ന്യൂഡൽഹി: ലോകത്ത് ആദ്യം രജിസ്റ്റർചെയ്ത റഷ്യയുടെ കോവിഡ്-19 വാക്സിൻ ആദ്യ ബാച്ചിന്റെ നിർമാണം പൂർത്തിയായതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂ ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് അംഗീകാരം നൽകിയതായി ഓഗസ്റ്റ് 11ന് റഷ്യ അറിയിച്ചിരുന്നു. പൊതു ഉപയോഗത്തിനായി അംഗീകരിച്ച ആദ്യത്തെ കൊറോണ വൈറസ് വാക്സിൻ ആണിത്.
ഈ മാസം അവസാനത്തോടെ റഷ്യ വാക്സിൻ പുറത്തിറക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബറോടെ വാക്സിൻ ലഭ്യമാക്കുകയും ഒക്ടോബറോടെ കുത്തിവയ്പ്പുകൾ ആരംഭിക്കുകയും ചെയ്യുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.
Read More: Covid Vaccine Explained: റഷ്യയുടെ കോവിഡ് വാക്സിൻ വാദം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നു?
അതേ സമയം ചില വിദഗ്ദ്ധര്‍ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മനുഷ്യരിൽ നടത്തേണ്ട മൂന്നാം ഘട്ട പരീക്ഷണം നടത്താതെയാണ് വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത് എന്നതാണ് ഇതിന് കാരണം.
പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വളരെ വേഗത്തിലാണ് നടന്നത്. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ പ്രക്രിയയും പൂർത്തിയായി. സാധാരണ വാക്സിനുകൾ ഈ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ നിരവധി മാസങ്ങളോ വർഷങ്ങളോ തന്നെ എടുക്കാറുണ്ട്.
ക്രെംലിനിൽ നടന്ന യോഗത്തിലാണ് വാക്സിന് അംഗീകാരം നൽകിയ വിവരം പുടിൻ അറിയിച്ചത്. വാക്സിന്റെ ഫലപ്രാപ്തി പുടിന്റെ പെൺമക്കളിൽ ഒരാളിൽ പരീക്ഷിച്ചു. പുടിൻ പറയുന്നതനുസരിച്ച്, വാക്സിനുശേഷം ആദ്യ ദിവസം പെൺകുട്ടിയുടെ ശരീര താപനില ഉയർന്നെങ്കിലും പിന്നീട് അവസ്ഥ സാധാരണ നിലയിലായി. കൊറോണ വൈറസിൽ നിന്നുള്ള പ്രതിരോധശേഷിക്ക് ആവശ്യമായ അളവിൽ ആന്റിബോഡികൾ ലഭിച്ചു. വാക്സിനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് യാതൊരു സംശയവുമില്ലെന്ന് പുടിൻ അവകാശപ്പെട്ടിരുന്നു.
“റഷ്യ പലതവണ വാക്സിനുകൾ ഉപയോഗിച്ച് ലോകത്തെ രക്ഷിച്ചു- കോളറ, പോളിയോ, ഡിഫ്തീരിയ, ഹൂപ്പിംഗ് ചുമ, മീസിൽസ്, മറ്റ് അപകടകരമായ രോഗങ്ങൾ എന്നിവയ്ക്കെതിരായ വാക്സിനുകൾ കണ്ടുപിടിച്ചത് റഷ്യയിലാണ്. അതേസമയം, വാക്സിൻ ഇത്രയും നേരത്തെ പുറത്തിറക്കരുതെന്ന് വിദേശ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ റഷ്യയോട് ആവശ്യപ്പെട്ടു. ഇവർക്ക് കച്ചവടം മാത്രമാണ് പ്രധാനമെന്ന് തോന്നുന്നു. വാക്സിൻ മൽസരത്തിൽ റഷ്യ വിജയിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ റഷ്യ പണത്തെ കുറിച്ച് ആലോചിക്കുന്നില്ല. റഷ്യക്കാർക്ക് കോവിഡ് പ്രതിരോധ മരുന്ന് കുത്തിവയ്പ്പ് പൂർണമായും സൗജന്യമായിരിക്കും,” പുടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എന്നാൽ കോവിഡ് വാക്സിൻ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ വാക്സിനുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ വേണമെന്നും തിരക്കുപിടിച്ച് ഒന്നും ചെയ്യരുതെന്നും ലോകാരോഗ്യസംഘടന നിർദേശിച്ചിരുന്നു. ലോകാരോഗ്യസംഘടനയുടെ നിയമങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ പുറത്തിറക്കുന്ന വാക്സിന് സ്പുട്ടിനിക്-അഞ്ച് (Sputnik-V) എന്നാണ് പേര്.
Read in English: Covid vaccine tracker, August 17: First batch of Russian vaccine ready, roll out from August-end, says report