scorecardresearch

'എത്രകാലം പിടിച്ചുനിൽക്കാനാവുമെന്ന് അറിയില്ല'- നാട്ടിലെത്തിക്കാനപേക്ഷിച്ച് ഫിലിപ്പീൻസിലെ ഇന്ത്യൻ വിദ്യാർഥികൾ

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു

author-image
WebDesk
New Update
'എത്രകാലം പിടിച്ചുനിൽക്കാനാവുമെന്ന് അറിയില്ല'- നാട്ടിലെത്തിക്കാനപേക്ഷിച്ച് ഫിലിപ്പീൻസിലെ ഇന്ത്യൻ വിദ്യാർഥികൾ

Stranded students in Phillipines. (Photo: Simran Gupte)

മനില: കോവിഡിനെത്തുടർന്ന് സ്ഥിതിഗതികൾ രൂക്ഷമാവുന്ന സാഹചര്യത്തിൽ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദ്യാര്‍ഥികള്‍. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ വിമാനത്താവളത്തില്‍ കഴിയുന്ന വിദ്യാർഥികൾ തങ്ങൾക്ക് എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്നറിയില്ലെന്നും പറയുന്നു.

Advertisment

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയിലാണ് വിദ്യാർഥികൾ. രണ്ടു ദിവസമായി വിമാനത്താവളത്തിൽ കഴിയുകയാണ് ഇവർ.

Read Also: സര്‍ക്കാരിന്റെ സഹായം എത്തിയില്ല; മലേഷ്യയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തു

"പ്രാദേശിക സർക്കാർ ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളോട് വീട്ടിൽ കഴിയാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ ലോക്ക്ഡൗണിനു ശേഷം കേസുകൾ വർധിക്കുകയാണുണ്ടായത്. അടുത്തിടെ ഞാൻ താമസിക്കുന്ന അപ്പാർട്ട്മെന്റിനു സമീപത്തെ തെരുവിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു" - മെട്രോ മനിലയിലെ ലസ് പിനാസിലെ യൂണിവേഴ്സിറ്റി ഓഫ് പെർപെച്വൽ ഹെൽപ് വിദ്യാർഥിയായ ദിവ്യേഷ് കെകാനെ പ്രതികരിച്ചു. "നാല് മണിക്കൂർ വരെ സൂപ്പർമാർക്കറ്റിൽ വരിനിൽക്കേണ്ട അവസ്ഥയാണ്. അത് വൈറസ് വ്യാപനത്തിലുള്ള സാധ്യത വർധിപ്പിക്കുകയാണ്" ദിവ്യേഷ് പറഞ്ഞു.

Advertisment

കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ സ്ഥിതിഗതികൾ വീണ്ടും വഷളാകുമെന്ന് വിദ്യാർഥികൾ ആശങ്കപ്പെടുന്നു. "നിലവിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് കർഫ്യൂ. ഈ സമയം കഴിഞ്ഞാലും ഒരാൾക്ക് മാത്രമാണ് പുറത്തിറങ്ങാനാവുക" - മെട്രോ മനിലയിലെ മകാറ്റിയിൽ എഎംഎ സ്കൂൾ ഓഫ് മെഡിസിനിലെ വിദ്യാർഥിയായ സച്ചിൻ പാട്ടീൽ പറഞ്ഞു.

"ഞങ്ങളുടെ കാന്റീനുകൾ തുറന്നിരിക്കുകയായിരുന്നെങ്കിൽ സൂപ്പർ മാർക്കറ്റിലോ പുറത്തോ പോവേണ്ട ആവശ്യം വരില്ലായിരുന്നു. എത്രകാലം പിടിച്ചുനിൽക്കാനാവുമെന്ന് ഞങ്ങൾക്ക് അറിയില്ല" - മെട്രോ മനിലയിലെ വലെൻസ്വേലയിൽ ലേഡി ഓഫ് ഫാത്തിമ യൂണിവേഴ്സിറ്റി വിദ്യാർഥിയായ സന്ദീപ് നഗർ പറയുന്നു. വീട്ടുകാരിൽനിന്ന് വളരെ അകലെയാണ് ഞങ്ങൾ. ആരാണ് തങ്ങളുടെ കാര്യം നോക്കാനുള്ളതെന്നും സന്ദീപ് ചോദിച്ചു.

Read Also: സ്വകാര്യ വാഹനത്തിൽ പുറത്തിറങ്ങണോ? ഈ ഫോം പൂരിപ്പിക്കണം

ഫിലിപ്പീൻസിലെ ചികിത്സാ ചിലവുകൾ കൂടുതലാണെന്നതും വിദ്യാർഥികളുടെ ആശങ്ക വർധിപ്പിക്കുന്നു. പ്രശ്നം വഷളായാൽ ആശുപത്രികൾ നാട്ടുകാർക്ക് പ്രാധാന്യം നൽകി തങ്ങളെ അവഗണിക്കുമെന്നും വിദ്യാർഥികൾ ആശങ്ക അറിയിച്ചു.

തിരികെ നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയാമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. "ഇന്ത്യയിലെത്തിയാൽ സ്വയം നിരീക്ഷണത്തിൽ കഴിയാം. വീട്ടിലെത്തുക എന്നത് മാത്രമാണ് ഞങ്ങളുടെ ആവശ്യം"- യൂണിവേഴ്സിറ്റി ഓഫ് പെർപെച്വൽ ഹെൽപ് വിദ്യാർഥിനി സിമ്രാൻ ഗുപ്തെ പറഞ്ഞു.

ഫിലിപ്പീൻസിൽ 16,000ഓളം ഇന്ത്യൻ വിദ്യാർഥികളുള്ളതായാണ് മനിലയിലെ ഇന്ത്യൻ എംബസിയുടെ കണക്ക്. നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ അപേക്ഷകൾ ലഭിക്കുന്നതായി എംബസി അറിയിച്ചു. ഫിലിപ്പീൻസിൽ ഗുരുതരമായ അവസ്ഥ ഇല്ലാത്തതിനാൽ അവിടെ തുടരാനാണ് ഇന്ത്യയിൽ നിന്നുള്ളവരോട് ആവശ്യപ്പെട്ടതെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എംബസി പ്രതികരിച്ചു. സൂപ്പർ മാർക്കറ്റുകളും ഫാർമസികളും അടക്കമുള്ള അവശ്യ സേവനങ്ങൾ രാജ്യത്ത് പ്രവർത്തിക്കുമെന്നും അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാവില്ലെന്നും ഫിലിപ്പീൻസ് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എംബസി ഉദ്യോഗസ്ഥർ പറയുന്നു.

എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പറയുന്ന എംബസി, ഫിലിപ്പീൻസിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് കാണുന്നില്ലേയെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യമാണ് ഫിലിപ്പീൻസിലുള്ളത്. നിലവിൽ 380 കോവിഡ് കേസുകൾ കണ്ടെത്തിയ ഫിലിപ്പീൻസിൽ 25 പേർ രോഗത്തെത്തുർന്ന് മരിച്ചിട്ടുണ്ട്.

ഈ മാസം 17നാണ് ഫിലിപ്പീൻസ് അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യൻ സർക്കാർ വിലക്ക് പ്രഖ്യാപിച്ചത്. നാട്ടിലേക്ക് തിരിച്ചുവരാൻ രണ്ടു ദിവസത്തെ സമയപരിധിയും നൽകിയിരുന്നു. എന്നാൽ ലോക്ക്ഡൗണിനു മുന്നോടിയായി രാാജ്യത്തെ വിദേശികൾക്ക് തിരിച്ചു പോവാൻ ഫിലിപ്പീൻസ് സർക്കാർ 72 മണിക്കൂർ സമയപരിധി നൽകിയതിനെത്തുടർന്ന് ആളുകൾ കൂട്ടമായി രാജ്യം വിടാൻ തുടങ്ങിയതോടെ ഇന്ത്യൻ വിദ്യാർഥികളടക്കമുള്ളവർക്ക് വിമാന ടിക്കറ്റുകൾ ലഭിക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.

Read in English: It will only get worse, want to be home: Stranded Indian students in Philippines

Corona Virus India Philippines Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: