/indian-express-malayalam/media/media_files/uploads/2018/04/kuldeep-unnao.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എംഎല്‍എയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു എങ്കിലും പ്രതിഷേധം കനത്തതോടെയാണ് മുഖം രക്ഷിക്കാനായി ബിജെപി ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എംഎല്‍എയെ സംരക്ഷിക്കുന്നത് ബിജെപിയാണെന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നടപടി. ഉന്നാവ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിക്ക് അപകടമുണ്ടായ സാഹചര്യത്തില്‍ കൊലക്കുറ്റം ചുമത്തി എംഎല്‍എ സെന്‍ഗര്‍ അടക്കം പത്ത് പേര്‍ക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അഞ്ചുകേസുകളാണ് നിലവില്‍ ഉന്നാവ് കേസുമായി ബന്ധപ്പെട്ടുള്ളത്. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 25 ലക്ഷം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.
Read Also: ബിജെപിയുടെ ആസ്തി വര്‍ധിച്ചത് 22 ശതമാനം; അധികാരമില്ലാത്ത കോണ്‍ഗ്രസിന് 15 ശതമാനം കുറവ്
പെണ്‍കുട്ടിക്കും അഭിഭാഷകനും അമ്മയ്ക്കും പെണ്‍കുട്ടിയുടെ നാല് സഹോദരങ്ങള്‍ക്കും അമ്മാവനും അടുത്ത ബന്ധുക്കള്‍ക്കും സുരക്ഷ ഉറപ്പ് വരുത്താനും കോടതിയുടെ ഉത്തരവുണ്ട്. കേസിന്റെ വിചാരണ നടത്താന്‍ ഡല്‍ഹിയില്‍ പ്രത്യേക ജഡ്ജി വേണമെന്നും സുപ്രീം കോടതി വിധിച്ചു. കൂടാതെ കുടുംബത്തിന് സമ്മതമാണെങ്കില്‍ പെണ്‍കുട്ടിയേയും അഭിഭാഷകനേയും ഡല്‍ഹിയിലേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി. വാഹനാപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.
ഉന്നാവ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് അയച്ച കത്താണ് കോടതി പരിഗണിച്ചത്. രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലൈ 12-നാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് കത്തിനെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. കത്ത് തന്റെ മുന്നിലേക്ക് എത്താന്‍ വൈകിയതിനെ കുറിച്ച് സുപ്രീം കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.