ജെറുസലേം: കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേൽ. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഇസ്രയേൽ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ച് ആണ് മരുന്ന് കണ്ടെത്തിയത്. ഇസ്രയേൽ പ്രതിരോധമന്ത്രി നാഫ്റ്റലി ബെന്നറ്റ് ആണ് വിവരം അറിയിച്ചത്. നെസ്സ് സിയോണയിലുള്ള രഹസ്യ റിസർച്ച് സെന്ററിലായിരുന്നു മരുന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നത്.
കൊറോണ രോഗിയുടെ ശരീരത്തിലുള്ള വൈറസിനെ ആക്രമിച്ച് നശിപ്പിക്കാൻ വാക്സിനിലുള്ള ആന്റിബോഡിക്ക് കഴിയുമെന്ന് ബെന്നറ്റ് വ്യക്തമാക്കി. ലാബ് സന്ദർശിച്ചതിനു ശേഷമാണ് ബെന്നറ്റിന്റെ പ്രസ്താവന. മരുന്ന് കണ്ടെത്തിക്കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയ തോതിൽ ഉത്പാദനം നടത്താനുമാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി ലോകത്തെ പ്രമുഖ മരുന്നു നിർമ്മാണ കമ്പനികളെ സമീപിക്കുമെന്നും റിസർച്ച് ഇൻസ്റ്റിറ്റ‌്യൂട്ട് അറിയിച്ചു.
Read More: കോവിഡ് മരണം രണ്ടര ലക്ഷം പിന്നിട്ടു; രോഗബാധിതർ 36 ലക്ഷം കടന്നു
“ഈ അത്ഭുതകരമായ മുന്നേറ്റത്തിന് കാരണമായ ഇൻസ്റ്റിറ്റ‌്യൂട്ട് ജീവനക്കാരെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു. അവരുടെ ക്രിയാത്മകതയും നല്ല മനസ്സും ഈ അത്ഭുതകരമായ നേട്ടത്തിന് കാരണമായി,” ബെന്നറ്റ് പറഞ്ഞു.
കൊറോണ വൈറസ് മഹാമാരിക്കെതിരായ സംയുക്ത പോരാട്ടത്തിനായുള്ള ധനസമാഹരണത്തിനായി രാജയാന്തര ദാതാക്കളുടെ കോൺഫറൻസിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച 60 മില്യൺ ഡോളർ (ഏകദേശം 210 ദശലക്ഷം ഡോളർ) വാഗ്ദാനം ചെയ്തിരുന്നു.
ലോകമെങ്ങുമുള്ള മരുന്നു പരീക്ഷണ ശാലകളിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. നേരത്തെ കൊറോണക്കെതിരെയുള്ള വാക്സിൻ കണ്ടെത്തിയതായി പൂനെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ‌്യൂട്ട് വ്യക്തമാക്കിയിരുന്നു. ന്യൂമോണിയയ്ക്കും ഡെങ്കിക്കുമെതിരെ ഫലപ്രദവും എന്നാൽ ചെലവ് കുറഞ്ഞതുമായ വാക്സിൻ കണ്ടെത്തിയ മരുന്നു നിർമ്മാണ കമ്പനിയാണ് സീറം ഇൻസ്റ്റിറ്റ‌്യൂട്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ‌്യൂട്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ വാക്സിൻ പ്രോഗ്രാമിലെ പ്രമുഖ പങ്കാളികളുമാണ്.
അതേസമയം, പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടും ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. ലോകവ്യാപകമായി 36,45,194 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,52,390 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 11,94,872 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
കോവിഡ് കനത്ത ആഘാതം സൃഷ്ടിച്ച അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 12,12,835 ആയി. 69,921 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1,88,027 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. രാജ്യത്ത് ഇന്നലെ മാത്രം 896 പേർ മരിച്ചു.