scorecardresearch

എപ്പോഴാണ് രാജ്യത്തിന് 'ചൈന പേ ചര്‍ച്ച' ഉണ്ടാവുക? മോദിയോട് ഖാര്‍ഗെ

അതിർത്തി വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ വിശ്വാസത്തിലെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു

അതിർത്തി വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ വിശ്വാസത്തിലെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു

author-image
WebDesk
New Update
Mallikarjun Kharge, Narendra Modi, Indo-China conflict, Siliguri corridor, India China relation

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചില്ലെന്നും വിഷയത്തില്‍ രാജ്യത്തെ വിശ്വാസത്തിലെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ സാഹചര്യത്തിലാണു സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ വിമര്‍ശം.

Advertisment

ദോക്ലാമിലെ ചൈനയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമായ തന്ത്രപ്രധാനമായ 'സിലിഗുരി ഇടനാഴി'യ്ക്കു ഭീഷണിയാണെന്നു പറഞ്ഞ അദ്ദേഹം രാജ്യത്തിന് എപ്പോഴാണു 'ചൈന പേ ചര്‍ച്ച' ഉണ്ടാകുകയെന്നു ചോദിച്ചു.

''ദോക്ലാമിലെ 'ജാംഫെരി റിഡ്ജ്' വരെയുള്ള ചൈനീസ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടവും ഇന്ത്യയുടെ തന്ത്രപ്രധാന സ്ഥലവുമായ 'സിലിഗുരി ഇടനാഴി'യ്ക്കു ഭീഷണിയാണ്! ഇതു നമ്മുടെ ദേശീയസുരക്ഷയെ സംബന്ധിച്ചിടത്തോളം അത്യന്തം ആശങ്കാജനകമാണ്! നരേന്ദ്ര മോദി ജീ, രാഷ്ട്രത്തിന് എപ്പോഴാണു 'ചൈന പേ ചര്‍ച്ച' ഉണ്ടാവുക?'' പ്രധാനമന്ത്രി മോദിയുടെ പ്രചാരണ സംരംഭമായ 'ചായ് പേ ചര്‍ച്ച'യെ പരിഹസിച്ചുകൊണ്ട് ഖാര്‍ഗെ ട്വീറ്റ് ചെയ്തു. മോദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്.

Advertisment

കോണ്‍ഗ്രസ് ഉന്നയിച്ച ഏഴ് ചോദ്യങ്ങളില്‍ 'മന്‍ കി ബാത്ത്' പങ്കുവയ്‌ക്കേണ്ടതു പ്രധാനമന്ത്രിയുടെ രാഷ്ട്രീയ കടമയും ധാര്‍മിക ഉത്തരവാദിത്തവുമാണെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി (കമ്യൂണിക്കേഷന്‍സ്) ജയറാം രമേശ് പ്രസ്താവനയില്‍ പറഞ്ഞു.

''രാഷ്ട്രം അറിയാന്‍ ആഗ്രഹിക്കുന്നു… അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ചും ചൈനയില്‍നിന്നു നാംനേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പാര്‍ലമെന്റില്‍ ചര്‍ച്ച വേണ്ടെന്ന് നിങ്ങള്‍ എന്തിനാണു ശഠിക്കുന്നത്,'' അദ്ദേഹം ചോദിച്ചു.

''നിങ്ങള്‍ മുന്‍പില്ലാത്ത വിധം 18 തവണ ചൈനീസ് നേതൃത്വത്തെ കാണുകയും അടുത്തിടെ ബാലിയില്‍ വച്ച് ഷി ജിന്‍പിങ്ങുമായി ഹസ്തദാനം ചെയ്യുകയും ചെയ്തു. അതിനു തൊട്ടുപിന്നാലെ ചൈന തവാങ്ങിലേക്ക് നുഴഞ്ഞുകയറുകയും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റുകയും ചെയ്തു. എന്തുകൊണ്ടാണു നിങ്ങള്‍ രാജ്യത്തെ വിശ്വാസത്തിലെടുക്കാത്തത്?''അദ്ദേഹം ചോദിച്ചു.

''കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്കു ചൈനയുടെ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന്'' എന്തുകൊണ്ടാണു 2020 ജൂണ്‍ 20ന് പ്രധാനമന്ത്രി പറഞ്ഞത്. 020 മെയ് മാസത്തിന് മുമ്പ് ഞങ്ങള്‍ പതിവായി പട്രോളിംഗ് നടത്തിയിരുന്ന കിഴക്കന്‍ ലഡാക്കിലെ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററില്‍ നമ്മുടെ സൈന്യത്തെ തടയാന്‍ നിങ്ങള്‍ ചൈനക്കാരെ അനുവദിച്ചത് എന്തുകൊണ്ടാണ്?'' ജയറാം രമേശ് ചോദിച്ചു.

മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍പ്‌സ് സ്ഥാപിക്കാന്‍ 2013 ജൂലൈ 17നു മന്ത്രിസഭ അംഗീകരിച്ച പദ്ധതി എന്തുകൊണ്ടാണു പ്രധാനമന്ത്രി ഉപേക്ഷിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

''പിഎം കെയര്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ നിങ്ങള്‍ ചൈനീസ് കമ്പനികളെ അനുവദിച്ചത് എന്തുകൊണ്ടാണ്? കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയില്‍നിന്നുള്ള ഇറക്കുമതി റെക്കോര്‍ഡ് നിലവാരത്തിലെത്താന്‍ നിങ്ങള്‍ അനുവദിച്ചത് എന്തുകൊണ്ട്,'' അദ്ദേഹം ചോദിച്ചു.

ചൈന യുദ്ധത്തിനു തയാറെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണു കോണ്‍ഗ്രസിന്റെ ആക്രമണം. അതേമയം, രാഹുല്‍ സൈന്യത്തിന്റെ മനോവീര്യം തകർക്കുകയാണെന്നു പറഞ്ഞുകൊണ്ടാണു ബി ജെ പിയുടെ ഇതിനോട് പ്രതികരിച്ചത്.

അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്സെ പ്രദേശത്ത് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍ എസി) സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാന്‍ ഡിസംബര്‍ ഒന്‍പതിനു ചൈനീസ് സൈന്യം ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ 'ശക്തമായ പ്രതികരണത്തില്‍'ം അവര്‍ പിന്‍വാങ്ങിയതായി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു.

കിഴക്കന്‍ ലഡാക്കില്‍ ഇരുപക്ഷവും തമ്മില്‍ 30 മാസത്തിലേറെയായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിനിടയിലാണ് ഈ ഏറ്റുമുട്ടല്‍ നടന്നത്.

Narendra Modi Mallikarjun Kharge China India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: