തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിലധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 2137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 197 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 408 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 379 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തൃശൂർ, കൊല്ലം ജില്ലകളിൽ ഇരുന്നൂറിലധികം പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനം ഓണാഘോഷത്തിലേക്ക് കടക്കുന്ന ദിവസങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കുന്നതിനടക്കമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഒപ്പം പൊതുജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകൾ നടപടികളെക്കുറിച്ചുള്ള നിർദേശവും സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഓണത്തെ വരവേൽക്കുന്നത് കൃത്യമായ കരുതലോടെ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഓണത്തിന്റെ സമയത്ത് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദർശിക്കുന്ന പതിവിൽ നിന്ന് ഇത്തവണ വിട്ടുനിൽക്കാൻ എല്ലാവരും തയ്യാറാവണമെന്ന തടക്കമുള്ള നിർദേശങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ട് വയ്ക്കുന്നത്.

അതിനിടെ ഒരു ആശ്വാസ വാർത്തയും ഇന്ന് സംസ്ഥാനത്ത് നിന്നു കേട്ടു. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു 110 വയസ്സുകാരി ഇന്ന് രോഗമുക്തി നേടി. മലപ്പുറം ജില്ലയിലെ രണ്ടത്താണി സ്വദേശിനി വാരിയത്ത് പാത്തുവാണ് 110ാം വയസ്സിൽ കോവിഡിനെ അതിജീവിച്ചത്.

Kerala Covid -19 Tracker: സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 2397 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 23,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,083 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 197 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളിൽ നിന്നു വന്ന 68 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 126 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

63 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂർ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസർഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 3 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

തിരുവനന്തപുരം – 408
മലപ്പുറം – 379
കൊല്ലം – 234
തൃശൂര്‍ – 225
കാസര്‍ഗോഡ് – 198
ആലപ്പുഴ – 175
കോഴിക്കോട് – 152
കോട്ടയം- 139
എറണാകുളം – 136
പാലക്കാട് – 133
കണ്ണൂര്‍ – 95
പത്തനംതിട്ട – 75
ഇടുക്കി – 27
വയനാട് – 21

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം – 393
മലപ്പുറം – 350
കൊല്ലം – 213
തൃശൂര്‍ – 208
കാസര്‍ഗോഡ് – 184
കോഴിക്കോട് – 136
കോട്ടയം – 134
ആലപ്പുഴ – 132
എറണാകുളം – 114
പാലക്കാട് – 101
കണ്ണൂര്‍ – 83
പത്തനംതിട്ട – 51
വയനാട് – 20
ഇടുക്കി – 18

രോഗ മുക്തി നേടിയവർ

തിരുവനന്തപുരം – 591
കൊല്ലം – 104
പത്തനംതിട്ട – 89
ആലപ്പുഴ – 236
കോട്ടയം – 120
ഇടുക്കി – 41
എറണാകുളം – 148
തൃശൂര്‍ – 142
പാലക്കാട് – 74
മലപ്പുറം – 372
കോഴിക്കോട് – 131
വയനാട് – 38
കണ്ണൂര്‍ – 94
കാസര്‍ഗോഡ് – 45

ആറ് മരണങ്ങൾ സ്ഥിരീകരിച്ചു

ആറ് മരണങ്ങൾ കോവിഡ് കാരണമാണെന്ന് ശനിയാഴ്ച സ്ഥിരീകരിച്ചു. ആഗസ്റ്റ് 20ന് മരണമടഞ്ഞ കാസർഗോഡ് ഉദിനൂർ സ്വദേശി വിജയകുമാർ (55), ആഗസ്റ്റ് 21ന് മരണമടഞ്ഞ വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശി കെ.എം. ഷാഹുൽ ഹമീദ് (69), ആഗസ്റ്റ് 26ന് മരണമടഞ്ഞ മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനി ഇയ്യാതുട്ടി (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കണ്ണൂർ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 280 ആയി.

1,95,927 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,927 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,76,822 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,105 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2363 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 34,988 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകളാണ് പരിശോധിച്ചതെന്്ന് സംസ്ഥാന സർക്കാർ അറിയിച്ചു. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 16,43,633 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,77,356 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

15 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ശനിയാഴ്ച 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 1), കൂത്താട്ടുകുളം (സബ് വാർഡ് 16, 17), മലയാറ്റൂർ നിലേശ്വരം (സബ് വാർഡ് 15), പള്ളിപ്പുറം (സബ് വാർഡ് 10, 14), ശ്രിമൂലനഗരം (സബ് വാർഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാർഡ് 10, 11), കഞ്ഞിക്കുഴി (സബ് വാർഡ് 15), ഇടുക്കി ജില്ലിയെ ആലക്കോട് (സബ് വാർഡ് 5), മരിയപുരം (സബ് വാർഡ് 8, 9), തൃശൂർ ജില്ലയിലെ അന്തിക്കാട് (12), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (2, 11), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാർഡ് 10, 13, 14, 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 19, 20, 21, 22, 23), കാസർഗോഡ് ജില്ലയിലെ മൂളിയാർ (14), പത്തനംതിട്ട ജില്ലയിലെ കുളനട (സബ് വാർഡ് 1, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

25 പ്രദേശങ്ങളെ ഒഴിവാക്കി

25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തരൂർ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്പ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14), തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), എളകമൻ (6), തൃശൂർ ജില്ലയിലെ ആളൂർ (സബ് വാർഡ് 20), മുള്ളൂർക്കര (5, 10), നെ•ണിക്കര (5), മടക്കത്തറ (സബ് വാർഡ് 4), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ (8 (സബ് വാർഡ്), 9, 11 ), തണ്ണീർമുക്കം (2), പതിയൂർ (17), എറണാകുളം ജില്ലയിലെ കല്ലൂർക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (സബ് വാർഡ് 2, 3, 10), പ്രമാടം (18), വയനാട് ജില്ലയിലെ പനമരം (23), മലപ്പുറം ജില്ലയിലെ വാളാഞ്ചേരി മുൻസിപ്പാലിറ്റി (8, 13, 14, 20, 30), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 589 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് കർശന നിയന്ത്രണം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് കർശന നിയന്ത്രണം. ഓണത്തിരക്ക് നിയന്ത്രിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി. പൊതുസ്ഥലങ്ങളിലെ ഓണാഘോഷമോ ഓണസദ്യയോ കൂട്ടംകൂടലോ ഒരു തരത്തിലും അനുവദിക്കില്ല. പായസം, മല്‍സ്യം തുടങ്ങിയവ വില്‍ക്കുന്ന കടകളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ഡിജിപി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നൽകുന്നു.

Read Also: Covid-19 vaccine tracker, August 29: കോവിഡ് വാക്സിൻ ഈ വർഷം തന്നെ എത്തുമെന്ന് യുഎസും യുകെയും

ഓണാഘോഷം മുൻകരുതലോടെ വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം മുൻകരുതലോടെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹസദ്യയും മറ്റു പൊതു പരിപാടികളും ഒഴിവാക്കണമെന്നും ഓണത്തിന്റെ സമയത്ത് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദർശിക്കുന്ന പതിവിൽ നിന്ന് ഇത്തവണ വിട്ടുനിൽക്കാൻ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം നിർദേശിച്ചു.

കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിംഗിനായി പോകുക. ഫോണിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാനും വീട്ടിൽ ഡെലിവറി ചെയ്യാനും കഴിയുന്ന സാഹചര്യമുള്ളവർ ആ സാധ്യത ഉപയോഗിക്കണം. പണമിടപാടുകൾ ഡിജിറ്റലാക്കാൻ ശ്രദ്ധിക്കണം. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിൻ കൗണ്ടര്‍ വേണം തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

110 വയസ്സുകാരി രോഗമുക്തി നേടി

മഞ്ചേരി: കോവിഡ്-19 ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസ്സുകാരി കോവിഡ് മുക്തയായി. മലപ്പുറം ജില്ലയിലെ രണ്ടത്താണി സ്വദേശിനി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ചത്. രോഗമുക്തി നേടിയ ഇവർ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി.

സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവര്‍. ഓഗസ്റ്റ് 18നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെയിയിരുന്നു രോഗബാധ. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്നും അവർ പറഞ്ഞു.

തിരുവനന്തപുരത്ത് 408 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 408 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 393 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 591 പേർ രോഗമുക്തി നേടി.

ഇന്ന് ജില്ലയില്‍ പുതുതായി 1,025 പേര്‍ രോഗനിരീക്ഷണത്തിലായി. 1,298 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.ജില്ലയില്‍ 19,606 പേര്‍ വീടുകളിലും 607 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് 527 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 492 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചവർ ഇരുന്നൂറിലധികം

കൊല്ലം ജില്ലയിൽ ഇന്ന് 234 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 12 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ എട്ട് പേർക്കും സമ്പർക്കം മൂലം 213 പേർക്കും, ഒര് ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 104 പേർ രോഗമുക്തി നേടി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആഗസ്റ്റ് 25 ന് മരണമടഞ്ഞ കൊല്ലം സ്വദേശി അനീഷ് (30) ന്റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

പത്തനംതിട്ടയില്‍ 75 പേര്‍ക്ക് കോവിഡ്; 89 പേർക്ക് രോഗമുക്തി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 58 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 89 പേർ ഇന്ന് രോഗവിമുക്തരായി.

ആലപ്പുഴയിൽ 175 പേർക്ക് രോഗബാധ; 132 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ ജില്ലയിൽ ഇന്ന് 175 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 132 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്തുനിന്നും 15 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

ഇന്ന് 236 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 3279 പേർ രോഗം മുക്തരായി. 2249 പേർ ചികിത്സയിലുണ്ട്.

കോട്ടയത്ത് 139 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ പുതിയതായി 139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 131 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആറു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 33 പേര്‍ക്ക് ബാധിച്ചു.

116 പേര്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ 1334 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3682 പേര്‍ക്ക് രോഗം ബാധിച്ചു. 2345 പേര്‍ രോഗമുക്തരായി. ആകെ 13725 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 27 പേർക്ക് കോവിഡ്; ആറ് പേരുടെ രോഗ ഉറവിടം അറിയില്ല

ഇടുക്കി ജില്ലയിൽ ഇന്ന് 27 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ആറ് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 136 പേർക്ക് രോഗബാധ

എറണാകുളം ജില്ലയിൽ ഇന്ന് 136 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 114 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ എത്തിയ 13 പേർക്കും രോഗം സ്ഥിരീകരിച്ചു. 148 പേർ രോഗമുക്തി നേടി.

ഇന്ന് 845 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 874 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16469 ആണ്. ഇതിൽ 14114 പേർ വീടുകളിലും, 118 പേർ കോവിഡ് കെയർ സെന്ററുകളിലും 2237 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 187 പേരെ പുതുതായി ആശുപത്രികളിലോ എഫ് എൽ റ്റി സികളിലോ പ്രവേശിപ്പിച്ചു. 153 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2073 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1649 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1234 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 983 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 225 പേർക്ക് രോഗബാധ

തൃശൂർ ജില്ലയിൽ ശനിയാഴ്ച 25 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 208 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. രണ്ട് ആരോഗ്യപ്രവർത്തകർക്കും ഒരു ഫ്രൻറ് ലൈൻ വർക്കർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 11 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ആറ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4230 ആണ്. അസുഖബാധിതരായ 2782 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 133 പേർക്ക് കോവിഡ്; 74 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 133പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 78 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 25 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 26 പേർ എന്നിവർ ഉൾപ്പെടും. 74 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 379 പേര്‍ക്ക് കോവിഡ്; ഉറവിടമറിയാതെ 33 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് 379 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 317 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. 33 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് കോവിഡ് ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേ സമയം 373 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 6,045 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 152 പേർക്ക് കോവിഡ്; 131 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 152 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 136 പേർക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ 8 പേർക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിൽ സമ്പർക്കം മുഖേന 66 പേർക്കും പെരുമണ്ണയിൽ 14 പേർക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചികിത്സയിലുളള രോഗികളുടെ എണ്ണം 1843 ആയി. 131 പേർ രോഗമുക്തി നേടി.

വയനാട് ജില്ലയില്‍ 21 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 38 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1458 ആയി. ഇതില്‍ 1221 പേര്‍ രോഗമുക്തരായി. 228 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കണ്ണൂരിൽ 95 പേർക്ക് രോഗബാധ; 92 പേര്‍ക്ക് രോഗമുക്തി

കണ്ണൂർ ജില്ലയിൽ 95 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 83 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കോവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 92 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2367 ആയി.

എംഐടി ഡിസിടിസി, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 29 വീതം പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 19 പേരും രോഗമുക്തി നേടി. 12 പേര്‍ പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്നും രണ്ട് പേര്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്നും ഒരാള്‍ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്.

കാസര്‍ഗോട്ട് 198 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍ഗോട് ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 4773 പേരും സ്ഥാപനങ്ങളില്‍ 1025 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5598 പേരാണ്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1068 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 798 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം ജില്ലയിൽ ഓണാഘോഷങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓണാഘോഷം വീടുകളിൽ മാത്രമായിരിക്കണമെന്ന് ജില്ലാ കലക്‌ടർ നവജോത് ഖോസ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കണം. വഴിയോര കച്ചവടക്കാർ, മത്സ്യ വ്യാപാരികൾ, ലഘുഭക്ഷണ ശാലകൾ എന്നിവ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിക്കണം. കലാപരിപാടികള്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തണം. ഹാളുകള്‍, മൈതാനങ്ങള്‍,റോഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നില്ലെന്നു റസിഡന്‍ഡ് അസോസിയേഷനുകള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്‌ടർ നിർദേശിച്ചു. കടകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ വ്യാപാരം നടത്താവൂ. സാമൂഹിക അകലം ഉറപ്പാക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി. അതീവ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ രോഗവ്യാപനം അതിരൂക്ഷമാകുമെന്ന് ജില്ലാ ഭരണകൂടം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്ത്  കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; തുടർച്ചയായി മൂന്നാം ദിവസം 75,000 ത്തിലേറെ പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം രാജ്യത്ത് 76,472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് 75,000 ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 34,63,973 ആയി ഉയർന്നു. നിലവിൽ 7,52,424 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നു. 26,48,999 പേർ രോഗമുക്തി നേടി. ഇന്നലെ ആയിരത്തിലേറെ പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,021 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് ആയിരത്തിലേറെ പേർ രോഗം ബാധിച്ച് മരിക്കുന്നത്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 62,550 ആയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.