/indian-express-malayalam/media/media_files/uploads/2019/08/Assam-MLA.jpg)
ദിസ്‌പൂര്‍: പുല്ലാങ്കുഴല്‍ വായിക്കുമ്പോള്‍ പശുക്കള്‍ കൂടുതല്‍ പാല്‍ തരുമെന്ന് അസമില്‍ നിന്നുള്ള ബിജെപി എംഎല്‍എ ദിലീപ് കുമാര്‍ പോള്‍. സില്‍ച്ചാറില്‍ നിന്നും രണ്ടു തവണ എംഎല്‍എ ആയ വ്യക്തിയാണ് ദിലീപ് കുമാര്‍. ശ്രീകൃഷ്ണൻ വായിച്ചിരുന്ന ഒരു പ്രത്യേക രാഗത്തില്‍ പുല്ലാങ്കുഴല്‍ വായിച്ചാല്‍ പശുക്കള്‍ ഇരട്ടി പാല്‍ തരുമെന്നാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ദിലീപ് കുമാര്‍ പറഞ്ഞത്.
'ശ്രീകൃഷ്ണന്‍ വായിച്ച ഒരു പ്രത്യേക രാഗത്തില്‍ നമുക്ക് പുല്ലാങ്കുഴല്‍ വായിക്കാന്‍ കഴിയുമെങ്കില്‍ പാലിന്റെ അളവ് വർധിക്കുമെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്. ഇതാണ് പുരാതന കാലത്തെ ശാസ്ത്രം, ഞങ്ങള്‍ ഈ രീതി ആധുനിക കാലത്തേക്ക് തിരികെ കൊണ്ടുവരാന്‍ പോകുന്നു,'' ഞായറാഴ്ച വൈകുന്നേരം സില്‍ചാറില്‍ നടന്ന ഒരു നാടോടി ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെ ദിലീപ് കുമാര്‍ പോള്‍ പറഞ്ഞു.
'ഞാന്‍ ഒരു ശാസ്ത്രജ്ഞനല്ല, പക്ഷേ ഇന്ത്യന്‍ പരമ്പരാഗത പഠനത്തില്‍ വലിയ അറിവുള്ള എനിക്ക് ഈ അവകാശവാദങ്ങള്‍ ശരിയാണെന്നും ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ഈ ആശയങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും പറയാന്‍ കഴിയും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More: ബിജെപി നേതാക്കൾ മരിക്കുന്നത് പ്രതിപക്ഷം ദുർമന്ത്രവാദം ചെയ്തതുകൊണ്ട്: പ്രഗ്യാ സിങ്
ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമാണ് 2014 ല്‍ സില്‍ചാര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് പോള്‍ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ ദേവിന്റെ ഭാര്യ ബിതിക ദേവിനെ 39,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി 17 മാസത്തിന് ശേഷം അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അസം അസംബ്ലിയില്‍ ഡെപ്യൂട്ടി സ്പീക്കറായി പോള്‍ തിരഞ്ഞെടുക്കപ്പെട്ടു. അസമിലെ ബംഗാളി സംസാരിക്കുന്ന എംഎല്‍എയ്ക്ക് ലഭിക്കുന്ന അപൂർവ നേട്ടമാണത്.
സില്‍ചാറില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി വരുന്നതിന് ഒരു ദിവസം മുമ്പാണ് 2018 മേയ് മാസത്തില്‍ താന്‍ ഈ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതെന്ന് പോള്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
ദീര്‍ഘകാലത്തെ ആര്‍എസ്എസ് പിന്തുണക്കാരനായ പോള്‍ അസമിലെ ബംഗാളി പ്രബലമായ ബരാക് താഴ്‌വരയില്‍ നിന്നുള്ള 15 എംഎല്‍എമാരില്‍ ഒരാളാണ്. ബരാക് വാലിയിലെ മൂന്ന് ജില്ലകളിലായി ഏകദേശം 3.5 ദശലക്ഷം ബംഗാളി സംസാരിക്കുന്ന പൗരന്മാര്‍ താമസിക്കുന്നു. എന്‍ആര്‍സിയുടെ അന്തിമ കരടില്‍ നിന്ന് നാല് ലക്ഷത്തോളം പേരെ ഒഴിവാക്കി.
കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സില്‍ചാര്‍ എംപിയും ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമായ സുസ്മിത ദേവിനെ പുരുഷ അണികള്‍ ചുമലില്‍ കയറ്റിയതിനെതിരെ പോള്‍ വിവാദപരമായ പ്രസ്താവനയിറക്കിയിരുന്നു. അദ്ദേഹം അവരെ ''സില്‍ചാറിന്റെ കളങ്ക്'' എന്ന് വിളിക്കുകയും '50 വയസുള്ള അവിവാഹിതരായ സ്ത്രീകള്‍'' എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.