/indian-express-malayalam/media/media_files/uploads/2019/08/Chandrayaan-2-2.jpg)
ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക്. ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഒന്‍പത് സെക്കന്‍ഡ് നേരം കൊണ്ടാണ് ഭ്രമണപഥം താഴ്ത്തിയത്. ഇപ്പോള്‍ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ അകലെയാണ് ഉള്ളത്. ആദ്യത്തെ ദിശാക്രമീകരണം ചൊവ്വാഴ്ച വിജയകരമായി നടന്നിരുന്നു
Read More: ചരിത്രത്തിലേക്ക് ഒരു ചുവട് കൂടി; ഓര്‍ബിറ്ററില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെട്ടു
വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയ ആരംഭിക്കുക. പുലര്‍ച്ചെ 1.30-2.30നും ഇടയില്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബെംഗളൂരുവില്‍ ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന (ഐഎസ്ആര്‍ഒ)യുടെ ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെത്തും.
The second de-orbiting maneuver for #Chandrayaan spacecraft was performed successfully today (September 04, 2019) beginning at 0342 hrs IST.
For details please see https://t.co/GiKDS6CmxE
— ISRO (@isro) September 3, 2019
ജൂലായ് 22നാണ് 978 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 ജിഎസ്എല്‍വി മാര്‍ക്ക് മൂന്നില്‍ കുതിച്ചുയര്‍ന്നത്. ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍-2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍-2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍-2. ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 വിജയകരമായി വിക്ഷേപിച്ചതിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍-2.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.