ന്യൂഡൽഹി: വീണ്ടും പുതിയ വിവാദ പ്രസ്താവനയുമായി ബിജെപിയുടെ ഭോപ്പാൽ എംപി സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ. ബിജെപി നേതാക്കളെ ദ്രോഹിക്കാനായി പ്രതിപക്ഷം ദുർമന്ത്രവാദം ചെയ്യുന്നുവെന്നാണ് പ്രഗ്യാ സിങിന്റെ പുതിയ ആരോപണം. സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്‌ലി തുടങ്ങിയ നേതാക്കൾ അടുത്ത കാലത്ത് മരിച്ചത് പ്രതിപക്ഷം ഇത്തരം ദുഷ്ട ശക്തികളെ ഉപയോഗിച്ചതുകൊണ്ടാണ് എന്നും പ്രഗ്യാ സിങ് പറഞ്ഞു.

ഒരു സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രഗ്യാ സിങിന്റെ വിവാദ പരാമർശം. “ഒരിക്കൽ ഒരു മഹാരാജ് ജി എന്നോട് പറഞ്ഞു, നമുക്കിപ്പോൾ മോശം സമയമാണെന്നും, പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിച്ച് ബിജെപിയെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും. പിന്നീട് അദ്ദേഹം പറഞ്ഞത് ഞാൻ മറന്നു, പക്ഷേ ഇപ്പോൾ നമ്മുടെ ഉന്നത നേതാക്കൾ ഓരോരുത്തരായി പോകുന്നത് കാണുമ്പോൾ അദ്ദേഹം പറഞ്ഞത് ശരിയാണ് എന്ന് ചിന്തിക്കാൻ ഞാൻ നിർബന്ധിതനാകുന്നു?” പ്രഗ്യാ സിങ് പറഞ്ഞു.

ഓഗസ്റ്റ് 24ന് അന്തരിച്ച മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടേയും ഓഗസ്റ്റ് ആറിന് അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേയും മരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാ സിങ് ഇക്കാര്യങ്ങൾ പറഞ്ഞത്.

നിരവധി പ്രധാന ബിജെപി നേതാക്കളും മുൻ മന്ത്രിമാരായ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, അനന്ത് കുമാർ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി എന്നിവരുടേയും മരണങ്ങൾ ബിജെപിക്ക് വലിയ നഷ്ടങ്ങളായിരുന്നു. ആരോഗ്യപ്രശ്നങ്ങളാലാണ് എല്ലാവരും മരിച്ചത്.

മുൻ ധനമന്ത്രി ജെയ്റ്റ്‌ലി ദീർഘനാളത്തെ അസുഖത്തെ തുടർന്ന് അന്തരിച്ചപ്പോൾ, സുഷമ സ്വരാജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. രണ്ടു പേർക്കും 66 വയസായിരുന്നു പ്രായം. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ വളരെക്കാലമായി ക്യാൻസർ ബാധിതനായിരുന്നു.

ഭോപ്പാലിൽ നിന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയകരമായി മത്സരിച്ച സാധ്വി പ്രജ്ഞ കഴിഞ്ഞ കാലങ്ങളിൽ നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അവയിൽ ചിലതിന് മാപ്പ് പറയാനും പ്രഗ്യാ സിങ് നിർബന്ധിതയായിരുന്നു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിജെപി പ്രഗ്യാ സിങിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook