scorecardresearch

കുനാല്‍ കമ്രയ്ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പിന്മാറി

താൻ പാസാക്കിയ ഉത്തരവ് സംബന്ധിച്ചാണു കമ്രയിൽനിന്നു വിവാദ ട്വീറ്റുകളുണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റിസ് കേസിൽനിന്നു പിന്മാറിയത്

താൻ പാസാക്കിയ ഉത്തരവ് സംബന്ധിച്ചാണു കമ്രയിൽനിന്നു വിവാദ ട്വീറ്റുകളുണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റിസ് കേസിൽനിന്നു പിന്മാറിയത്

author-image
WebDesk
New Update
kunal kamra, contempt of court, supreme court, dy chandrachud

ന്യൂഡല്‍ഹി: ജുഡീഷ്യറിക്കെതിരായ അപകീര്‍ത്തികരമായ ട്വീറ്റുകളുടെ പേരില്‍ സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പിന്മാറി.

Advertisment

''ഞാന്‍ ഭാഗമല്ലാത്ത ബെഞ്ചിന് ഈ വിഷയം വിടും. കാരണം ഞാന്‍ പാസാക്കിയ ഉത്തരവ് സംബന്ധിച്ചാണ് അഭിപ്രായങ്ങള്‍ (ട്വീറ്റുകള്‍) ഉണ്ടായത്,'' വിഷയത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജസ്റ്റിസ് പി എസ് നരസിംഹയും ഉള്‍പ്പെട്ട ബെഞ്ച് വിഷയം രണ്ടാഴ്ച കഴിഞ്ഞുള്ള ദിവസത്തേക്കു ലിസ്റ്റ് ചെയ്തു. കേസ് ഇനി ചീഫ് ജസ്റ്റിസ് മറ്റൊരു ബെഞ്ചിനു വിടും.

2018 ലെ ആത്മഹത്യാ പ്രേരണ കേസില്‍ തന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി പരിഗണിച്ചപ്പോഴാണു 2020 നവംബര്‍ 11 നാണു കമ്രയില്‍നിന്നു വിവാദ ട്വീറ്റുകളുണ്ടായത്. ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണു ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

Advertisment

സുപ്രീം കോടതിയ്ക്കെതിരായ ട്വീറ്റുകളുടെ പേരില്‍ 2020 ഡിസംബര്‍ 18-നാണു കമ്രയ്ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് കമ്രയെ ഒഴിവാക്കിയിരുന്നു.

നിയമവിദ്യാര്‍ത്ഥിയായ ശ്രീരംഗ് കട്നേശ്വര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നാല് ഹര്‍ജികളാണു കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ചത്. തുടര്‍ന്നു, അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നല്‍കി.

കമ്രയുടെ ട്വീറ്റുകള്‍ മോശം താല്‍പ്പര്യമുള്ളതാണെന്നും സുപ്രീം കോടതിയെ ലജ്ജാകരമായി ആക്രമിക്കുന്നതു ശിക്ഷാര്‍ഹമാണെന്ന് ജനങ്ങള്‍ മനസിലാക്കേണ്ട സമയമാണിതെന്നും പറഞ്ഞുകൊണ്ടാണ് അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കിയത്. കോടതിയലക്ഷ്യ നിയമത്തിന്റെ 15-ാം വകുപ്പ് പ്രകാരം ഒരു വ്യക്തിക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ സമ്മതം ആവശ്യമാണ്.

ജുഡീഷ്യറിക്കെതിരായ തന്റെ ട്വീറ്റുകളെ, 2021 ജനുവരി 29 നു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കമ്ര ന്യായീകരിച്ചിരുന്നു. ശക്തരായ ആളുകളും സ്ഥാപനങ്ങളും 'ശാസനയോ വിമര്‍ശനമോ സഹിക്കാന്‍' കഴിവില്ലായ്മ കാണിച്ചാല്‍ ഇന്ത്യ 'തടങ്കലിലാക്കപ്പെട്ട കലാകാരന്മാരുടെയും പുഷ്ടിപ്പെടുന്നഓമനനായ്ക്കളുടെയും രാജ്യമായി' ചുരുങ്ങുമെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞു.

അസഹിഷ്ണുതയുടെ സംസ്‌കാരം വര്‍ധിച്ചുവരുമ്പോള്‍ കുറ്റം ചെയ്യുന്നതു മൗലികാവകാശമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

''മുനവര്‍ ഫാറൂഖിയെപ്പോലുള്ള കൊമേഡിയന്മാര്‍ ചെയ്യാത്ത തമാശകളുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെടുകയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റത്തിനു ചോദ്യം ചെയ്യുകയും ചെയ്യുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണത്തിനു നാം സാക്ഷ്യം വഹിക്കുന്നു. അത്തരമൊരു സമയത്ത്, അഭിപ്രായ സ്വാതന്ത്ര്യത്തിനു വിശിഷ്ടമായ ഭരണഘടനാപരമായ മൂല്യമുണ്ടെന്നു ഈ കോടതി തെളിയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' കമ്ര പറഞ്ഞു.

സുപ്രീം കോടതിക്കെതിരായ ക്രിമിനല്‍ അലക്ഷ്യത്തിന് 2,000 രൂപ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കാം.

Supreme Court Chief Justice Of India Contempt Of Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: