/indian-express-malayalam/media/media_files/uploads/2020/09/vaccine-4.jpg)
Coronavirus vaccine tracker: ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് കൊറോണ വൈറസ് വാക്സിൻ അമേരിക്കൻ വിപണിയിൽ ലഭ്യമാക്കാനുള്ള സാധ്യതകൾക്കായി പ്രവർത്തിക്കുകയാണെന്ന് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ.
ജർമ്മൻ കമ്പനിയായ ബയോ ടെക്കിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫൈസറിന്റെ വാക്സിൻ, കൊറോണ വൈറസ് വാക്സിൻ നിർമ്മാണ മത്സരത്തിലെ മുൻനിരക്കാരിൽ ഒരാളാണ്. നിലവിൽ അമേരിക്കയിൽ ഫൈസർ മൂന്നാം ഘട്ട പരീക്ഷണമാണ് നടത്തുന്നത്.
“ഞങ്ങൾ വാക്സിൻ നിർമ്മാണം ആരംഭിച്ചു. ഇതിനകം തന്നെ ലക്ഷക്കണക്കിന് ഡോസുകൾ നിർമ്മിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയായാൽ ഉടൻ തന്നെ വാക്സിൻ തയ്യാറാകും,” കമ്പനി സിഇഒ ആൽബർട്ട് ബോർല സിബിഎസ് ടെലിവിഷൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വാക്സിൻ ഫലപ്രദമാണോ അല്ലയോ എന്ന് ഒക്ടോബറോടെ അറിയാമെന്ന് ഫൈസർ മുമ്പ് പറഞ്ഞിരുന്നു. അഭിമുഖത്തിൽ ബോർല ഇത് ആവർത്തിച്ചു. ഒക്ടോബറോടെ കമ്പനിക്ക് വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്താൻ 60 ശതമാനം സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“വാക്സിൻ ഫലപ്രദമാണെന്നല്ല ഇതിനർഥം. വാക്സിൻ ഫലപ്രദമാണോ അല്ലയോ എന്ന് ഞങ്ങൾക്ക് മനസിലാക്കാൻ സാധിക്കും എന്നാണ്,” ബോർല പറഞ്ഞു. മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഒക്ടോബറിനപ്പുറം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ മരുന്നിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിന് ആദ്യകാല ഡാറ്റ തന്നെ മതിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
വിവിധതരം ആളുകളിൽ നിന്നും കൂടുതൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി മൂന്നാം ഘട്ടം പരീക്ഷണങ്ങൾ വിപുലീകരിക്കുമെന്ന് കഴിഞ്ഞദിവസം ഫൈസർ പറഞ്ഞിരുന്നു. 30,000 ത്തോളം പേരെ പരീക്ഷണത്തിന് വിധേയരാക്കാനായിരുന്നു പ്രാരംഭ പദ്ധതി. അടുത്ത ആഴ്ചയോടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. 14,000 പേരെ കൂടി ഉൾപ്പെടുത്താനുള്ള പദ്ധതികളും പുറത്തിറക്കി.
കൊറോണ വൈറസ് വാക്സിന് അടിയന്തര അംഗീകാരം നൽകാൻ തയ്യാറെടുക്കുകയാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊറോണ വൈറസ് വാക്സിനുകളുടെ അടിയന്തര ഉപയോഗ അംഗീകാരത്തെക്കുറിച്ച് ഉടൻ തന്നെ മാർഗ്ഗനിർദ്ദേശം കൊണ്ടുവരുമെന്ന് എഫ്ഡിഎ അറിയിച്ചു.
ഒക്ടോബറോടെ വാക്സിൻ വിപണിയിലെത്തുമെന്ന ഫൈസറിന്റെ പ്രഖ്യാപനം, നവംബർ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അത്തരം റിപ്പോർട്ടുകൾക്ക് അടിവരയിടുന്ന തരത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും നിരവധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.
Read in English: Coronavirus vaccine tracker, September 14: Covid shot likely to be available in America before year-end, says Pfizer CEO
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.