ന്യൂഡൽഹി: വിവാദ പ്രസ്താവനയുമായി ബിജെപി ബംഗാൾ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ്. പൊതുമുതൽ നശിപ്പിക്കുന്ന ആളുകളെ വെടിവച്ചു കൊല്ലണമെന്നും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതു ചെയ്തിട്ടുണ്ടെന്നുമാണു ബംഗാളിലെ നാദിയ ജില്ലയിലെ പൊതുയോഗത്തിൽ പ്രസംഗിക്കവെ ദിലീപ് ഘോഷ് പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബറിൽ പശ്ചിമ ബംഗാളിൽ നടന്ന പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി ലാത്തിച്ചാർജോ വെടിവയ്‌പോ നടത്താൻ ഉത്തരവിട്ടില്ലെന്ന് ദിലീപ് ഘോഷ് വിമർശിച്ചു.

Read More: സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഒന്നും മധ്യപ്രദേശിൽ നടപ്പാക്കില്ല: കമൽനാഥ്

“അവർ നശിപ്പിക്കുന്ന പൊതുമുതൽ ആരുടേതാണെന്നാണ് അവരുടെ വിചാരം? അവരുടെ അച്ഛന്റേതോ? പൊതുമുതൽ നികുതിദായകരുടേതാണ്. നിങ്ങൾ ഇവിടെ വരും, ഞങ്ങളുടെ ഭക്ഷണം കഴിക്കും, ഇവിടെ താമസിച്ച് പൊതുസ്വത്ത് നശിപ്പിക്കും. ഇത് നിങ്ങളുടെ പൈതൃക സ്വത്താണോ? ഞങ്ങൾ നിങ്ങളെ ലാത്തികൊണ്ട് മർദിക്കുകയും വെടിവച്ച് ജയിലിൽ അടയ്ക്കുകയും ചെയ്യും,” ദിലീപ് ഘോഷ് പറഞ്ഞു.

“പൊതു മുതൽ നശിപ്പിച്ച ആളുകൾക്കെതിരെ ദീദി (മമത ബാനർജി) പോലീസ് നടപടിയെടുത്തില്ല. ഉത്തർപ്രദേശ്, അസം, കർണാടക എന്നിവിടങ്ങളിലെ ഞങ്ങളുടെ സർക്കാരുകൾ ഇവരെ നായ്ക്കളെപ്പോലെ വെടിവച്ചു കൊന്നിട്ടുണ്ടെ”ന്ന് ബിജെപി നേതാവ് പറഞ്ഞു. ബിജെപി സർക്കാരുകൾ ചെയ്തത് ശരിയായ കാര്യമാണെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.

രാജ്യത്ത് രണ്ട് കോടി “മുസ്‌ലിം നുഴഞ്ഞുകയറ്റക്കാർ” ഉണ്ടെന്ന് അവകാശപ്പെട്ട ദിലീപ് ഘോഷ് ഹിന്ദു ബംഗാളികളുടെ താൽപ്പര്യങ്ങൾ അട്ടിമറിക്കുന്നവരെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു. രണ്ടു കോടി മുസ്‌ലിങ്ങളിൽ ഒരു കോടി മാത്രം പശ്ചിമ ബംഗാളിലാണെന്നും മമത ബാനർജി അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

അതേസമയം, ദിലീപ് ഘോഷിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നു കേന്ദ്ര മന്ത്രി ബാബുൾ സുപ്രിയോ പറഞ്ഞു. അത് ദിലീപ് ഘോഷിന്റെ ഭാവന മാത്രമാണെന്നും  അദ്ദേഹം പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയല്ല ബിജെപിയെന്നും  ബാബുൾ സുപ്രിയോ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook