ജയ്‌പൂർ: മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടതായി റിപ്പോർട്ടുകൾ. കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് വാർത്തകൾ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പെെലറ്റും തമ്മിൽ അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്.

സച്ചിൻ പെെലറ്റ് ബിജെപിയുമായി ചർച്ച നടത്തിയെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, അത്തരം വാർത്തകളെയെല്ലാം സച്ചിൻ പെെലറ്റുമായി അടുത്ത വൃത്തങ്ങൾ പൂർണ്ണമായി തള്ളികളഞ്ഞു. എന്നാൽ, സച്ചിൻ പെെലറ്റിന്റെ നേതൃത്വത്തിൽ പ്രാദേശിക നീക്കങ്ങൾ ശക്തമാണ്. കോൺഗ്രസിൽ നിന്ന് പുറത്തുകടന്ന് മറ്റൊരു പ്രാദേശിക പാർട്ടിയായി നിൽക്കാനുള്ള സാധ്യതകൾ സച്ചിൻ പെെലറ്റ് വിഭാഗം ആലോചിക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 16 കോൺഗ്രസ് എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണ സച്ചിൻ പെെലറ്റിനുണ്ട്.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പെെലറ്റും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഒടുവിൽ ഹെെക്കമാൻഡ് ഇടപെട്ടാണ് സമവായത്തിലെത്തിയത്. ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി സച്ചിൻ പെെലറ്റ് ചർച്ച നടത്തിയതായാണ് വിവരം. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്നെ ഒതുക്കാൻ ശ്രമിക്കുന്നതായാണ് സച്ചിൻ പെെലറ്റിന്റെ പ്രധാന ആരോപണം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും സച്ചിൻ ഇന്നു ചർച്ച നടത്തും.

Read Also: എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ സാധ്യത

കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ സംഭവിച്ചതുപോലെ രാജസ്ഥാനിലും നടന്നാൽ അത് കോൺഗ്രസിനു വലിയ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ കേന്ദ്ര നേതൃത്വം സ്ഥിതിഗതികൾ സസൂക്ഷമം നിരീക്ഷിക്കുകയാണ്. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നേരത്തെ ആരോപിച്ചിരുന്നു.

എന്നാൽ, ബിജെപി ഇത്തരം ആരോപണങ്ങളെയെല്ലാം തള്ളികളഞ്ഞിട്ടുണ്ട്. കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ വന്ന വീഴ്ചകള്‍ മറച്ചുവയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി പറയുന്നു. കൂടാതെ, പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസ് ബിജെപിയെ കുറ്റപ്പെടുത്തുകയാണെന്നും അവര്‍ ആരോപിച്ചു.

”കഴിഞ്ഞ ഒന്നര വര്‍ഷത്തെ ഭരണത്തില്‍ എല്ലാ രംഗത്തും പരാജയപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടശേഷം ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ഉന്നയിക്കുന്നു. ഇത് കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വന്തം എംഎല്‍എമാരെ അവര്‍ക്കെന്തു കൊണ്ട് വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ല,” സംസ്ഥാന ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook