/indian-express-malayalam/media/media_files/uploads/2020/05/corona1-2.jpg)
ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടും രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. രോഗവ്യാപന നിരക്കും കൂടുകയാണ്. വരും ദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വലിയ തോതിൽ കൂടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. പൊതുവിടങ്ങളിലെ ജനക്കൂട്ടം ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മദ്യ വിൽപ്പനശാലകൾക്കു മുന്നിലെ നീണ്ട ക്യൂവും സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾ മറക്കുന്നതും ഇതിനു കാരണമാണ്. ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തുന്നതും പല സംസ്ഥാനങ്ങൾക്കും വെല്ലുവിളിയാകുന്നുണ്ട്.
ഇന്ത്യയിൽ പ്രതിദിനം രോഗബാധിതരുടെ എണ്ണം വർധിക്കുന്നുണ്ട്. തിങ്കളാഴ്ച 3,852 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്. തിങ്കളാഴ്ച വരെയുളള കണക്കുകൾ എടുത്താൽ രാജ്യത്തെ രോഗബാധിതരുടെ ആകെ എണ്ണം 46,390 ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതർ. തിങ്കളാഴ്ച മാത്രം 1,567 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 527 പുതിയ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,550 ആയി. ഡൽഹിയിലും ഗുജറാത്തിലും 300 കേസുകൾ വീതം റിപ്പോർട്ട് ചെയ്തു.
Read Also: കോവിഡിനെതിരായ വാക്‌സിൻ കണ്ടെത്തിയെന്ന് ഇസ്രയേൽ
പശ്ചിമ ബംഗാളിലും ഒറ്റ ദിവസം കൊണ്ട് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായി. 1,259 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ചവരെ ഇത് 900 നു താഴെയായിരുന്നു. മരണ നിരക്കും ഉയർന്നിട്ടുണ്ട്. 133 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം മുൻപുവരെ ഇത് 50 ൽ താഴെയായിരുന്നു. പുതിയ വിവര പ്രകാരം, ഇതിൽ 87 മരണങ്ങൾ കൊൽക്കത്തയിലും 17 എണ്ണം ഹൗറയിലുമാണ്.
ഈ മാസത്തിലെ ആദ്യ നാലു ദിവസങ്ങളിൽ 10,000 ലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടും കൊറോണ വൈറസിന്റെ വ്യാപന നിരക്ക് കുറയാത്തത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേരിയ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു. ''അടുത്ത നാലു മുതൽ ആറുവരെയുളള ആഴ്ചകൾ വളരെ പ്രധാനപ്പെട്ടതാണ്. കാരണം അപ്പോഴേക്കും ലോക്ക്ഡൗൺ ഉണ്ടാവില്ല. ആ സമയമാകുമ്പോൾ രാജ്യത്ത് ഒരു കോവിഡ് കേസ് പോലും ഉണ്ടാവരുതെന്നാണ് ഞങ്ങളുടെ സ്വപ്നം. പക്ഷേ അത് സംഭവിക്കുമെന്ന് കരുതുന്നില്ല. ഓരോ ദിവസവും കേസുകളുടെ എണ്ണം വർധിക്കുന്നു. രോഗ വ്യാപന നിരക്ക് കൂടിയാൽ നമുക്കത് കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കില്ല,'' അദ്ദേഹം പറഞ്ഞു.
Read in English: Coronavirus numbers explained: Cases likely to see sharp rise in coming days
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.