തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു.
ആരോഗ്യമന്ത്രി പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വിമർശിച്ചു. കോഴിക്കോട്ട് നിപ രോഗം വ്യാപിച്ചപ്പോൾ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കിടക്ക് വന്ന് പോകുന്ന ആൾ മാത്രമായിരുന്നു ആരോഗ്യ മന്ത്രിയെന്നാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. നിപ പ്രതിരോധിച്ചതിന്റെ അനുമോദനം ആത്മാര്‍ഥമായ സേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
Read More: കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരം, ജില്ലയിൽ സമൂഹവ്യാപനം ഇല്ല: ഇ.പി.ജയരാജന്
“കോഴിക്കോട്ട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുമ്പോൾ “ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ” റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നത്,” സെക്രട്ടറിയേറ്റിന് മുന്നിൽ പ്രസംഗിക്കവേ മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി കള്ളം പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.
ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരെ കഴിഞ്ഞദിവസം മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു.
പ്രവാസികളുടെ ജീവിതം വച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ കോഴിപ്പോര് നടത്തുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. പ്രവാസി സമൂഹത്തോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്കെതിരേ കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന് നടത്തിയ 12 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
നമ്മുടെ നാടിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന സംഭാവനകള്‍ നല്കിയ പ്രവാസികളോട് കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയാണ് ഇരുസര്‍ക്കാരുകളും കാട്ടുന്നത്. പിറന്ന നാട്ടിലേക്ക് മടങ്ങാനുള്ള അവകാശത്തെയാണ് സര്‍ക്കാരുകള്‍ നിഷേധിക്കുന്നത്. പ്രവാസികളോട് അലംഭാവം കാണിക്കുന്ന ഭരണാധികാരികള്‍ക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചിരുന്നു.