/indian-express-malayalam/media/media_files/uploads/2019/12/Amit-Sha.jpg)
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
''കോണ്‍ഗ്രസ് നയിക്കുന്ന ടുക്‌ഡെ-ടുക്‌ഡെ ഗാങ്ങാ(ഭിന്നിപ്പ് സംഘം)ണു ഡല്‍ഹിയിലെ സമാധാനാന്തരീക്ഷം നശിപ്പിക്കുന്നതിന്റെ ഉത്തരവാദികള്‍. ഇവരെ ശിക്ഷിക്കാനുള്ള സമയം വന്നിരിക്കുകയാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ അതു ചെയ്യണം,''മന്ത്രി അമിത് ഷാ പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനുമെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ രൂപീകരിച്ച 'ജനജാഗരണ്‍ അഭിയാന്‍' സമിതി യോഗം ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ ഇന്നു വിളിച്ചിട്ടുണ്ട്.
അതിനിടെ, പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി), ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍) എന്നിവയ്‌ക്കെതിരേ ഒരാഴ്ച നീളുന്ന ദേശവ്യാപക പ്രക്ഷോഭത്തിന് ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു.
Read Also: ജനങ്ങളെ അക്രമങ്ങളിലേക്ക് തളളിവിടുന്നവരല്ല നേതാക്കൾ; വിമർശിച്ച് കരസേനാ മേധാവി
സിപിഎം, സിപിഐ, സിപിഐ(എംഎല്‍) ലിബറേഷന്‍, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ പാര്‍ട്ടികളാണു ജനുവരി ഒന്നു മുതല്‍ ഏഴുവരെ പ്രക്ഷോഭം നടത്തുക. എട്ടിനു നടക്കുന്ന പൊതുപണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു കൂടിയാണു പ്രക്ഷോഭം.
അതിനിടെ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും താന്‍ എപ്പോഴും കൂടെയുണ്ടെന്നും മമത വിദ്യാര്‍ഥികളോട് പറഞ്ഞു. ബിജെപി തീകൊണ്ടു കളിക്കരുതെന്നും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അവര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടെടുത്ത പശ്ചിമ ബംഗാള്‍ ഗവര്‍ണറും ചാന്‍സലറുമായ ജഗ്‌ദീപ് ധന്‍ഖറെ ബഷ്‌കരിക്കാന്‍ ജാദവ്പൂര്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ തീരുമാനിച്ചു. സര്‍വകലാശാലയില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍ട്‌സ് ഫാക്കല്‍റ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎഫ്എസ്‌യു) ഗവര്‍ണര്‍ക്കു ഇ-മെയില്‍ സന്ദേശം അയച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.