/indian-express-malayalam/media/media_files/uploads/2020/01/Mayawati.jpg)
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ചുളള തുടർനടപടികളുടെ കൂടിയാലോചനയ്ക്കായി കോൺഗ്രസ് ഡൽഹിയിൽ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ബിഎസ്‌പി അധ്യക്ഷ മായാവതി പങ്കെടുക്കില്ല.
രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ ബിഎസ്‌പി എംഎൽഎമാരെ കോൺഗ്രസ് കുതിരക്കച്ചവടത്തിലൂടെ സ്വന്തം പക്ഷത്താക്കിയതിൽ തന്റെ പാർട്ടി പ്രവർത്തകർ അസ്വസ്ഥരാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കുന്നത് തന്റെ പാർട്ടി പ്രവർത്തകരെ നിരാശരാക്കുമെന്ന് മായാവതി ട്വീറ്റ് ചെയ്തു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ ബിഎസ്‌പി ഒരിക്കലും പിന്തുണയ്ക്കില്ലെന്നും സിഎഎ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. ''സിഎഎയ്ക്കും എൻആർസിക്കും എതിരാണ് ബിഎസ്‌പി. ജനങ്ങളെ ഭിന്നിപ്പിക്കുന്നതും ഭരണഘടനാവിരുദ്ധവുമായ ഈ നിയമം പിൻവലിക്കണമെന്ന് ഞങ്ങൾ വീണ്ടും കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു,'' മായാവതി പറഞ്ഞു. ജെഎൻയുവിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളെ രാഷ്ട്രീയവത്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും അവർ പറഞ്ഞു.
Read Also: പൊതുമുതൽ നശിപ്പിച്ചവരെ ഞങ്ങളുടെ സർക്കാർ പട്ടികളെ പോലെ വെടിവച്ചു കൊന്നു: ബിജെപി നേതാവ്
തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി യോഗത്തിൽനിന്നു കഴിഞ്ഞയാഴ്ച പിന്മാറിയിരുന്നു. ബുധനാഴ്ച നടന്ന ദേശീയ പണിമുടക്കിലെ അക്രമസംഭവങ്ങളെത്തുടർന്നായിരുന്നു മമതയുടെ പിന്മാറ്റം. യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടിയും തീരുമാനിച്ചിട്ടുണ്ട്.
ഇന്നു ഉച്ചയ്ക്കുശേഷം പാര്‍ലമെന്‍റ് അനക്സിലാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. നിരവധി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us