/indian-express-malayalam/media/media_files/uploads/2020/03/corona-covid-19.jpg)
റോം: കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരിക്കുകയാണ് ഇറ്റലിയിൽ. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചെെനയേക്കാൾ മരണസംഖ്യയാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് ഇറ്റലിയിൽ. കോവിഡ് ബാധിച്ചവരുടെ എണ്ണം 50,000 ത്തിലേക്ക് അടുക്കുകയാണ്. കോവിഡ് ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4,032 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 627 പേർ മരിച്ചു. ആറായിരത്തോളം പുതിയ കേസുകളാണ് ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്. ഇത് ഇറ്റലിയെ ഭയപ്പെടുത്തുന്ന കണക്കാണ്.
അതേസമയം, ചെെനയിൽ കോവിഡ് വ്യാപനം കുറയുകയാണ്. സ്ഥിതി നിയന്ത്രണവിധേയമെന്നാണ് ചെെന പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പുതിയ കേസുകൾ മാത്രമാണ് ചെെനയിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആകെ മരണസംഖ്യ 3,255 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് ഏഴ് പേരാണ്. പ്രതിരോധ നടപടികൾ ചെെനയിൽ ഫലം കണ്ടു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Read Also: Horoscope Today March 21, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
അതേസമയം, സ്‌പെയിനിൽ മരണസംഖ്യ ഉയരുന്നു. കോവിഡ് ബാധിച്ച് സ്‌പെയിനിൽ മരിച്ചവരുടെ എണ്ണം 1,093 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 262 പേർ സ്‌പെയിനിൽ മരിച്ചു. പുതിയ മരണങ്ങൾ സ്പെയിനിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഗുരുതര പ്രത്യാഘാതങ്ങളാണ് കോവിഡ് 19 മൂലം റിപ്പോർട്ട് ചെയ്യുന്നത്. അതീവ ജാഗ്രത പുലർത്തേണ്ട സമയമാണെന്നാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്.
ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. മാർച്ച് 22ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെയാണ് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ട്രെയിൻ ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവേ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.