/indian-express-malayalam/media/media_files/uploads/2019/11/Vote.jpg)
ന്യൂഡൽഹി: രാജ്യത്ത് ലോക്‌സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ബിജെപി ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ഒറ്റ വോട്ടർ പട്ടിക നടപ്പാക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ചചെയ്തു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 13 നാണ് യോഗം ചേർന്നത്. ഒറ്റ വോട്ടർ പട്ടിക സമ്പ്രദായം സംബന്ധിച്ച് സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രസർക്കാർ ആരായും.
ഒറ്റ വോട്ടർ പട്ടികയിലേക്ക് രണ്ട് നിർദേശങ്ങൾ
ഒറ്റ വോട്ടർ പട്ടിക സമ്പ്രദായം കൊണ്ടുവരുന്നതിനു ഭരണഘടനാ ഭേദഗതി ആവശ്യമായി വരും. പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ നിർദേശം ഉയർന്നു. അനുച്ഛേദം 243 കെ, 243 ഇസെഡ്എ എന്നിവയിലാണ് ഭേദഗതി വേണ്ടത്.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ മാറ്റാൻ സംസ്ഥാന സർക്കാരുകളെ പ്രേരിപ്പിക്കുകയും മുനിസിപ്പൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടിക സ്വീകരിക്കുകയും ചെയ്യുക എന്ന നിർദേശവും യോഗത്തിൽ ഉയർന്നു.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ലെജിസ്‌ലേറ്റീവ് സെക്രട്ടറി ജി നാരായണ രാജു, പഞ്ചായത്തിരാജ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറി ജനറൽ ഉമേഷ് സിൻഹ ഉൾപ്പെടെ മൂന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
Read Also: ഹിന്ദു നായികയും മുസ്‌ലിം നായകനും; ലവ് ജിഹാദെന്ന് ആരോപിച്ച് സീരിയലിന് വിലക്ക്
തദ്ദേശഭരണ തിരഞ്ഞെടുപ്പ്: കേരളത്തിന് സ്വന്തം വോട്ടർ പട്ടിക
അനുച്ഛേദം 243 കെ, 243 ഇസെഡ്എ എന്നിവ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടുള്ളതാണ്. വോട്ടർ പട്ടിക തയാറാക്കുന്നതിനുള്ള നിയന്ത്രണം, തിരഞ്ഞെടുപ്പ് നടത്തൽ തുടങ്ങിയ അധികാരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്കു നൽകുന്നതാണ് ഈ അനുച്ഛേദങ്ങൾ.
മറുവശത്ത്, ഭരണഘടനയുടെ അനുച്ഛേദം 324 (1) പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകൾക്കും വോട്ടർ പട്ടിക തയാറാക്കൽ, പരിഷ്‌കരിക്കൽ, തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കൽ, നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നൽകുന്നതാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്ക് സ്വന്തം വോട്ടർ പട്ടിക തയാറാക്കാൻ സ്വാതന്ത്ര്യമുണ്ട്. ഈ പ്രക്രിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഏകോപിപ്പിക്കേണ്ടതില്ല.
നിലവിൽ, ഭൂരിപക്ഷം സംസ്ഥാനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയാണ് ഉപയോഗിക്കുന്നത്. എന്നാൽ, കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ സ്വന്തം വോട്ടർ പട്ടിക ഉപയോഗിക്കുന്നു. കേരളത്തിനു പുറമേ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, അസം, മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീർ എന്നിവയ്‌ക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് പട്ടികയുണ്ട്.
Read Also: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; തുടർച്ചയായി മൂന്നാം ദിവസം 75,000 ത്തിലേറെ പേർക്ക് രോഗം
കേന്ദ്രം സംസ്ഥാനങ്ങളുടെ നിലപാട് തേടും
യോഗത്തിൽ ഉയർന്നുവന്ന രണ്ട് നിർദേശങ്ങളിൽ പഞ്ചായത്തിരാജ് സെക്രട്ടറി സുനിൽകുമാർ പിന്തുണച്ചത് രണ്ടാമത്തെ നിർദേശമാണ്. തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടിക ഉപയോഗിക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുകയാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുമായി ഒറ്റ വോട്ടർ പട്ടികയെക്കുറിച്ച് ആലോചിക്കാനും സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം ആരായാനും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര നിർദേശം നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളുടെ നിലപാട് അറിയണമെന്നാണ് നിർദേശം.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവച്ച നയമായിരുന്നു ഒറ്റ വോട്ടർ പട്ടിക എന്നത്. ലോക്‌സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾ ഒറ്റ തവണയായി നടത്തുക എന്ന ആശയം ബിജെപി മുന്നോട്ടുവച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.