scorecardresearch

ഇന്ത്യയിലെ കോവിഡ് വ്യാപനം 'എൻഡെമിക്' ഘട്ടത്തിലേക്ക്; മൂന്നാം തരംഗം പ്രവചിക്കാൻ കഴിയില്ല: സൗമ്യ സ്വാമിനാഥൻ

"കുട്ടികളിൽ കോവിഡ് വ്യാപിക്കുന്നതിനെക്കുറിച്ച്, മാതാപിതാക്കൾ പരിഭ്രാന്തരാകേണ്ടതില്ല, എന്നാൽ അതിനെതിരെ മുൻകരുതലെടുക്കുന്നത് നല്ലതാണ്," സൗമ്യ സ്വാമിനാഥൻ പറഞ്ഞു

"കുട്ടികളിൽ കോവിഡ് വ്യാപിക്കുന്നതിനെക്കുറിച്ച്, മാതാപിതാക്കൾ പരിഭ്രാന്തരാകേണ്ടതില്ല, എന്നാൽ അതിനെതിരെ മുൻകരുതലെടുക്കുന്നത് നല്ലതാണ്," സൗമ്യ സ്വാമിനാഥൻ പറഞ്ഞു

author-image
WebDesk
New Update
Covid, Omicron, India Covid

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം പ്രാദേശികമായി നിലനിൽക്കുന്ന തരത്തിലുള്ള എൻഡെമിക് എന്ന അവസ്ഥയിലെത്തുന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയിൽ ശാസ്ത്രജ്ഞയായ ഡോക്ടർ സൗമ്യ സ്വാമിനാഥൻ. കുറഞ്ഞ തരത്തിലോ മിതമായ നിരക്കിലോ ആയിരിക്കും ഈ അവസ്ഥയിൽ രോഗം വ്യാപിക്കുകയെന്നും അവർ പറഞ്ഞു.

Advertisment

ഒരു ജനസംഖ്യ ഒരു വൈറസിനൊപ്പം ജീവിക്കാൻ പഠിക്കുമ്പോഴാണ് എൻഡെമിക് ഘട്ടം. വൈറസ് ഒരു ജനസംഖ്യയെ കീഴടക്കുന്നത് എൻഡെമിക് ഘട്ടത്തിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നും അവർ പറഞ്ഞു.

കോവാക്സിന് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ തുടരുന്നുണ്ടെന്നും അവർ പറഞ്ഞു. ഡബ്ല്യുഎച്ച്ഒയുടെ സാങ്കേതിക സംഘം അതിന്റെ അംഗീകൃത വാക്സിനുകളിലൊന്നായി കോവാക്സിന് അംഗീകാരം നൽകുന്നതിൽ സംതൃപ്തരാണെന്നും അത് സെപ്റ്റംബർ പകുതിയോടെ സംഭവിക്കുമെന്നും വിശ്വസിക്കുന്നതായി അവർ പറഞ്ഞു.

വാർത്താ വെബ്‌സൈറ്റായ ദി വയറിനായി പത്രപ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

Advertisment

Read More: വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ കോവിഡ് പരിശോധന വ്യാപകമാക്കും: മുഖ്യമന്ത്രി

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ജനസംഖ്യയുടെ വൈവിധ്യവും പ്രതിരോധശേഷി നിലയും കണക്കിലെടുക്കുമ്പോൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർച്ച താഴ്ചകളോടെ സ്ഥിതിഗതികൾ ഇതുപോലെ തുടരുന്നതിന് വളരെ സാധ്യതയുണ്ടെന്ന് സ്വാമിനാഥൻ പറഞ്ഞു.

"കുറഞ്ഞ നിലയിൽ അല്ലെങ്കിൽ മിതമായ നിലയിൽ രോഗവ്യാപനം നടക്കുന്ന ഒരുതരം പ്രാദേശിക അവസ്ഥയിലേക്ക് നമ്മൾ പ്രവേശിച്ചേക്കാം, പക്ഷേ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞങ്ങൾ കണ്ട വലിയ കുതിച്ചുചാട്ടം നമ്മൾ കാണില്ല," സ്വാമിനാഥൻ പറഞ്ഞു.

2022 അവസാനത്തോടെ വാക്സിൻ കവറേജ് 70 ശതമാനം നേടിയ അവസ്ഥയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് രാജ്യങ്ങൾക്ക് സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയുമെന്നും അവർ പറഞ്ഞു.

കുട്ടികളിൽ കോവിഡ് വ്യാപിക്കുന്നതിനെക്കുറിച്ച്, മാതാപിതാക്കൾ പരിഭ്രാന്തരാകേണ്ടതില്ല എന്നാണ് സൗമ്യ സ്വാമിനാഥൻ പറഞ്ഞത്. എന്നാൽ അതിനെതിരെ മുൻകരുതലെടുക്കുന്നത് നല്ലതാണെന്നും അവർ പറഞ്ഞു.

"സീറോ സർവേയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് നമ്മൾ പഠിച്ചതും പ്രകാരം കുട്ടികൾക്ക് രോഗം പിടിപെടാനും പകരാനും സാധ്യതയുണ്ടെങ്കിലും അവർക്ക് നേരിയ അസുഖം മാത്രമായിരിക്കും വരുന്നത്. കുറഞ്ഞ ശതമാനത്തിന് മാത്രമാണ് ഗുരുതരമാവാറ്. എന്നാൽ അത് മുതിർന്നവരുടെ ജനസംഖ്യയിലേതിനേക്കാൾ വളരെ കുറവാണ് ... എന്നാൽ അതിനെതിരെ മുൻകരുതലെടുക്കുന്നത് നല്ലതാണ് ... കുട്ടികളുടെ പ്രവേശനത്തിനായി ആശുപത്രികൾ തയ്യാറാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാം. പക്ഷേ ആയിരക്കണക്കിന് കുട്ടികൾ ഐസിയുവിൽ തിങ്ങിനിറയുന്ന സാഹചര്യമുണ്ടാവുമോ എന്നോർത്ത് പരിഭ്രാന്തരാകേണ്ടതില്ല, ”അവർ പറഞ്ഞു.

കോവാക്സിന് അംഗീകാരം നൽകുന്നതിൽ സെപ്റ്റംബർ പകുതിയോടെ തീരുമാനമെടുക്കാമെന്നും അവർ പറഞ്ഞു.

Read More: രാജ്യത്തിന്റെ ആദ്യ എംആർഎൻഎ വാക്സിൻ സുരക്ഷിതം; രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾക്ക് അംഗീകാരം നൽകി ഡിസിജിഐ

"ഭാരത് ബയോടെക് അവരുടെ ഡാറ്റ സമർപ്പിച്ചത് ജൂലൈ മൂന്നാം വാരത്തിൽ ആയിരുന്നു, അത് ആദ്യത്തെ ഡാറ്റ സെറ്റ് ആയിരുന്നു, പിന്നീട് ആഗസ്റ്റ് പകുതിയോടെ ഒരു അപ്ഡേറ്റ് ചെയ്ത ഡാറ്റ സെറ്റ് വന്നു. ആത്യന്തികമായി അംഗീകരിക്കുന്ന സാങ്കേതിക ഉപദേശക സംഘം സെപ്റ്റംബറിലെ ആദ്യ 10 ദിവസങ്ങളിൽ വരുമെന്ന് ഞാൻ കരുതുന്നു, അതിനാൽ അത് ഉടൻ സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”അവർ പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം പ്രവചിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

"മൂന്നാമത്തെ തരംഗം എപ്പോൾ, എവിടെയായിരിക്കുമെന്നും, മൂന്നാമത്തെ തരംഗം എപ്പോൾ വരുമെന്നും പ്രവചിക്കാൻ അസാധ്യമാണ്. എന്നിരുന്നാലും,രോഗവ്യാപനത്തിൽ സ്വാധീനം ചെലുത്തുന്ന ചില ഘടകങ്ങളെക്കുറിച്ച് ചില ഊഹങ്ങളിലെത്താൻ സാധിക്കും, ”അവർ പറഞ്ഞു.

അന്താരാഷ്ട്രയാത്രകൾക്ക് വാക്സിനേഷൻ ഒരു നിബന്ധനയായിരിക്കണമെന്ന് കരുതുന്നില്ലെന്നും അവർ പറഞ്ഞു. “യാത്ര പോലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് കുറഞ്ഞത് ആഗോള തലത്തിൽ വാക്സിനേഷൻ ഒരു മുൻവ്യവസ്ഥയായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, കാരണം എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ അവസരം ലഭിച്ചിട്ടില്ല. കാരണം വാക്സിൻ ലഭ്യതയിൽ വളരെയധികം അസമത്വമുണ്ട്. പ്രതിരോധ കുത്തിവയ്പ്പു സംബന്ധിച്ച് ആദ്യം വേണ്ടത് അസമത്വത്തിൽ നിന്ന് മുക്തി നേടുക എന്നതാണ്," അവർ പറഞ്ഞു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: