scorecardresearch

'ചെയ്തത് നിയമപ്രകാരം'; ബില്‍ക്കിസ് ബാനോ കേസ് പ്രതികളെ മോചിപ്പിച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി

11 പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനത്തെ പരസ്യമായി പ്രതിരോധിക്കുന്ന ബി ജെ പിയുടെ ആദ്യ മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമാണു പ്രൾഹാദ് ജോഷി

11 പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനത്തെ പരസ്യമായി പ്രതിരോധിക്കുന്ന ബി ജെ പിയുടെ ആദ്യ മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമാണു പ്രൾഹാദ് ജോഷി

author-image
WebDesk
New Update
Blikis Bano Case, BJP, Pralhad Joshi

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനോ ബലാത്സംഗക്കേസിലെ പ്രതികളെ ശിക്ഷ പൂര്‍ത്തിയാകുന്നതിനു മുന്‍പ് മോചിപ്പിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി. നിയമം അനുശാസിക്കുന്നതു പ്രകാരമാണു പ്രതികളുടെ മോചനമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

2002ലെ ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 11 പേരെയാണു വിട്ടയച്ചത്. പ്രതികള്‍ 14 വര്‍ഷവും അതിനുമുകളിലും ജയില്‍വാസം പൂര്‍ത്തിയാക്കിയതിനാല്‍ വിട്ടയക്കാന്‍ തീരുമാനിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. പ്രതികളുടെ ജയിലിലെ പെരുമാറ്റം മികച്ചതായിരുന്നുവെന്നും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് മോചനമെന്നും ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിപിന്നാലെയാണ് പ്രൾഹാദ് ജോഷി വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

''ചെയ്തത് എന്താണോ അത് നിയമവ്യവസ്ഥ അനുശാസിക്കുന്ന തരത്തിലുള്ളതാണ്. ജയിലില്‍ മതിയായ കാലം കഴിഞ്ഞവരെ സ്വതന്ത്രമാക്കാനുള്ള വ്യവസ്ഥയുണ്ട്. ഈ കേസില്‍ തികച്ചും നിയമാനുസൃതമായ ആ വ്യവസ്ഥയാണു പാലിച്ചത്,'' പ്രൾഹാദ് ജോഷി ഇന്ത്യന്‍ എക്സ്പ്രസിനോട് ഫോണില്‍ പറഞ്ഞു. ബി ജെ പിയുടെ ഗുജറാത്ത് ഗൗരവ് യാത്രയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം കച്ചില്‍നിന്നാണു സംസാരിച്ചത്.

11 പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനത്തെ പരസ്യമായി പ്രതിരോധിക്കുന്ന ബി ജെ പിയുടെ ആദ്യ മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമാണു പ്രൾഹാദ് ജോഷി.

Advertisment

ശിക്ഷാ ഇളവ് ചെയ്തതിനും പ്രതികള്‍ക്കു സ്വീകരണം നല്‍കിയതിനുമെതിരെ വിവിധ കോണുകളില്‍നിന്നു പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ബി ജെ പി നേതൃത്വം ഇതുവരെ മൗനം പാലിക്കുകയായിരുന്നു. കുറ്റവാളികളെ 'ആദരിച്ചത്' തെറ്റാണെന്ന് കുറ്റവാളികളെ മോചിപ്പിച്ച് ദിവസങ്ങള്‍ക്കുശേഷം ബി ജെ പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.

''കുറ്റവാളികള്‍ ശിക്ഷ അനുഭവിക്കുകയും സുപ്രീം കോടതി നിര്‍ദേശപ്രകാരം അവരെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ കുറ്റവാളികള്‍ ആരായാലും, അവരെ വിട്ടയച്ചപ്പോള്‍ ബഹുമാനിക്കുന്നത് തെറ്റാണ്. ഒരു കുറ്റവാളി കുറ്റവാളി തന്നെയാണ്, അവരെ ബഹുമാനിക്കാന്‍ കഴിയില്ല,'' ഫഡ്നാവിസ് പറഞ്ഞു. ഓഗസ്റ്റ് 15നാണു 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്.

അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശമുന്നയിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചെങ്കോട്ടയില്‍ വാചാലനാണെങ്കിലും ബലാത്സംഗക്കുറ്റവാളിളെ പിന്തുണയ്ക്കുന്നതായി രാഹുല്‍ കുറ്റപ്പെടുത്തി.

''സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് അദ്ദേഹം ചെങ്കോട്ടയില്‍ സംസാരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ബലാത്സംഗ കുറ്റവാളികള്‍ക്കൊപ്പമാണ്. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളും ഉദ്ദേശ്യങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. സ്ത്രീകളെ അദ്ദേഹം കബളിപ്പിച്ചിച്ചിരിക്കുകയാണ്,''രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളെ ശിക്ഷ പൂര്‍ത്തിയാകും മുന്‍പ് മോചിപ്പിച്ചത് ഈ സര്‍ക്കാരിന്റെ പൈതൃകത്തിലെ ഒരിക്കലും കഴുകിക്കളയാത്ത കളങ്കമാണെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജനാധിപത്യ മാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഈ കുറ്റവാളികളെ ഇത്ര ഉത്സാഹത്തോടെ മോചിപ്പിപ്പിച്ചത് അപലപനീയമാണെന്നു എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു.

Gujarat Bjp Gang Rape

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: