Latest News

കോ​വി​ഡില്ലാത്ത എന്നെ രോഗിയാക്കി, മുഖ്യമന്ത്രി ഇതറിയണം; വെളിപ്പെടുത്തലുമായി സംവിധായകൻ

കോ​വി​ഡ് ബാധയെക്കുറിച്ച് തെറ്റായ ടെസ്റ്റ് റിപ്പോർട്ട് നൽകിയ കോട്ടയത്തെ സ്വകാര്യ ലാബിനെതിരെ മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി, കോട്ടയം ജില്ലാ കലക്ടർ എന്നിവർക്കും ജോണ്‍ പോൾ പരാതി നൽകിയിട്ടുണ്ട്

കോ​വി​ഡില്ലാത്ത തന്നെ കോ​വി​ഡ് രോഗിയാക്കിയ സാഹചര്യം വിവരിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി സംവിധായകന്‍.  ‘ഗപ്പി,’ ‘അമ്പിളി’ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജോണ്‍ പോൾ ജോർജാണ് പരാതി നൽകിയത്. കോ​വി​ഡ് ബാധയെക്കുറിച്ച് തെറ്റായ ടെസ്റ്റ് റിപ്പോർട്ട് നൽകിയ കോട്ടയത്തെ സ്വകാര്യ ലാബിനെതിരെ മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി, കോട്ടയം ജില്ലാ കലക്ടർ എന്നിവർക്കും ജോണ്‍ പോൾ പരാതി നൽകിയിട്ടുണ്ട്.

കോവിഡ് പോസിറ്റീവാണെന്ന തെറ്റായ പരിശോധനാ ഫലം ലഭിച്ചതിനെത്തുടർന്ന് വളരെ മോശം അനുഭവത്തിലൂടെയാണ് കടന്നു പോയതെന്നു ജോണ്‍ പോൾ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. മെഡിവിഷൻ ലാബിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയില്‍ കേസ് ഫയൽ ചെയ്തതായും ജോണ്‍ പോൾ പറഞ്ഞു.

” മെഡിവിഷൻ ലാബിലെ ആർടി-പിസിആർ ടെസ്റ്റിൽ കോവിഡ് പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പിൽനിന്ന് വിളിച്ചതിനെത്തുടർന്നാണ് അറിഞ്ഞത്. തുടർന്ന് ചങ്ങനാശേരിയിലെ കോവിഡ് സെന്ററിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ നെഗറ്റീവായിരുന്നു ഫലം. ഡിസ്‌ചാർജായശേഷം ലാബുകാരെ ബന്ധപ്പെട്ടപ്പോള്‍ രണ്ടുദിവസം കൊണ്ട് കോവിഡ് മാറിയതായിരിക്കും എന്നായിരുന്നു പ്രതികരണം. ഇതേത്തുടര്‍ന്ന് വിശ്വാസ്യയോഗ്യമായ മറ്റൊരു ലാബില്‍ നടത്തിയ ആന്റിബോഡി പരിശോധനയില്‍ രോഗം ബാധിച്ചിട്ടേയില്ലെന്നു വ്യക്തമായി. ലാബിന്റെ നിരുത്തരവാദപരമായ സമീപനം കൊണ്ട് വ്യക്തികള്‍ മാത്രമല്ല, സര്‍ക്കാര്‍ കൂടിയാണു കബളിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയത്, ” ജോൺ പോൾ പറഞ്ഞു.

സു​ഹൃ​ത്തി​നു കോ​വി​ഡ് പോ​സി​റ്റീ​വാ​യതിനെത്തുടർന്നാണ് ജോൺപോൾ സ്വകാര്യ ലാബിൽ കോവിഡ് പരിശോധന നടത്തിയത്. 16 ദിവസത്തെ ക്വാറന്റെനു ശേഷം ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തിരുന്നിട്ടും സ്വ​ന്തം നി​ല​യി​ൽ പരിശോധന നടത്തിയത്  ജോ​ലി സം​ബ​ന്ധ​മാ​യ ചി​ല യാ​ത്ര​ക​ള്‍ അ​നി​വാ​ര്യ​മാ​യി​രു​ന്ന​തു​കൊ​ണ്ടാണെന്നു ജോൺ പോൾ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത ജോണ്‍ പോൾ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ പകര്‍പ്പ്  നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍റ്റൈന്‍മെന്റ് ആണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ‘സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ക്കു​ന്നു,’ എന്ന ആമുഖത്തോടെ തുടങ്ങുന്ന കുറിപ്പില്‍ ഓഗസ്റ്റ്‌ ഏ​ഴി​ന് നടന്ന സംഭവമാണു ജോണ്‍ വിവരിക്കുന്നത്.

അതേസമയം, പരാതി ശ്രദ്ധയില്‍പ്പെട്ടതായും ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവ് ഫലം ലഭിക്കുമ്പോള്‍ ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണു രീതിയെന്നും മെഡിവിഷൻ ലാബിലെ കോവിഡ് പരിശോധനാ ചുമതലയുള്ള ഡോ. ടാനിയ പറഞ്ഞു.

”ആദ്യ ടെസ്റ്റിനുശേഷം ഒരു പക്ഷേ വൈറല്‍ ലോഡ് കുറഞ്ഞുകൊണ്ടാവാം പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവ് ആകാനുള്ള കാരണം. സാമ്പിളില്‍ ആവശ്യത്തിനു സെല്ലുകള്‍ ഇല്ലെങ്കിലും കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത കുറയും. കോവിഡ് ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ ശ്രവ സാമ്പിള്‍ ശേഖരണവും അത് എടുക്കുന്ന സമയവുമൊക്ക വളരെ പ്രധാനപ്പെട്ടതാണ്. മൂക്കിലെ ശ്രവമാണ് ഏറ്റവും കൃത്യമായ ഫലം നൽകുന്നത്. അതിന്റെ ഏറ്റവും മികച്ച സാമ്പിളില്‍ പോലും 70 ശതമാനം മാത്രമേയുള്ളൂ കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത.”

”വൈറസ് ശരീരത്തില്‍ പ്രവേശിച്ച് അഞ്ചു മുതല്‍ ഏഴു വരെ ദിവസമെടുക്കും ആന്റിബോഡി രൂപപ്പെടാന്‍. എങ്കില്‍ മാത്രമേ ആന്റിബോഡി പരിശോധനയില്‍ കണ്ടെത്താന്‍ കഴിയൂ. കോവിഡ് പോസിറ്റീവ് കേസുകളില്‍ സാധാരണഗതിയില്‍ ആന്റിബോഡി പ്രവര്‍ത്തനം പൊതുവെ ഉണ്ടാവും. എന്നാല്‍ വളരെ ചുരുക്കം ചിലരില്‍ ആന്റിബോഡി പ്രവര്‍ത്തനം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്,”ഡോ. ടാനിയ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Director john paul george covid 19 cm letter

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com