ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020ല്‍ നടന്ന കലാപത്തിനു പിന്നില്‍ വലിയ ഗൂഢാലോചന ആരോപിച്ചുള്ള കേസില്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന വിചാരണക്കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ളതാണു ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ജാമ്യാപേക്ഷ തള്ളിയ കര്‍ക്കര്‍ദൂമ ജില്ലാ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന്റെ ഉത്തരവിനെതിരെയാണ് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്.
ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഉപരോധത്തിനും പ്രതിഷേധത്തിനും പിന്നില്‍ ‘മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചന’ ഉണ്ടെന്നു തോന്നുന്നതായി 52 പേജുള്ള ഉത്തരവില്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇത് റോഡ് ഉപരോധത്തിലേക്കും അക്രമത്തിനു പ്രേരിപ്പിക്കുന്നതിലേക്കും പ്രത്യേക തിയതികളില്‍ സ്വാഭാവിക ഗതിയില്‍ കലാപത്തില്‍ കലാശിക്കുന്നതിനും വേണ്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി പറഞ്ഞു.
”ആസൂത്രണം ചെയ്ത പ്രതിഷേധം രാഷ്ട്രീയ സംസ്‌കാരത്തിലോ ജനാധിപത്യത്തിലോ ഉള്ള സാധാരണ പ്രതിഷേധമായിരുന്നില്ല. മറിച്ച് അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കുന്ന കൂടുതല്‍ വിനാശകരവും ദോഷകരവുമായെിരുന്നു,”കോടതി പറഞ്ഞു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു എ പി എ), ആയുധ നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഉമര്‍ ഖാലിദിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. 2020 സെപ്റ്റംബര്‍ 13 ന് അറസ്റ്റിലായ ഉമര്‍ ഖാലിദ് അന്നുമുതല്‍ കസ്റ്റഡിയിലാണ്.
ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ അഞ്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉദ്ധരിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്റെ കക്ഷി രണ്ടില്‍ മാത്രമാണ് അംഗമെന്നും അതില്‍ ഒന്നില്‍ മാത്രമാണു സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതെന്നും ഉമര്‍ ഖാലിദിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസ് വാദിച്ചു. ഒരു പ്രതിഷേധ സ്ഥലത്തിന്റെ സ്ഥാനവും പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള വിവരങ്ങളും നാല് സന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് പൈസ് പറഞ്ഞു.
”സി എ എയ്ക്കെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയുടെ ഏതെങ്കിലും ഭാഗത്ത് അക്രമമുണ്ടായപ്പോള്‍ ഒരു ദൃക്സാക്ഷിയോ ഒരു സാക്ഷിയോ തന്റെ കക്ഷിയുടെ സാന്നിധ്യത്തെക്കുറിച്ച് പറയുന്നില്ല. ആരോപിക്കപ്പെടുന്ന അക്രമത്തിന്റെ ഒരു സാക്ഷി പോലും ഉമറിനെതിരെ മൊഴി നല്‍കിയിട്ടില്ല. ഉമറിന്റെ അറസ്റ്റിന് തൊട്ടുമുമ്പ്് അദ്ദേഹത്തിനെതിരെയുണ്ടായ പ്രസ്താവനകള്‍ ചില തെളിവുകള്‍ സൃഷ്ടിച്ചതാണെന്നു സൂചിപ്പിക്കുന്നു,”,പൈസ് പറഞ്ഞു.
കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന 17 സംഭവങ്ങളില്‍ എട്ടെണ്ണത്തിനു സാക്ഷികളില്ല. പ്രതിഷേധം എത്രത്തോളം ഏറ്റെടുക്കണം എന്നതിനെക്കുറിച്ചുള്ള വാചാടോപപരമായ പ്രസ്താവനകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനു തുല്യമല്ല. ഒരു തരത്തിലും, അവര്‍ക്ക് യഥാര്‍ത്ഥ അക്രമവുമായി ബന്ധമില്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍, ഉമറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സഹപ്രതി ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗങ്ങളും വിവിധ പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകളും സാക്ഷികള്‍ നല്‍കിയ മൊഴികളും പ്രോസിക്യൂഷന്‍ വായിച്ചു. ഉമര്‍ ഖാലിദ് ‘നിശബ്ദ സൂത്രധാരന്‍’ ആയി പ്രവര്‍ത്തിച്ചുവെന്നും ‘പ്രതിഷേധത്തിനും കലാപത്തിനും പിന്നിലെ തലച്ചോര്‍’ ഒരാളായിരുന്നുവെന്നും ഡല്‍ഹി പൊലീസിനുെ വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് വാദിച്ചു.