/indian-express-malayalam/media/media_files/uploads/2020/08/vaccine-2.jpg)
Covid-19 Vaccine tracker: ന്യൂഡൽഹി: ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ നിർമിച്ച റഷ്യയിലെ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ‌്യൂട്ടുമായി ചർച്ച നടത്തി ഇന്ത്യ. ഇൻസ്റ്റിറ്റ‌്യൂട്ടുമായി മോസ്കോയിലെ ഇന്ത്യൻ എംബസി ചർച്ച നടത്തിയതായി സർക്കാർ വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
മോസ്കോ ആസ്ഥാനമായുള്ള ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത സ്പുട്‌നിക്-അഞ്ച് വാക്സിന് റഷ്യൻ റെഗുലേറ്റർമാർ കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ പെൺമക്കളിൽ ഒരാൾ ഇതിനകം കുത്തിവയ്പ് നടത്തിയതായി പ്രഖ്യാപിച്ചിരുന്നു. പൊതു ഉപയോഗത്തിനായി അംഗീകരിക്കപ്പെട്ട ആദ്യ വാക്സിനാണ് ഇത്.
"മോസ്കോയിലെ എംബസി വഴി ഇന്ത്യൻ മിഷൻ ആശയവിനിമയം നടത്തിയിട്ടുണ്ട്. കോവിഡ് -19 നുള്ള ഈ വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഞങ്ങൾ കാത്തിരിക്കുകയാണ്,” വൃത്തങ്ങൾ പറഞ്ഞു.
Read More: കോവിഡ് വാക്സിൻ ആദ്യ ബാച്ച് തയ്യാറെന്ന് റഷ്യ; ഓഗസ്റ്റ് അവസാനം പുറത്തിറക്കും
അതേ സമയം, വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ചില പാശ്ചാത്യ വിദഗ്ദ്ധര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. മനുഷ്യരിൽ നടത്തേണ്ട മൂന്നാം ഘട്ട പരീക്ഷണം നടത്താതെയാണ് വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത് എന്നതാണ് ഇതിന് കാരണം. പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വളരെ വേഗത്തിലാണ് നടന്നത്. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ പ്രക്രിയയും പൂർത്തിയായി. സാധാരണ വാക്സിനുകൾ ഈ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ നിരവധി മാസങ്ങളോ വർഷങ്ങളോ തന്നെ എടുക്കാറുണ്ട്.
പുടിൻ പറയുന്നതനുസരിച്ച്, വാക്‌സിനുശേഷമുള്ള ആദ്യ ദിവസം മകളുടെ ശരീര താപനില ഉയർന്നെങ്കിലും പിന്നീട് അവസ്ഥ സാധാരണ നിലയിലായി. കൊറോണ വൈറസിൽ നിന്നുള്ള പ്രതിരോധശേഷിക്ക് ആവശ്യമായ അളവിൽ ആന്റിബോഡികൾ ലഭിച്ചു. വാക്‌സിനുകളുടെ സുരക്ഷയെയും ഫലപ്രാപ്‌തിയെയും കുറിച്ച് യാതൊരു സംശയവുമില്ലെന്ന് പുടിൻ അവകാശപ്പെട്ടിരുന്നു.
വാക്സിനിലെ ആദ്യ രണ്ട് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഓഗസ്റ്റ് ഒന്നിന് പൂർത്തിയായതായും “അടിയന്തര നിയമങ്ങൾ” പ്രകാരം വാക്സിന് ഓഗസ്റ്റ് 11 ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതായും റഷ്യൻ സോവറിൻ വെൽത്ത് ഫണ്ട് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർഡിഎഫ്) നടത്തുന്ന ഔദ്യോഗിക സ്പുട്‌നിക് വി വെബ്‌സൈറ്റ് പറയുന്നു.
“നിരവധി പശ്ചിമേഷ്യൻ (യുഎഇ, സൗദി അറേബ്യ), ലാറ്റിൻ അമേരിക്കൻ (ബ്രസീൽ, മെക്സിക്കോ) രാജ്യങ്ങളിലെ റഷ്യയിൽ താമസിക്കുന്ന രണ്ടായിരത്തോളം ആളുകളിൽ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ” ഓഗസ്റ്റ് 12 ന് ആരംഭിക്കുമെന്നായിരുന്നു വെബ്‌സൈറ്റിൽ പറഞ്ഞിരുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളുടെയും ക്ലിനിക്കൽ പരീക്ഷണ ഫലങ്ങൾ ഗമാലേയ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
Read in English: Embassy in Moscow in touch with developer of Sputnik V
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.