/indian-express-malayalam/media/media_files/uploads/2022/10/kg_balakrishnan-1.jpg)
ന്യൂഡല്‍ഹി: പട്ടികജാതിക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം പഠിക്കാന്‍ കമ്മിഷനെ നിയമിച്ച് കേന്ദ്രം. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ കമ്മിഷനെയാണ് കേന്ദ്രം നിയമിച്ചത്. ചരിത്രപരമായി പട്ടികജാതി വിഭാഗത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുന്നവരും എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവില്‍ പറയാത്ത മതം മാറിയവരുമായവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നത് സംബന്ധിച്ച് കമ്മിഷന്‍ വിശദമായി പഠിക്കും.
മൂന്നംഗ കമ്മിഷനില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ.രവീന്ദര്‍ കുമാര്‍ ജെയിന്‍, യുജിസി അംഗം പ്രൊഫ.സുഷമ യാദവ് എന്നിവരും ഉള്‍പ്പെടുന്നുവെന്ന് സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 341 പ്രകാരം കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച രാഷ്ട്രപതിയുടെ ഉത്തരവുകള്‍ക്ക് അനുസൃതമായി കമ്മീഷന്‍ വിഷയം പരിശോധിക്കും. ഇത്തരക്കാര്‍ നിലവിലുള്ള പട്ടികജാതി വിഭാഗത്തില്‍ നിന്ന് വന്നവരാണോ, മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തതിന് ശേഷം ഇവരുടെ ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, സാമൂഹിക വിവേചനത്തിന്റെ നില, സാമ്പത്തിക സ്ഥിതി, ഇത്തരക്കാര്‍ക്ക് പട്ടികജാതി പദവി നല്‍കിയാലുള്ള പ്രത്യാഘാതങ്ങളും സമിതി പരിശോധിക്കും.
പട്ടിക ജാതി പദവി ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കുമെന്ന് ഓഗസ്റ്റ് 30-ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചിരുന്നു. സോളിസിറ്റര്‍ ജനറലിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ച ബെഞ്ച് ഒക്ടോബര്‍ 11ന് കേസ് പരഗണിക്കാന്‍ മാറ്റുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.