/indian-express-malayalam/media/media_files/uploads/2020/01/corona-virus.jpg)
ജനീവ: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. പുതിയതായി ആയിരത്തിലധികം ആളുകളിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൊറോണ വൈറസ് ബാധ തടയാൻ ലോകരാജ്യങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനയ്ക്ക് പുറമേ 18 രാജ്യങ്ങളിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിർദേശം.
അതേസമയം വിഷയം ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടനയുടെ അടിയന്തര യോഗം ഇന്ന് ചേരും. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതടക്കം പരിഗണനയിലുണ്ട്. ചൈനയ്ക്ക് പുറമെ തായ്‌ലാൻഡ്, ഫ്രാൻസ്, അമേരിക്ക, യുഎഇ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: കൊറോണ വൈറസ്; സുരക്ഷിതരായിരിക്കാൻ ചില വഴികൾ ഇതാ
വിദഗ്ധ ചികിത്സയിലൂടെ നിരവധി പേർ രോഗശാന്തി നേടിയിട്ടുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനം തടയാൻ വാക്സിനോ മരുന്നോ ഇതുവരെ കണ്ടെത്താത്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നെന്നും ലോകാരോഗ്യസംഘടന വിലയിരുത്തി. ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡനോം ഗബ്രിയേസസ് ചൈനയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. രോഗബാധിതരായ 20 ശതമാനം പേർ മാത്രമാണ് അതീവഗുരുതരാവസ്ഥയിലുളളതെന്ന് ടെഡ്രോസ് പറഞ്ഞു.
ചൈനയില്‍ ഉത്ഭവിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 170 പേര്‍ മരിച്ചു. ഇതുവരെ 6065 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇത് 4593 ആയിരുന്നു. ഇന്ത്യയും കനത്ത ജാഗ്രതയിലാണ്. വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പ് സൂക്ഷമമായ പരിശോധനകൾ നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിലെത്തുന്നവരെ നിരീക്ഷിച്ച ശേഷമാണ് പുറത്തേക്ക് കടത്തിവിടുന്നത്.
Also Read: കൊറോണ വൈറസ് ഭീതി പടരുന്നു; യുഎഇയില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചു
മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.