നാല്‍ റഡാറുകള്‍ക്ക് വസ്തുക്കളെ തിരിച്ചറിയാന്‍ മേഘങ്ങള്‍ തടസമല്ലെന്നാണ് വസ്തുത.

PM Modi Interview to Indian Express: നരേന്ദ്ര മോദിയുമായി അഭിമുഖം

'എനിക്ക് ശാസ്ത്രമൊന്നും അറിയില്ല. രാത്രി 9.30 ഓടെ ഞാന്‍ വ്യോമാക്രമണത്തിനുളള കാര്യങ്ങള്‍ അവലോകനം ചെയ്തു. 12 മണിയോടെ വീണ്ടും പരിശോധിച്ചു. കാലാവസ്ഥ പെട്ടെന്ന് മോശമായത് ആയിരുന്നു ഞങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്ന പ്രശ്നം. അന്ന് ഒരുപാട് മഴ പെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. എന്നെ ചീത്ത പറയുന്ന പണ്ഡിതന്മാരൊന്നും ഇത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല (ചിരിച്ച് കൊണ്ട് മോദി പറയുന്നു). ഈ കാലാവസ്ഥയില്‍ എന്തു ചെയ്യും എന്നാണ് ഞങ്ങള്‍ അപ്പോള്‍ ചിന്തിച്ചത്. മേഘങ്ങളുണ്ട്, മഴയുമുണ്ട്. മറ്റൊരു ദിവസം ആക്രമണം നടത്താമെന്നാണ് വിദഗ്‌ധര്‍ പറഞ്ഞത്,' മോദി പറയുന്നു. വ്യോമസേന ഉന്നതന്റെ നിര്‍ദേശം മറികടന്നുവെന്നാണ് മോദി ഈ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ബാലാകോട്ട് ആക്രമണം മോദിയുടെ നിക്ഷിപ്ത താത്പര്യത്തില്‍ നിന്നും ഉണ്ടായതാണ്. അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തെ തിരുത്താന്‍ കാബിനറ്റിലോ ഭരണതലത്തിലോ ആളുകളുണ്ടായില്ലെന്നത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

'എന്റെ മനസില്‍ അപ്പോള്‍ രണ്ട് കാര്യങ്ങളാണ് ആശങ്കപ്പെടുത്തിയത്. ഒന്ന് ഇതിന്റെ രഹസ്യസ്വഭാവം, മറ്റൊന്ന് എനിക്ക് ഈ ശാസ്ത്രമൊന്നും അറിയില്ല എന്ന കാര്യവും. പക്ഷെ ഞാന്‍ ചിന്തിച്ചത് മറ്റൊന്നാണ്. അന്ന് മേഘങ്ങളും മഴയും ഉണ്ടായിരുന്നു. അതുകൊണ്ട് നമുക്ക് റഡാറില്‍ നിന്നും രക്ഷപ്പെടാമെന്നാണ് ഞാന്‍ ചിന്തിച്ചത്. എല്ലാവരും ആശയക്കുഴപ്പത്തില്‍ ആയിരുന്ന സമയം ഞാന്‍ പറഞ്ഞു...മേഘങ്ങളുണ്ട്, ഓപ്പറേഷനുമായി മുന്നോട്ട് പോകൂ, അങ്ങനെ അവര്‍ ആരംഭിച്ചു,' മോദി പറയുന്നു.

Camera Bjp Social Media Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: