ഓസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തടവില്‍ കഴിയുന്ന ബെലാറുസിലെ മനുഷ്യാവകാശ പ്രവര്ത്തകന് അലെസ് ബിയാലിറ്റ്സ്കിക്കും റഷ്യയിലെയും യുക്രൈനിലെയും പൗരവകാശ സംഘടനകള്‍ക്കും.
റഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മെമ്മോറിയല്‍, യുക്രൈനിയന്‍ ഹ്യൂമന്‍ റൈറ്റസ് ഓര്ഗനൈസേഷന് സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയാണു പുരസ്കാരം ലഭിച്ച പൗരവകാശ സംഘടനകള്‍.
ഓസ്ലോയില്‍ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അധ്യക്ഷന്‍ ബെറിറ്റ് റീസ്-ആന്ഡേഴ്സണാണു പുരസ്കാരത്തിന് അര്‍ഹരായവരെ പ്രഖ്യാപിച്ചത്.
”സമാധാന സമ്മാന ജേതാക്കള്‍ അവരുടെ രാജ്യങ്ങളിലെ പൗരസമൂഹത്തെ പ്രതിനിധീകരിക്കുന്നു. അധികാരത്തെ വിമര്‍ശിക്കാനും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള അവകാശത്തെ വര്‍ഷങ്ങളായി അവര്‍ പ്രോത്സാഹിപ്പിക്കുന്നു,” നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.
”യുദ്ധക്കുറ്റങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, അധികാര ദുര്‍വിനിയോഗം എന്നിവ പുറത്തുകൊണ്ടുവരാന്‍ അവര്‍ മികച്ച പരിശ്രമം നടത്തി. സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സിവില്‍ സമൂഹത്തിന്റെ പ്രാധാന്യം അവര്‍ ഒരുമിച്ച് പ്രകടമാക്കുന്നു,” കമ്മിറ്റി വിലയിരുത്തി.
കഴിഞ്ഞദിവസം പ്രഖ്യാപിച്ച സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഫ്രഞ്ച് എഴുത്തുകാരി അനീ എര്നോവിനാണു ലഭിച്ചത്. എണ്‍പത്തി രണ്ടുകാരിയായ അനീ എര്‍നോവിനെ സ്വന്തം ഓര്‍മകളെ അവിശ്വസിക്കുന്ന ഓര്മക്കുറിപ്പുകാരി എന്നാണു വിശേഷിക്കപ്പെടുന്നത്.
1940 സെപ്റ്റംബര്‍ ഒന്നിനു ഫ്രാന്‍സിലെ യ്വിറ്റോയിൽ ജനിച്ച അനീ എര്‍നോ ആത്മകഥാപരമായ നോവലുകള്‍ എഴുതിത്തുടങ്ങിയെങ്കിലും ഫിക്ഷനുകളേക്കാള്‍ ശ്രദ്ധകേന്ദ്രീകരിച്ചത് ഓര്മക്കുറിപ്പുകളിലായിരുന്നു.
രോഗപ്രതിരോധ വ്യവസ്ഥയെക്കുറിച്ചുള്ള പ്രധാന ഉള്‍ക്കാഴ്ചകള്‍ നല്കിയ നിയാണ്ടര്‍ത്തല്‍ ഡിഎന്‍എയുടെ രഹസ്യങ്ങള്‍ പുറത്തുവിട്ടതിന് സ്വീഡിഷ് ശാസ്ത്രജ്ഞന് സ്വാന്റേ പാബോയ്ക്ക് തിങ്കളാഴ്ച വൈദ്യശാസ്ത്രത്തില്‍ അവാര്‍ഡ് ലഭിച്ചതോടെയാണ് ഈ വർഷത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനങ്ങള്‍ ആരംഭിച്ചത്.
ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് പ്രവര്‍ത്തനത്തിന്റെ ഭാഗമായ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. അലൈന്‍ അസ്പെക്റ്റ്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്ലിംഗര് എന്നിവരാണ് പുരസ്കാര നേട്ടത്തിന് അര്‍ഹരായവര്‍.
രസതന്ത്രത്തിലെ നൊബേലും മൂന്നു ശാസ്ത്രജ്ഞർ പങ്കിടുകയായിരുന്നു. കരോലിന് ആര്. ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ. ബാരി ഷാര്‍പ്ലെസ് എന്ന നൊബേല്‍ പങ്കിട്ടത്. ‘തന്മാത്രകളെ ഒന്നിച്ചുനിര്‍ത്തുന്ന’ രീതി വികസിപ്പിച്ചതിനാണ് അംഗീകാരം. സാമ്പത്തിക ശാസ്ത്ര പുരസ്കാരം 10 നു പ്രഖ്യാപിക്കും.