scorecardresearch

കുട്ടികളിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ഭയപ്പെടേണ്ടതില്ല, ജാഗ്രത വേണമെന്ന് വിദഗ്ധർ

മൊത്തം സജീവ കോവിഡ് കേസുകളിൽ 1-10 വയസ് പ്രായമുള്ള കുട്ടികളുടെ വിഹിതം ഈ വർഷം മാർച്ചിൽ 2.80 ശതമാനമായിരുന്നത് ഓഗസ്റ്റിൽ 7.04 ശതമാനമായതായി ഡാറ്റ കാണിക്കുന്നു

മൊത്തം സജീവ കോവിഡ് കേസുകളിൽ 1-10 വയസ് പ്രായമുള്ള കുട്ടികളുടെ വിഹിതം ഈ വർഷം മാർച്ചിൽ 2.80 ശതമാനമായിരുന്നത് ഓഗസ്റ്റിൽ 7.04 ശതമാനമായതായി ഡാറ്റ കാണിക്കുന്നു

author-image
WebDesk
New Update
കുട്ടികളിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ഭയപ്പെടേണ്ടതില്ല, ജാഗ്രത വേണമെന്ന് വിദഗ്ധർ

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം അവസാനിക്കുമ്പോഴും കുട്ടികളിലെ കോവിഡ് കേസുകൾ വർധിക്കുന്നതായി കണ്ടെത്തൽ. മാർച്ച് മുതൽ പത്തു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ കോവിഡ് ബാധിക്കുന്നതിൽ സ്ഥിരമായ വർധനവ് ഉണ്ടായതായി എംപവേർഡ് ഗ്രൂപ്പ് -1 (ഇജി -1) ന്റെ ഡാറ്റ. രാജ്യത്തിന്റെ കോവിഡ് അടിയന്തിര തന്ത്രം രൂപീകരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന സംഘമാണ് എംപവേർഡ് ഗ്രൂപ്പ്.

Advertisment

മൊത്തം സജീവ കോവിഡ് കേസുകളിൽ 1-10 വയസ് പ്രായമുള്ള കുട്ടികളുടെ വിഹിതം ഈ വർഷം മാർച്ചിൽ 2.80 ശതമാനമായിരുന്നത് ഓഗസ്റ്റിൽ 7.04 ശതമാനമായതായി ഡാറ്റ കാണിക്കുന്നു. അതായത്, ഓരോ 100 സജീവ കോവിഡ് കേസുകളിലും ഏഴോളം പേർ കുട്ടികളാണ്.

കുട്ടികളിലെ കേസുകളുടെ നാമമാത്രമായ മാറ്റം “നാടകീയമായത്” എന്ന് വിളിക്കാനാവില്ലെന്നും ഒന്ന് മുതൽ 10 വയസ് വരെയുള്ളവരിൽ കോവിഡ് കേസുകൾ വർധിക്കുന്നത് മുതിർന്നവരെ വൈറസ് ബാധിക്കുന്നത് കുറയുന്നതിന്റെ ഫലമായിരിക്കാം എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

നിതി ആയോഗ് അംഗം വി കെ പോളിന്റെ നേതൃത്വത്തിലുള്ള ഇജി -1 ന്റെ യോഗത്തിലാണ് ഡാറ്റ അവതരിപ്പിച്ചത്. ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Advertisment

മാർച്ചിന് മുമ്പ്, 2020 ജൂൺ മുതൽ 2021 ഫെബ്രുവരി വരെയുള്ള ഒൻപത് മാസങ്ങളിൽ ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികളിൽ പോസിറ്റീവായവർ മൊത്തം സജീവ കേസുകളുടെ 2.72 ശതമാനം മുതൽ 3.59 ശതമാനം വരെ ആയിരുന്നു.

ഡാറ്റ ലഭ്യമായ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഓഗസ്റ്റ് മാസത്തിൽ കുട്ടികളിൽ കൂടുതൽ കോവിഡ് കേസുകൾ കണ്ടത് മിസോറാമിൽ ആണ്. (മൊത്തം സജീവ കേസുകളുടെ 16.48%) ഏറ്റവും കുറവ് കേസുകൾ ഡൽഹിയിൽ (2.25%) ആയിരുന്നു. മിസോറാം (16.48%), മേഘാലയ (9.35%), മണിപ്പൂർ (8.74%), കേരളം (8.62%), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (8.2%), സിക്കിം (8.02%), ദാദ്ര, നഗർ ഹവേലി (7.69%) കൂടാതെ അരുണാചൽ പ്രദേശ് (7.38%) തുടങ്ങിയ ഇടങ്ങളിലെ കുട്ടികളിലെ കോവിഡ് കേസുകളുടെ ദേശീയ അനുപാതമായ 7.04 ശതമാനം എന്നതിനേക്കാൾ ഉയർന്ന അനുപാതം രേഖപ്പെടുത്തി.

ഓഗസ്റ്റിലെ ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ അനുപാതം രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ പുതുച്ചേരി (6.95%), ഗോവ (6.86%), നാഗാലാൻഡ് (5.48%), അസം (5.04%), കർണാടക (4.59%), ആന്ധ്രാപ്രദേശ് (4.53%) , ഒഡീഷ (4.18%), മഹാരാഷ്ട്ര (4.08%), ത്രിപുര (3.54%), ഡൽഹി (2.25%) എന്നിവയാണ്.

publive-image

കോവിഡ് -19 ന്റെ മൂന്നാം തരംഗം അനിവാര്യമാണെന്ന് വിദഗ്ധർ സൂചിപ്പിച്ചിട്ടുള്ളതിനാൽ എംപവേർഡ് ഗ്രൂപ്പിന്റെ ഡാറ്റ പ്രാധാന്യമർഹിക്കുന്നതാണ്.

കുട്ടികൾക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും നൽകിയിട്ടില്ല, എന്നാൽ വൈറസുമായി കൂടുതൽ സമ്പർക്കത്തിൽ വരുന്നതും പരിശോധനകൾ കൂട്ടിയതും ആകാം കാരണമാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

"കുട്ടികളുടെ ആശുപത്രി പ്രവേശനം മുമ്പത്തേതിനേക്കാൾ കൂടുതലാണ്. ഇത് പ്രധാനമായും രണ്ട് കാരണങ്ങളാലാകാം. ആദ്യത്തേത്, കൂടുതൽ അവബോധവും ജാഗ്രതയും ഉണ്ടായിട്ടുണ്ടാകും; രണ്ടാമതായി, കുട്ടികളെ ബാധിക്കുന്നത് ആനുപാതികമായി വർദ്ധിച്ചിരിക്കാം," മറ്റൊരാൾ പറഞ്ഞു. "സീറോ സർവേകൾ നോക്കുകയാണെങ്കിൽ, കുട്ടികളിൽ പോസിറ്റിവിറ്റി നിരക്ക് 57-58 ശതമാനമാണ്. ഇത് വലിയ തോതിൽ കുട്ടികൾ പകർച്ചവ്യാധിയുടെ ഭാഗമാണെന്നും എല്ലായ്പ്പോഴും പകർച്ചവ്യാധിയുടെ ഭാഗമായിരുന്നുവെന്നും കാണിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: കോവിഡ്: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഗോവയിലും നിയന്ത്രണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തിയ നാലാമത്തെയും അവസാനത്തെയും ദേശീയ സർവ്വേ കാണിക്കുന്നത് ആറ് മുതൽ ഒമ്പത് വയസുവരെയുള്ള കുട്ടികളിൽ രോഗ വ്യാപനം 57.2 ശതമാനവും 10 മുതൽ 17 വരെയുള്ളവരിൽ 61.6 ശതമാനവും ആണെന്നാണ്. ഇത് ആകെ ജനസംഖ്യയുടെ 67.6 ശതമാനത്തേക്കാൾ കുറവാണ്.

അതേസമയം കുട്ടികളിൽ മുതിർന്നവരെ പോലെ രോഗം ഗുരുതരമാകുന്നില്ലന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ടങ്കിലും കേരളത്തിൽ നിന്നും പഠിച്ച മുന്നൊരുക്കങ്ങളും പാഠങ്ങളും കാരണം മരണനിരക്ക് കുറക്കാൻ സാധിച്ചിട്ടുണ്ട് എന്ന് അവർ പറഞ്ഞു.

കുട്ടികളിലെ കോവിഡ് തടയുന്നതിനുള്ള നടപടികളെകുറിച്ച് ചോദിച്ചപ്പോൾ, ബയോളജിക്കൽ ഇ വാക്സിൻ പോലുള്ള വാക്സിനുകൾ അനുമതി ലഭിക്കാനായി ഇരിക്കുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

കോവിഡ് -19 ന്റെ രണ്ടാം തരംഗം ഈ വർഷം മാർച്ചിലാണ് ആരംഭിച്ചത്. മെയ് ആദ്യ വാരത്തിൽ ദേശീയ തലത്തിൽ കേസുകളുടെ എണ്ണം 4.14 ലക്ഷത്തിലെത്തുകയും ചെയ്തിരുന്നു. അതിനുശേഷം, രണ്ടാം തരംഗം പതിയെ അസ്തമിച്ചു. തിങ്കളാഴ്ച, രാജ്യത്ത് 27,254 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്, സജീവ കേസുകളുടെ എണ്ണം 3,74,269 ആണ്.

നേരത്തെ കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന ആശങ്ക കണക്കിലെടുത്ത് അഞ്ച് ശതമാനം ഐസിയു കിടക്കകളും നാല് ശതമാനം ഐസിയു ഇതര ഓക്സിജൻ കിടക്കകളും പീഡിയാട്രിക് വിഭാഗത്തിലേക്ക് നീക്കിവയ്ക്കണമെന്ന് ഇജി -1 നിർദ്ദേശിച്ചിരുന്നു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: