/indian-express-malayalam/media/media_files/uploads/2020/07/sachin-pilot-rahul-gandhi-asok-gahlot.jpg)
ന്യൂഡൽഹി: രാജസ്ഥാനില്‍ ഇടഞ്ഞു നില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം രംഗത്ത്. മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സച്ചിനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമതനാകരുതെന്ന് സച്ചിനുമായി സംസാരിച്ച നേതാക്കന്‍മാര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി തലത്തില്‍ പരിഹാരം ഉണ്ടാക്കാമെന്ന് അവര്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കി. രാഹുലിനേയും പ്രിയങ്കയേയും കൂടാതെ അഹമ്മദ് പട്ടേല്‍, മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും സചിനുമായി സംസാരിച്ചു.
രാജസ്ഥാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ചു പ്രമേയം പാസാക്കി. മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ 100-ല്‍ അധികം എംഎല്‍എമാര്‍ പങ്കെടുത്തു.
യോഗത്തിനുശേഷം എംഎല്‍എമാരെ ജയ്പൂരിലെ ഹോട്ടല്‍ ഫെയര്‍മോണ്ടിലേക്ക് മാറ്റി. കുതിരക്കച്ചവടം പേടിച്ചാണ് എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റിയത്. 30 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന് പറഞ്ഞിരുന്നു. അതേസമയം, സചിന്‍ പൈലറ്റ് യോഗത്തില്‍ പങ്കെടുത്തില്ല.
സച്ചിന്‍ പൈലറ്റിന് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനുള്ള വാതില്‍ തുറന്ന് കിടക്കുകയാണെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറയുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ അശോക് ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹത്തിനിടെ 109 എംഎൽഎമാർ മുഖ്യമന്ത്രിയെ പിന്തുണച്ച് കത്തുകളിൽ ഒപ്പിട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ.
"മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരിനും, സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിനും പിന്തുണ പ്രഖ്യാപിച്ച് 109 എംഎല്‍എമാര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഒപ്പുവയ്ക്കാത്ത ചില എംഎല്‍എമാര്‍ മുഖ്യമന്ത്രിയുമായി ഫോണിലൂടെ സംസാരിച്ചു. അവരും കത്തില്‍ ഒപ്പുവയ്ക്കും," ഞായറാഴ്ച രാത്രി നടന്ന വാർത്താസമ്മേളനത്തിൽ രാജസ്ഥാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു.
Read More: രാജസ്ഥാനിൽ കോൺഗ്രസിനു ഭീഷണി; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം
ജയ്പൂരിൽ നടന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ എല്ലാ നിയമസഭാംഗങ്ങൾക്കും വിപ്പ് നകിയിരുന്നു. കൃത്യമായ കാരണം ബോധിപ്പിക്കാതെ ഏതെങ്കിലും എംഎൽഎമാർ യോഗത്തിൽ നിന്നും വിട്ടു നിന്നാൽ അവർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്നും പാണ്ഡേ പറഞ്ഞിരുന്നു.
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവരെ സോണിയ ഗാന്ധി ജയ്പൂരിലേക്ക് അയച്ചിരുന്നു. ഞായറാഴ്ച നടന്ന യോഗത്തിൽ ഇവരും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് വിപ്പ് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
എന്നാൽ, 30 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്ന രാജസ്ഥാൻ കോൺഗ്രസ് മേധാവിയും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു.
മധ്യപ്രദേശിൽ, ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ചില കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുകയും, കമൽനാഥ് സർക്കാരിന് അധികാരം നഷ്ടപ്പെടുകയും ചെയ്തതിന് പിന്നാലെ, രാജസ്ഥാനിൽ ഗെഹ്‌ലോട്ടും പൈലറ്റും തമ്മിലുള്ള കലഹം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിൽ നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തത് രാജസ്ഥാനിൽ കോൺഗ്രിന് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചില നിയമസഭാംഗങ്ങളും ദേശീയ തലസ്ഥാനത്ത് തുടരുകയാണ്. ഇന്ന് നടന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് പങ്കെടുക്കില്ലെന്ന്, അദ്ദേഹത്തിന്റെ മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന ലോകേന്ദ്ര സിങ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
എന്നാൽ താൻ ബിജെപിയിൽ ചേരുന്നില്ലെന്ന് സച്ചിൻ പൈലറ്റ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സച്ചിൻ പൈലറ്റിന്റെ ഓഫീസ് ഉന്നയിക്കുന്ന വാദങ്ങളെല്ലാം വ്യാജവും കിംവദന്തികളും മാത്രമാണെന്നാണ് ഗെഹ്‌ലോട്ട് ക്യാംപിന്റെ ആരോപണം.
"അദ്ദേഹത്തിന്റെ ഓഫീസിന് എന്തും ചെയ്യാൻ കഴിയും. അദ്ദേഹം തന്നെ മുന്നോട്ട് വന്ന് അവകാശവാദം ഉന്നയിക്കുമ്പോൾ ഞങ്ങൾ അത് ഔദ്യോഗികമായി പരിഗണിക്കും," ഗെഹ്‌ലോട്ടുമായി അടുപ്പമുള്ള ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.
Read in English: Congress says 109 MLAs supporting Gehlot, issues whip for Rajasthan CLP meeting today
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us