/indian-express-malayalam/media/media_files/uploads/2020/06/congress-mla-a.jpg)
ഭോപ്പാൽ: കോവിഡ് മഹാമാരിക്കിടെ രാജ്യത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. എട്ട് സംസ്ഥാനങ്ങളിലായി 19 രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. വെെകീട്ട് അഞ്ചിനാണ് വോട്ടെണ്ണൽ. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
മധ്യപ്രദേശിലെ രാഷ്ട്രീയസാഹചര്യം അത്യന്തം നാടകീയമാണ്. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനാൽ തന്നെ കോൺഗ്രസിനും ബിജെപിക്കും രാജ്യസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. കോവിഡ് ബാധിതനായ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയും രാജ്യസഭാ വോട്ടെടുപ്പിൽ പങ്കെടുത്തു. പിപിഇ കിറ്റ് ധരിച്ചാണ് കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി ഭോപ്പാലിലെ നിയമസഭയിൽ എത്തിയത്.
Read Also: ആരോഗ്യമന്ത്രി ‘നിപ രാജകുമാരിക്ക് ശേഷം കോവിഡ് റാണി’ ആകാൻ നോക്കുന്നു: മുല്ലപ്പള്ളി
വോട്ടെടുപ്പിന്റെ അവസാനത്തിലാണ് എല്ലാ സജ്ജീകരണങ്ങളുമായി കോൺഗ്രസ് എംഎൽഎ എത്തിയത്. 205 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് കോവിഡ് ബാധിതനായ എംഎൽഎ നിയമസഭയിൽ എത്തിയത്. പിപിഇ കിറ്റ് ധരിച്ച എംഎൽഎയുടെ കയ്യിൽ മൊബെെൽ ഫോൺ മാത്രമാണുണ്ടായിരുന്നത്. വോട്ട് ചെയ്‌ത ശേഷം ഉടൻ തന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു. ജൂൺ ആറിനാണ് എംഎൽഎയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടത്. തുടർന്ന് കോവിഡ് പരിശോധന നടത്തി. ജൂൺ 12 നു കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് 12.45 നാണ് കുനാൽ ചൗധരി വോട്ട് ചെയ്യാനെത്തിയത്.
അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക തയാറെടുപ്പുകളോടെയാണ് വോട്ടെടുപ്പ് നടന്നത്. പോളിങ് കേന്ദ്രങ്ങളിൽ പാരാ മെഡിക്കൽ സംഘങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിന്യസിച്ചിരുന്നു. സ്ഥാനാർഥികൾ, എംഎൽഎമാർ, പോളിങ് സ്റ്റാഫുകൾ എന്നിവർക്കായി പോളിങ് കേന്ദ്രങ്ങളുടെ പല ഭാഗങ്ങളിലായി മാസ്‌കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ ഒരുക്കിയിട്ടുണ്ടായിരുന്നു. വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് മുഴുവൻ പോളിങ് കേന്ദ്രങ്ങളും അണുവിമുക്തമാക്കുകയും ചെയ്‌തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.