ന്യൂഡല്‍ഹി:ഗുജറാത്ത് കലാപകേസിലെ പ്രതികളെ വെറുതെ വിട്ട വിഷയത്തില്‍ ബില്‍ക്കിസ് ബാനോ നല്കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നല്കിയ വിധി പുനഃപരിശോധിക്കണം എന്നായിരുന്നു ബില്‍ക്കിസ് ബാനോയുടെ ആവശ്യം. പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തതിനെതിരെ ബില്‍ക്കിസ് ബാനോ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
2002ലെ ഗോധ്ര കലാപത്തില്‍ ബില്‍ക്കിസ് ബാനോയുടെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ 11 പ്രതികളുടെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് കോടതി അനുമതി നല്‍കിയിരുന്നു. സൂപ്രീംകോടതിയുടെ മെയിലെ ഉത്തരവിനെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനോ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുന്‍പ് ഗുജറാത്ത് സര്‍ക്കാര്‍ 11 പ്രതികളെ മോചിപ്പിച്ചതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നത്.
കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. 15 വർഷത്തോളമായി ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ച് ഓഗസ്റ്റ് 15നാണ് ഗുജറാത്ത് സർക്കാർ പ്രതികളെ വിട്ടയച്ചത്. 2008ല്‍ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്കി. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.