/indian-express-malayalam/media/media_files/uploads/2018/06/binoy-viswam-.jpg)
മംഗളൂരു: മംഗളൂരുവിൽ സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ഫ്യൂ ലംഘിച്ച് മംഗളൂരു ബസ് സ്റ്റാൻഡിന് സമീപം ഗാന്ധി സ്ക്വയറിൽ പ്രതിഷേധിക്കാൻ ശ്രമിക്കുമ്പോഴാണ് ബിനോയ് വിശ്വം അടക്കമുളള സിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ബിനോയ് വിശ്വത്തെ മംഗളൂരു ബർക്ക പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ മംഗളൂരുവിൽ രണ്ടുപേർ മരിച്ചിരുന്നു. ഇതേത്തുടർന്ന് ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഫ്യുവിനൊപ്പം ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലയില്‍ നിരോധനാജ്ഞയും ഇന്‍റര്‍നെറ്റ് വിലക്കും തുടരുന്നുണ്ട്.
ഇന്നലെ മലയാളി മാധ്യമപ്രവർത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അക്രഡിറ്റേഷനില്ലെന്ന കാരണം പറഞ്ഞാണു പൊലീസ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. രേഖകൾ പരിശോധിക്കാനാണ് മാധ്യമപ്രകവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് മംഗളൂരു പൊലീസ് നൽകിയ വിശദീകരണം. ഏഴ് മണിക്കൂറിനു ശേഷമാണ് മാധ്യമപ്രവർത്തകരെ വിട്ടയക്കാൻ പൊലീസ് തയ്യാറായത്.
Read Also: സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം; സിപിഎം മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി
അതേസമയം, മംഗളൂരുവിൽ ഇന്ന് സ്ഥിതി ശാന്തമാണ്. മംഗളൂരുവിലേക്കുളള കേരള വാഹനങ്ങൾക്ക് ഇന്നും കർണാടക പൊലീസ് അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തി. കർശന പരിശോധനയ്ക്കുശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.
മംഗളൂരിലെ സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം കേരളത്തില്‍ നിന്നുള്ളവരാണെന്ന് കുറ്റപ്പെടുത്തി കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്യ രംഗത്തുവന്നിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരാണ് മംഗളൂരുവില്‍ അക്രമങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ബസവരാജ് പറഞ്ഞു.
“പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നു വന്നവര്‍ പൊലീസ് സ്റ്റേഷന് തീയിടാനും പൊതുമുതല്‍ നശിപ്പിക്കാനും ശ്രമിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നു. അങ്ങനെയാണ് വെടിവയ്‌പ്പുണ്ടായത്. കേരളത്തില്‍ നിന്നുവന്ന ചിലര്‍ മംഗളൂരുവില്‍ പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുകയും അക്രമം സൃഷ്ടിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും,” ബസവരാജ് ബൊമ്മയ്യ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.