scorecardresearch

ബിഹാർ മോഡൽ സൈക്കിൾ പദ്ധതിക്ക് യുഎൻ അംഗീകാരം, ആറു ആഫ്രിക്കൻ രാജ്യങ്ങളിൽ വിജയകരം

ബിഹാറിലെ സ്കൂൾ കുട്ടികൾക്ക് സൈക്കിൾ നൽകുകയെന്നത് നിതീഷ് കുമാർ സർക്കാർ നടപ്പിലായ പദ്ധതികളിലൊന്നാണ്. ഈ പദ്ധതിയുടെ കീഴിൽ ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനായി സൗജന്യമായി സൈക്കിൾ നൽകുന്നു

ബിഹാറിലെ സ്കൂൾ കുട്ടികൾക്ക് സൈക്കിൾ നൽകുകയെന്നത് നിതീഷ് കുമാർ സർക്കാർ നടപ്പിലായ പദ്ധതികളിലൊന്നാണ്. ഈ പദ്ധതിയുടെ കീഴിൽ ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനായി സൗജന്യമായി സൈക്കിൾ നൽകുന്നു

author-image
Santosh Singh
New Update
students, bihar, ie malayalam

എക്സ്പ്രസ് ഫൊട്ടോ

പട്‌ന: സ്കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യ സൈക്കിൾ എന്ന ആശയം സാംബിയ ഉൾപ്പെടെയുള്ള ഏഴു ആഫ്രിക്കൻ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കി. സ്കൂളുകളിൽ പെൺകുട്ടികളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുമുള്ള ഒരു മാർഗമായി ഐക്യരാഷ്ട്രസഭയും ഈ പദ്ധതി അംഗീകരിച്ചു.

Advertisment

അമേരിക്കയിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നിഷിത് പ്രകാശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.നഥാൻ ഫിയാല, അന ഗാർഷ്യ-ഹെർണാണ്ടസ്, കൃതിക നരുല എന്നീ മൂന്നു ഗവേഷകരുമായി ചേർന്ന് പ്രകാശ് ഒരു പഠനം നടത്തിയിരുന്നു. 2017ൽ, മറ്റൊരു ഗവേഷകനായ കാർത്തിക് മുരളീധരനോടൊപ്പം ചേർന്ന് പട്‌നയിലെ ഏഷ്യൻ ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (എഡിആർഐ) വേണ്ടി ബിഹാറിന്റെ സൈക്കിൾ പദ്ധതിയുടെ സ്വാധീനത്തെക്കുറിച്ച് പ്രകാശ് പഠനം നടത്തി.

''സാംബിയയിൽ ബിഹാർ മോഡൽ പദ്ധതി നടപ്പിലാക്കി ഒരു വർഷത്തിനുശേഷം, സ്കൂളുകളിൽ വൈകിയെത്തുന്ന പെൺകുട്ടികളുടെ എണ്ണം 66 ശതമാനത്തിൽനിന്ന് 27 ശതമാനമായി കുറഞ്ഞു. സ്കൂളുകളിലേക്കുള്ള ശരാശരി യാത്രാ സമയം 35 ശതമാനമായും കുറഞ്ഞു. വിവാഹവും ഗർഭധാരണവും വൈകിപ്പിക്കാനുള്ള തീരുമാനവും അവരിലുണ്ടായി. ഈ മാതൃക പിന്നീട് ഐക്യരാഷ്ട്രസഭ (യുഎൻ) ഏറ്റെടുക്കുകയും മറ്റ് ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ അവതരിപ്പിക്കുകയും ചെയ്തു,'' പ്രകാശ് പറഞ്ഞു.

Advertisment

പ്രകാശ് മറ്റ് ഗവേഷകരോടൊപ്പം ചേർന്ന് ബിഹാറിലെ "മുഖ്യമന്ത്രി ബാലിക സൈക്കിൾ യോജന" എന്ന പദ്ധതിയെക്കുറിച്ച് നടത്തിയ പഠനത്തിൽ വിദ്യാഭ്യാസത്തിലെ ലിംഗ വ്യത്യാസം കുറയ്ക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞതായി കണ്ടെത്തി. സാംബിയയിൽ ഫലപ്രദമായ ഒരു പരീക്ഷണം നടത്തുന്നതിന് ബിഹാർ മോഡൽ തനിക്കേറെ സഹായിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഹാറിലെ സ്കൂൾ കുട്ടികൾക്ക് സൈക്കിൾ നൽകുകയെന്നത് നിതീഷ് കുമാർ സർക്കാർ നടപ്പിലായ പദ്ധതികളിലൊന്നാണ്. ഈ പദ്ധതിയുടെ കീഴിൽ ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനായി സൗജന്യമായി സൈക്കിൾ നൽകുന്നു. 2006 ലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സാമൂഹിക വിലക്കുകൾ കാരണം പെൺകുട്ടികൾക്ക്, പ്രത്യേകിച്ച് ബിഹാറിലെ ഗ്രാമീണമേഖലയിലെ പെൺകുട്ടികൾക്ക് സൈക്കിൾ ചവിട്ടാൻ അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ, ഈ പദ്ധതി പിന്നീട് വലിയൊരു സാമൂഹിക മാറ്റത്തിന് കാരണമായി. തന്റെ ദീർഘകാല ഭരണത്തിലെ ഒരു നേട്ടം എടുത്തു പറയേണ്ടി വന്നാൽ, അത് പെൺകുട്ടികൾക്കുള്ള സൈക്കിൾ പദ്ധതിയായിരിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ, സാംസ്‌കാരിക മാനദണ്ഡങ്ങൾ മറികടക്കുക തുടങ്ങിയ പ്രധാന വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിച്ചതിനാലാണ് ബിഹാർ മോഡൽ പദ്ധതി വിജയിച്ചതെന്ന് പ്രകാശ് പറഞ്ഞു. ഈ സ്കീം നിലവിൽ വന്നതിന് ശേഷം, സ്കൂളുകളിൽനിന്നുള്ള പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏകദേശം 40 ശതമാനം കുറഞ്ഞു.

ബിഹാർ മോഡൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നടപ്പിലാക്കിയെന്നും ആറ് ആഫ്രിക്കൻ രാജ്യങ്ങൾക്കായി യുഎൻ അംഗീകരിക്കുകയും ചെയ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം തോന്നിയെന്ന് എഡിആർഐയുടെ അഷ്മിത ഗുപ്ത പറഞ്ഞു. സ്‌കൂളുകളിലെ എൻറോൾമെന്റ് മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും പദ്ധതി സഹായിച്ചുവെന്നത് വലിയൊരു നേട്ടമായി കാണുന്നുവെന്നും ഗുപ്ത പിന്നീട് ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.

Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: