/indian-express-malayalam/media/media_files/uploads/2021/05/covid-19-vaccine-manifacturing-logistics-supply-bottlenecks-covishield-covaxin-497035-fi.jpeg)
ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള കോവിഡ് -19 വാക്സിന്‍ വിതരണം ഒരു പരിധി വരെ ഏകീകരിക്കപ്പെട്ട്, ലഭ്യതയില്‍നേരിടുന്ന പ്രതിസന്ധികളെ ഒരു വിധമൊക്കെ മറികടന്നു നടന്നു വരികയായിരുന്നു. എന്നാല്‍ മേയ് ഒന്ന് മുതൽ വാക്സിൻ സംഭരണം വികേന്ദ്രീകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വിതരണ ശൃംഖലയിൽ പുതിയ തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
വാക്സിന്‍ വിതരണത്തിന്റെ ആസൂത്രണത്തിലും തുടര്‍ന്നുള്ള ശൃംഖലയിലും നേരിടുന്ന പ്രധാന വെല്ലുവിളികള്‍ രണ്ടാണെന്ന് ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി-സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള വിവരം. ഒന്ന്, മുമ്പത്തെ സംയോജിത സംഭരണ വിതരണ മാതൃകയുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള തോതിന്റെ അഭാവം, രണ്ട്, വിവിധ സംസ്ഥാനങ്ങളിലെ വിതരണ ശൃംഖലകള്‍ഉള്‍പ്പെടുന്ന സംഭരണകേന്ദ്രങ്ങള്‍ നേരിടുന്ന തടസ്സങ്ങൾ.
അത്ര എളുപ്പത്തില്‍ ലഭ്യമല്ലാത്ത വാക്സിന്‍ വാങ്ങലും തുടര്‍ന്നുള്ള 'ലോജിസ്റ്റിക്സും' സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യപരിരക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റുകളും ഇപ്പോള്‍ നേരിട്ടും ഒറ്റക്കും കൈകാര്യം ചെയ്യേണ്ടി വരുന്നുവെന്നതാണ് പ്രസക്തമായ കാര്യം. കോവിഡ്-19 വാക്സിന്‍ഉത്പാദനം മുതല്‍ ജനങ്ങളിലേക്ക് എത്തുന്നതു വരെയുള്ള പാതയില്‍ ഇപ്പോള്‍ പുതിയ തടസങ്ങള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അത് ആളുകളിലേക്ക് എത്താന്‍ വൈകുകയും, വാക്സിന്റെ വില അധികരിക്കുകയും ചെയ്യുന്നു.
മേയ് ഒന്നിനു മുമ്പുള്ള വാക്‌സിന്‍ വിതരണം സര്‍ക്കാരിന്റെ സാര്‍വത്രിക രോഗപ്രതിരോധ പദ്ധതിയുടെ (യുഐപി) അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തിയാണ് നടത്തിയത്. നിര്‍ദേശിക്കപ്പെട്ട താപനിലയില്‍ വാക്‌സിനുകള്‍ സംഭരിക്കുന്നതിന് രാജ്യത്തുടനീളം അതിന്റെ 29,000 കോള്‍ഡ് ചെയിന്‍ കേന്ദ്രങ്ങളുടെ ശക്തമായ ശൃംഖല കരുത്തായി.
മേയ് ഒന്നിന് മുമ്പ്, വാക്‌സിന്‍ നിര്‍മാതാക്കളെ സംബന്ധിച്ച്, ഒരു ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ അത് അയയ്ക്കുന്ന പ്രക്രിയ ആരംഭിക്കുമായിരുന്നു. അന്ന് കേന്ദ്രസര്‍ക്കാര്‍ മാത്രമായിരുന്നു വാക്‌സിന്‍ വാങ്ങിയിരുന്നത്.
പൂണെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ)യ്ക്കു 2020 മേയ് തുടക്കത്തില്‍ അസ്ട്ര സെനെക്ക കൈമാറിയ ഒരു മില്ലി ലിറ്റര്‍ വയലില്‍ ( ചെറിയ ചില്ല് കുപ്പി) നിന്നാണ് രാജ്യത്തിന്റെ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നല്‍കപ്പെട്ട ഓരോ അര മില്ലി ലിറ്റര്‍ കോവിഷീല്‍ഡ് ഡോസിനും തുടക്കമായത്. ഈ വയലില്‍ നിന്നും, വാക്സിനുള്ള സൂക്ഷ്മ കോശങ്ങള്‍ അടങ്ങിയ ഘടകം 'കള്‍ച്ചര്‍' ചെയ്യാന്‍ ഉപയോഗിക്കുന്ന, ആയിരത്തിലധികം ലിറ്റര്‍ ശേഷിയുള്ള, ഏതാണ്ട് രണ്ടു നില ഉയരത്തിലുള്ള, ലോഹനിര്‍മിത ബയോറിയാക്ടറിലാണ് പിന്നീട് അവ 'കള്‍ച്ചര്‍' ചെയ്യപ്പെട്ടത്. ഓരോ ബയോറിയാക്ടറും ഒറ്റയടിക്ക് ദശലക്ഷക്കണക്കിന് ഡോസുകള്‍ ഉല്‍പ്പാദിപ്പിച്ചു.
വേര്‍തിരിച്ചെടുത്ത വാക്‌സിന്‍, എസ്ഐഐയുമായി വിതരണ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗ്ലാസ് നിര്‍മാണ കമ്പനികളിലൊന്നായ ഷോട്ട് കൈഷ,10 ഡോസ് വയലുകളില്‍ നിറയ്ക്കും. പിന്നീട് ഐസ് ബോക്‌സുകളില്‍ പായ്ക്ക് ചെയ്ത് ശീതീകൃത സംവിധാനമുള്ള ട്രക്കുകളില്‍ കയറ്റി ഈ കുപ്പികള്‍ പൂനെ വിമാനത്താവളത്തില്‍ നിന്നും വിമാനങ്ങളില്‍ അയയ്ക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെയും ജനസംഖ്യാടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ ന്യൂഡല്‍ഹിയില്‍ തയാറാക്കിയ വിതരണ പദ്ധതി പ്രകാരമാണ് വാക്‌സിന്‍ അയയ്ക്കുക.
ഹൈദരാബാദിലെയും ബെംഗളൂരുവിലെയും നാല് കേന്ദ്രങ്ങളില്‍ കോവാക്‌സിനും സമാന രീതിയില്‍ 10 ഡോസ് കുപ്പികളിലേക്ക് നിറച്ച് അയയ്ക്കപ്പെടുന്നു. സാര്‍സ്-കോവ് -2 വൈറസിനെ വളര്‍ത്തി, ശുദ്ധീകരിച്ച് കൊന്നാണ് ചെയ്യുന്ന ഭാരത് ബയോടെക് കോവാക്‌സിന്‍ നിര്‍മ്മിക്കുന്നത്.
ജനുവരി 16 ന് കേന്ദ്രം കോവിഡ് രോഗപ്രതിരോധ കുത്തിവയ്പ് ആരംഭിക്കുന്നതിനു മുന്‍പ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികളുടെ ചരക്ക് ഹോള്‍ഡിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവയില്‍ നിന്നുള്ള വാക്‌സിനുകള്‍ കൊണ്ടു പോയിരുന്നത്. വിമാനമാര്‍ഗമുള്ള ഗതാഗതം കൂടുതല്‍ ചെലവേറിയതായതിനാല്‍, തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പോലുള്ള കമ്പനികളുടെ സേവനങ്ങള്‍ ഉപയോഗിച്ചു. വാക്‌സിനുകള്‍ ശീതീകൃത സംവിധാനമുള്ള ട്രക്കുകളില്‍ റോഡ് വഴി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ പോലുള്ള പ്രധാന സ്ഥലങ്ങളിലെ കേന്ദ്ര സര്‍ക്കാരിന്റെ വലിയ ഡിപ്പോകളിലേക്കു കൊണ്ടു പോകും.
സര്‍ക്കാര്‍ മെഡിക്കല്‍ സ്റ്റോര്‍ ഡിപ്പോകള്‍ (ജിഎംഎസ്ഡി) അല്ലെങ്കില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്) നടത്തുന്ന 'പ്രാഥമിക' വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ സംഭരണ വിതരണ കേന്ദ്രങ്ങളായി മാറി. ഈ ജിഎംഎസ്ഡികളില്‍ നിന്ന് വാക്‌സിനുകള്‍ ശീതീകൃത സംവിധാനമുള്ള ട്രക്കുകളിലോ ഇന്‍സുലേറ്റഡ് വാനുകളിലോ സംസ്ഥാനങ്ങളിലെ വാക്‌സിന്‍ സ്റ്റോറുകളിലേക്കു പോകും. കേന്ദ്രത്തിന്റെ ജോലി ഇവിടെ അവസാനിക്കുമ്പോള്‍ സംഭരണ-വിതരണ മാതൃക പിന്നെയും, വാക്സിന്‍ ആളുകളിലേക്ക് എത്തുന്നത് വരെ തുടരും.
സംസ്ഥാന ഡിപ്പോകളില്‍ നിന്ന് സ്റ്റോക്ക് വിഭജിച്ച് പ്രാദേശിക അല്ലെങ്കില്‍ ജില്ലാ വാക്‌സിന്‍ സ്റ്റോറുകളിലേക്കു നല്‍കും. തുടര്‍ന്നു പ്രാഥമിക, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും ഈ ഡോസുകള്‍ എത്തും. അവിടെ വച്ച് നല്‍കുകയോ അല്ലെങ്കില്‍ ഐസ് ബോക്‌സുകളില്‍ ജീവനക്കാര്‍ അതത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കു കൊണ്ടു പോകുകയോ ചെയ്യും.
അടുത്തുള്ള നഗര കേന്ദ്രങ്ങളിലേക്കു കൊണ്ടു പോകുന്നതിനായി വാക്‌സിനുകള്‍ സൂക്ഷിക്കുന്ന ഇടമാണ് വലിയ ഡിപ്പോകള്‍. വാക്‌സിന്‍ അവസാന ലക്ഷ്യസ്ഥാനമായ അടുത്തുള്ള നഗര കേന്ദ്രത്തിലെത്തിക്കഴിഞ്ഞാല്‍, അത് മറ്റൊരു വെയര്‍ ഹൗസില്‍ സൂക്ഷിക്കുന്നു. ഇവിടെ നിന്നാണ് പ്രാഥമിക, കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വാക്‌സിന്‍ നല്‍കുന്നത്.
വടക്കുകിഴക്ക് ഉള്‍പ്പെടെയുള്ള വിദൂര പ്രദേശങ്ങളില്‍ വാക്‌സിനുകള്‍ എത്താന്‍ ഈ മാതൃക സഹായിച്ചു. വാക്‌സിനുകള്‍ ആദ്യം ഏറ്റവും അടുത്തുള്ള കേന്ദ്രമായ കൊല്‍ക്കത്തയിലെത്തും. തുടര്‍ന്ന് പ്രാദേശിക വിമാനങ്ങള്‍ വഴി കൈമാറും. വാക്‌സിന്‍ കുപ്പികള്‍ അതത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കു കൊണ്ടു പോകുന്നതു വരെ സര്‍ക്കാരിന്റെ കോള്‍ഡ് ചെയിന്‍ ശൃംഖല ഉപയോഗപ്പെടുത്തും. കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസിനിടയില്‍ സൂക്ഷിക്കേണ്ടതാണ്, അത് കൊണ്ട് കുത്തിവയ്ക്കും വരെ അവ ഈ കേന്ദ്രങ്ങളില്‍ റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കുന്നു.
മേയ് ഒന്നിനു ശേഷം സംഭവിച്ചത്
വാക്‌സിനേഷന്റെ നിലവിലെ ഘട്ടത്തില്‍, കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം മാത്രമേ കേന്ദ്രത്തിനു ലഭിക്കുകയുള്ളൂ. ഇത്, രോഗവ്യാപന വ്യാപ്തി (സജീവ കേസുകളുടെ എണ്ണം), വാക്സിന്‍ വിതരണത്തിലുള്ള മികവ് (കുത്തിവയ്പിന്റെ വേഗത) എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാക്‌സിന്‍ പാഴാക്കുന്നതും ഒരു മാനദണ്ഡമായി പരിഗണിക്കുമെന്നും അത് തീരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഏപ്രില്‍ 19 ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ സംസ്ഥാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും നേരിട്ടു നല്‍കുന്ന ഓര്‍ഡറുകളും വിതരണം ചെയ്യണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനായി അവരുടെ 'ലോജിസ്റ്റിക്സില്‍' കാര്യമായ മാറ്റം വരുത്തേണ്ട ആവശ്യമില്ല, ഇത് കൂടുതല്‍ ശ്രമകരവുമാവുകായും ചെയ്യും. ഈ മാറ്റം വാക്സിന്‍ വിതരണത്തിലെ നിലവിലുള്ള സങ്കീര്‍ണതകള്‍ കൂട്ടുമെന്നും രാജ്യത്തിന്റെ വാക്സിനേഷന്‍ ഡ്രൈവ് തടസപ്പെടുത്തുമെന്നുമാണ് വിദഗ്ധര്‍ കരുതുന്നത്. കോവിന്‍- ഡാഷ്ബോര്‍ഡ് ഡേറ്റ പ്രകാരം വാക്‌സിനേഷനായി 58,259 സര്‍ക്കാര്‍ കേന്ദ്രങ്ങളും 2,305 സ്വകാര്യ കേന്ദ്രങ്ങളുമാണുള്ളത്.
കേന്ദ്രം വാക്‌സിന്‍ വാങ്ങുകയും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന നേരത്തെയുള്ള 'hub-and-spoke' മാതൃക ഇവിടെയും തുടരണമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സംസ്ഥാനങ്ങള്‍ നേരിട്ട് നല്‍കിയ ഓര്‍ഡറിന്റെ വിതരണം ഇനിയൊരു വലിയ വാക്‌സിന്‍ ഡിപ്പോയില്‍ നിന്ന് ആരംഭിക്കാനുള്ള സൗകര്യമില്ല. വാക്‌സിനുകള്‍ അനുയോജ്യമായ താപനിലയില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കാര്യക്ഷമതയുള്ള സംസ്ഥാന ഡിപ്പോകള്‍ വേണ്ടി വരും. അപ്പോള്‍ അവയുടെ സൗകര്യങ്ങളും, അളവും, സംഭരണ തോതും ഒക്കെ അനുസരിച്ച് വേണം ഈ ഓര്‍ഡറുകള്‍ നടത്താന്‍.
സ്വകാര്യ ആശുപത്രികള്‍ക്കും വാക്സിന്‍ ഡോസുകള്‍ ഉപയോഗിക്കുന്നതു വരെ സംഭരിക്കാനായി വാക്സിന്‍ നിര്‍മാതാക്കളുമായും കോള്‍ഡ് ചെയിന്‍ സ്ഥാപനങ്ങളുമായും സഹകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും 18 വയസിനും 44 വയസിനും ഇടയിലുള്ള 600 ദശലക്ഷം ആളുകള്‍ സ്വകാര്യ ആശുപത്രികള്‍ വഴി കുത്തിവയ്പ് സ്വീകരിക്കുന്നതിന് അര്‍ഹത നേടിയ സാഹചര്യത്തില്‍.
വാക്‌സിന്‍ കയറ്റി അയയ്ക്കുന്നതിനായി നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ ജനറല്‍ സെയില്‍സ് ഏജന്റുമാരുമായി ക്രമീകരണങ്ങളുണ്ടാക്കിയിട്ടുണ്ട്. വില, ലഭ്യത, സമയം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച്, ഈ ഏജന്റുമാര്‍ വിമാനങ്ങളോ മറ്റ് മാര്‍ഗങ്ങളോ തീരുമാനിക്കുന്നു. അതു വഴി വാക്‌സിന്‍ കയറ്റി അയക്കപ്പെടുന്നു.
സംസ്ഥാനങ്ങള്‍, സ്വകാര്യ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി വാക്സിനുകളുടെ നേരിട്ടുള്ള വില്‍പ്പന ആരംഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന്റെ കേന്ദ്രീകൃത സംഭരണം മൂലം ഇത് വരെ ലഭിച്ചു കൊണ്ടിരുന്ന ചില സാമ്പത്തിക ഗുണങ്ങള്‍ ഇല്ലാതെയാവുന്നു.
സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് 100-150 രൂപയാണ് ഗതാഗത-വിതരണ നിരക്കായി കേന്ദ്രം ഈടാക്കിയതെന്നു സ്വകാര്യ ആശുപത്രികളെ പ്രതിനിധീകരിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഡോസുകള്‍ക്ക് പണം നല്‍കേണ്ടി വന്നാലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് വാങ്ങാന്‍ സ്വകാര്യ കേന്ദ്രങ്ങളെ അനുവദിക്കണം. വാക്‌സിന്‍ നിര്‍മാതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തട്ടെ. ഏതു സംസ്ഥാനം അല്ലെങ്കില്‍ ഏതു സ്വകാര്യ ആശുപത്രി ശൃംഖല എന്ന് തിരഞ്ഞെടുക്കുന്നതിനുള്ള വിവേചനാധികാരം എന്തിനാണ് വാക്സിന്‍ നിര്‍മാതാവിന് കൊടുക്കുന്നത്? പ്രത്യേകിച്ച് വിതരണക്ഷാമം വലിയ തോതില്‍ നിലനില്‍ക്കുമ്പോള്‍,' പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരാള്‍ പറഞ്ഞു.
സ്വകാര്യ കേന്ദ്രങ്ങള്‍ സ്വന്തമായി വാങ്ങാന്‍ ആരംഭിച്ചതോടെ 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന നിലയിലോ ലേലം വിളിയുടെ അടിസ്ഥാനത്തിലോ വാക്സിന്‍ സമ്പാദനം മാറിയെന്ന് ഒരു എക്‌സിക്യൂട്ടീവ് പറഞ്ഞു. 'അവര്‍ക്ക് ലോജിസ്റ്റിക്സ് ശൃംഖല ഉണ്ടെങ്കിലും അതിനായി അവര്‍ ആവശ്യപ്പെട്ട തുക, ഇതിനു മുന്‍പ് വിതരണശൃംഖല കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടായിരുന്നതുമായി പൊരുത്തപ്പെടുന്നില്ല,' അദ്ദേഹം പറഞ്ഞു. ഇതിനായി സ്വകാര്യ കോള്‍ഡ് ചെയിന്‍ കമ്പനികളെ നിയോഗിക്കുന്നുണ്ടോയെന്നു വ്യക്തമല്ല. നിലവിലെ വിതരണത്തിലെ കുറവ് കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് എത്ര ഡോസുകള്‍ കിട്ടും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. 'ഇപ്പോള്‍ ഒന്നും വ്യക്തമല്ല … വിവിധ സാധ്യതകള്‍ പരിശോധിക്കുന്നു,' ഒരു സ്വകാര്യ കോള്‍ഡ് ചെയിന്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് നിലവിലെ സാഹചര്യത്തെക്കുറിച്ച് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us