/indian-express-malayalam/media/media_files/uploads/2020/07/covid-19-coronavirus-unlock.jpg)
വാഷിങ്‌ടൺ: കോവിഡ്-19 മഹാമാരിക്ക് കാരണമായ കൊറോണ വെെറസ് രണ്ട് വർഷത്തിനുള്ളിൽ നിയന്ത്രണവിധേയമായേക്കുമെന്ന് ലോകാരോഗ്യസംഘടന. 1918 ലെ 'സ്‌പാനിഷ് ഫ്ലൂ'വിനേക്കാൾ വേഗത്തിൽ കോവിഡ് ഭൂമുഖത്തുനിന്ന് ഇല്ലാതാകുമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദനോം പറഞ്ഞു. ലോകത്താകമാനം കോവിഡ് ബാധിച്ച് എട്ട് ലക്ഷത്തിലേറെ പേർ ഇതുവരെ മരിച്ചു. 2019 ഡിസംബറിലാണ് ലോകത്ത് ആദ്യ കോവിഡ് പോസിറ്റീവ് കേസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ആരോഗ്യ പ്രതിസന്ധിയാണ് കോവിഡ് 19. സ്‌പാനിഷ് ഫ്ലൂ പടർന്നതിനേക്കാൾ അതിവേഗത്തിൽ കോവിഡ് ലോകമെമ്പാടും പടർന്നു പിടിക്കാൻ കാരണം ഇത് ഗ്ലോബലൈസേഷന്റെ കാലമായതിനാലാണ്. എന്നാൽ, സ്‌പാനിഷ് ഫ്ലൂവിനേക്കാൾ വേഗത്തിൽ കോവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് ലോകാരോഗ്യസംഘടന പ്രതീക്ഷ പ്രകടിപ്പിച്ചു.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 69,878 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 29,75,702 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 945 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയിലെ ആകെ കോവിഡ് മരണം 55,794 ആയി. രാജ്യത്ത് നിലവിൽ 6,97,330 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 22,22,578 പേർ കോവിഡ് മുക്തി നേടി.
പ്രതീക്ഷയുടെ പ്രഖ്യാപനം
ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത് ഏറെ പ്രതീക്ഷ നൽകുന്നു. രണ്ടും മൂന്നും ഘട്ട വാക്‌സിൻ പരീക്ഷണങ്ങൾ പൂനെ സെറം ഇൻസ്‌റ്റിറ്റ‌്യൂട്ടിൽ ആരംഭിച്ചതായി ഡയറക്‌ടർ പുരുഷോത്തമൻ സി.നമ്പ്യാർ പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ വാക്‌സിൻ ഡിസംബറിൽ തന്നെ പുറത്തിറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
1,500 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തുക. രണ്ട് മാസം നീളുന്ന പരീക്ഷണത്തിനു ശേഷം വാക്‌സിൻ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഉത്‌പാദനം തുടങ്ങിവയ്‌ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, വിൽക്കാനുള്ള അനുമതിയായിട്ടില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി ലഭിച്ച ശേഷമെ വിൽപ്പന തുടങ്ങാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ബാധിതരുടെ വീടിനു നേരെ കല്ലേറ്
ആലപ്പുഴയിൽ വയലാറിൽ കോവിഡ് ബാധിതരുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് സംഭവം. രോഗം സ്ഥിരീകരിച്ചതായുള്ള വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കല്ലേറ് നടന്നത്. വയലാർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനായി ആംബുലൻസ് കാത്ത് നിൽക്കുന്നതിനിടെയാണ് ഇവർക്ക് നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം. പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം സ്വദേശികളാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ട ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ (76), തിരുവനന്തപുരത്ത് കാട്ടാക്കട സ്വദേശി രത്‌നകുമാർ (41), മലപ്പുറം മഞ്ചേരി സ്വദേശി ഹംസ (63) എന്നിവരാണ് മരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us