/indian-express-malayalam/media/media_files/uploads/2020/04/chennai-lockdown2.jpg)
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടലിൽ കൂടുതൽ ഇളവുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, രോഗികളുടെ എണ്ണത്തിൽ കുറവില്ല. ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകൾ ഉയരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ജൂൺ 15 മുതൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കുമെന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി വ്യാപക പ്രചരണം നടക്കുന്നത്. എന്നാൽ, ഇങ്ങനെയൊരു തീരുമാനം കേന്ദ്രസർക്കാർ ഇതുവരെ എടുത്തിട്ടില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിൽ ഒരു ഹിന്ദി വാർത്താചാനലിന്റെ സ്‌ക്രീൻഷോട്ടാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജൂൺ 15 മുതൽ വീണ്ടും ലോക്ക്‌ഡൗണ്‍ എന്ന് ഈ സ്‌ക്രീൻഷോട്ടിൽ പറയുന്നു. എന്നാൽ ഇത് വ്യാജമാണ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) തന്നെ ഈ വാർത്ത തള്ളി രംഗത്തെത്തി. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങൾ തള്ളിക്കളയണമെന്ന് പിഐബി ട്വീറ്റ് ചെയ്‌തു. ഇതുവരെ കേന്ദ്ര സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല.
Read Also: തുടർച്ചയായി അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വില വർധിച്ചു
അതേസമയം, രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക്‌ഡൗണ്‍ വീണ്ടും വേണമെന്ന് ആവശ്യപ്പെട്ട് ചില സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനം പൂർണമായി അടച്ചിടാൻ ആലോചിക്കുകയാണ് മഹാരാഷ്‌ട്ര സർക്കാർ. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. സമ്പൂർണ അടച്ചുപൂട്ടൽ തന്നെയാണ് കോവിഡ് പ്രതിരോധത്തിനു ഏറ്റവും നല്ല മരുന്നെന്നാണ് മിസോറാം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കാനുള്ള ആലോചനയിലാണ്.
ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
കോവിഡ്-19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജാഗ്രത തുടരണമെന്ന് ആവർത്തിച്ച് ലോകാരോഗ്യസംഘടന. ആഗോളതലത്തിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. “ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി ആളുകളുടെ ജാഗ്രതക്കുറവാണ്. കോവിഡ് മഹാമാരി ലോകമെമ്പാടും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ചില രാജ്യങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആശ്വസിക്കാൻ വകയുണ്ട്. ചില രാജ്യങ്ങളിൽ രോഗനിരക്ക് നേരത്തെയുള്ളതിനേക്കാൾ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. പക്ഷേ, കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾ അലംഭാവം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് ആശങ്ക വർധിപ്പിക്കുന്നു.” ലോകാരോഗ്യസംഘടന പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us