തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. രാജ്യത്ത് തുടർച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്.

അഞ്ച് ദിവസത്തിനുള്ളില്‍ പെട്രോളിന് ഉയര്‍ന്നത് രണ്ട് രൂപ 64 പൈസ. ഡീസലിന് വര്‍ധിച്ചത് രണ്ട് രൂപ 23 പൈസയുമാണ്. ഇന്നലത്തെ വിലയിൽ നിന്നും അറുപത് പൈസയോളം വര്‍ധിച്ചാണ് തലസ്ഥാനത്ത് ഇന്ന് വിൽപ്പന നടക്കുന്നത്.

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 75.72 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് 74.92 രൂപയായിരുന്നു. തിരുവനന്തപുരത്ത് ഇന്നത്തെ ഡീസൽ വില 69.85 ആണ്. ഇന്നലെ ഇത് 69.09 രൂപയായിരുന്നു.

Read Also: ‘വന്ദേ ഭാരത്’ ദൗത്യം മൂന്നാം ഘട്ടത്തിനു ഇന്നു തുടക്കം; കേരളത്തിലേക്കു കൂടുതൽ പ്രവാസികൾ മടങ്ങിയെത്തും

കൊച്ചിയിൽ ലിറ്ററിന് ഇന്ന് 74.08 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 68.30 രൂപയ്ക്ക് വിൽപന നടക്കുന്നു. കോഴിക്കോട് നഗരത്തിൽ പെട്രോൾ വില 74.39 രൂപയും ഡീസൽ വില 68.82 രൂപയുമാണ്.

അതേസമയം, രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ഇന്നത്തെ പെട്രോൾ വില 74 രൂപയാണ്. ഡീസലിന് 72.22 രൂപയും. മുംബൈയിൽ പെട്രോള്‍ ലിറ്ററിന് 80.98 രൂപയ്ക്കും ഡീസൽ ലിറ്ററിന് 70.92രൂപയ്ക്കും വിൽപ്പന നടക്കുന്നു.

കോവിഡ് നിയന്ത്രണത്തിനായി രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് 83 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ഞായറാഴ്‌ചയാണ് ഇന്ധനവില വീണ്ടും വർധിച്ചത്. അതിനുശേഷം തുടർച്ചയായി അഞ്ച് ദിവസവും ഇന്ധനവില വർധിച്ചു. ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആനുപാതികമായി എക്സൈസ് തീരുവ വര്‍ധിപ്പിച്ചതാണ് ഇന്ധനവില കൂടാൻ കാരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.