/indian-express-malayalam/media/media_files/uploads/2021/04/Indore-police-assault.jpg)
ഭോപ്പാല്‍: മാസ്‌ക് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് തലിച്ചതച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണു സംഭവം. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതോടെ പര്‍ദേശിപുര്‍ സ്‌റ്റേഷനിലെ രണ്ടു പൊലീസ് കോൺസ്റ്റബിൾമാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.
ഓട്ടോ ഡ്രൈവറായ കൃഷ്ണ കുഞ്ചിറിനാണു മര്‍ദനമേറ്റത്. ഇദ്ദേഹത്തെ പൊലീസുകാര്‍ ബലമായി സ്‌റ്റേഷനിലേക്കു കൊണ്ടുപോന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം.
മാല്‍വ മില്‍ ഗേറ്റില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ എന്തുകൊണ്ടാണ് മാസ്‌ക് ശരിയായി ധരിക്കാത്തതെന്ന് ചോദിക്കാന്‍ കൃഷ്ണകുഞ്ചിനെ തടയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മാസ്‌ക് മൂക്കിനു താഴെയായിരുന്നു. രോഗിയായ പിതാവിനെ കാണാന്‍ താന്‍ ആശുപത്രിയിലേക്ക് പോവുകയാണെന്ന് കൃഷ്ണ വിശദീകരിച്ചെങ്കിലും അദ്ദേഹത്തോട് സ്റ്റേഷനിലേക്കു വരാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു. ഇതിനു കൃഷ്ണ വിസമ്മതിച്ചതോടെ അദ്ദേഹത്തെ പൊലീസുകാര്‍ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു.
Als0 Read: കോവിഡ് രണ്ടാം തരംഗം: അടുത്ത നാലാഴ്ച നിർണായകമെന്ന് കേന്ദ്രം, മഹാരാഷ്ട്രയിൽ വാക്സിൻ ക്ഷാമം
സംഭവസമയത്ത് കൃഷ്ണയോടൊപ്പമുണ്ടായിരുന്ന മകന്‍ അച്ഛനെ മര്‍ദിക്കരുതെന്ന് അപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു പിടികൂടിയപ്പോള്‍ കൃഷ്ണ ആക്രമിച്ചുവെന്നാണു പൊലീസിന്റെ ആരോപണം.
അതേസമയം, പൊലീസുകാരുടെ നടപടിയെ അംഗീകരിക്കുന്നില്ലെങ്കിലും സ്ഥിതിഗതികളോടുള്ള അവരുടെ പ്രതികരണം പ്രകോപനത്തെ തുടർന്നാണെന്ന് ഇന്‍ഡോര്‍ ഈസ്റ്റ് എസ്പി ആശിഷ് ബാഗ്രി പറഞ്ഞു. ''പൊലീസുകാര്‍ തടഞ്ഞപ്പോള്‍ ഓട്ടോ ഡ്രൈവര്‍ അവരുടെ കോളറില്‍ പിടിക്കുകയും അവരിലൊരാളെ അടിക്കുകയും ചെയ്തു. ഇയാളെ തുടര്‍നടപടികള്‍ക്കായി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു,'' ബാഗ്രി പറഞ്ഞു.
പൊലീസുകാര്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ആദ്യ ഭാഗം വീഡിയോയില്‍ പകര്‍ത്തിയിട്ടില്ല, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് എഡിറ്റ് ചെയ്തതായി ബാഗ്രി പറഞ്ഞു. കൃഷ്ണയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പാര്‍ക്ക് ചെയ്ത വാഹനങ്ങളിൽ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കുന്നത് മറ്റൊരു സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.