ന്യൂഡല്‍ഹി: യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടത് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്(യുപിഎസ്സി) പുതുചരിത്രമായി. നിയമനത്തിന് ശുപാര്‍ശ ചെയ്ത 933 ഉദ്യോഗാര്‍ത്ഥികളില്‍ (320) മൂന്നിലൊന്നും വനിതകളാണ്. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ്, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ വെറും 20% സ്ത്രീകള്‍ മാത്രമായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു.
സിവില്‍ സര്‍വീസ് പരീക്ഷാഫലം വന്നപ്പോള്‍ ആദ്യ നാലു റാങ്കും പെണ്‍കുട്ടികള്‍ നേടി. ഇഷിത കിഷോര്‍, ഗരിമ ലോഹിയ, ഉമ ഹരതി, സ്തമൃതി മിശ്ര എന്നിവരാണ് ആദ്യ നാലു റാങ്ക് കരസ്ഥമാക്കിയവര്‍. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്കും നേടി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നത്.

ഗൗതം ബുദ്ധ നഗറില്‍ നിന്നുള്ള ഡല്‍ഹി യൂണിവേഴ്‌സിറ്റി (ഡിയു) ബിരുദധാരിയായ ഇഷിത കിഷോര്‍ തന്റെ മൂന്നാം ശ്രമത്തില്‍ പൊളിറ്റിക്കല്‍ സയന്‍സും ഇന്റര്‍നാഷണല്‍ റിലേഷന്‍സും ഓപ്ഷണല്‍ വിഷയങ്ങളായി പരീക്ഷയില്‍ ഒന്നാമതെത്തി. ഡല്‍ഹി സര്‍വകലാശാലയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍ നിന്നാണ് സാമ്പത്തികശാസ്ത്രത്തില്‍ (ഓണേഴ്സ്) ബിരുദം നേടിയത്.
അഖിലേന്ത്യാ തലത്തില്‍ രണ്ടാം സ്ഥാനത്ത് ബിഹാറിലെ ബക്സറില്‍ നിന്നുള്ള ഗരിമ ലോഹ്യ, കിരോരിമല്‍ കോളേജില്‍ നിന്ന് കൊമേഴ്സ് ബിരുദം നേടിയ ഡല്‍ഹി സര്‍വകലാശാലയിലെ തന്നെ ബിരുദധാരിയാണ്, ഹൈദരാബാദ് ഐഐടിയില്‍ നിന്ന് ബിടെക് ബിരുദം നേടിയ തെലങ്കാനയില്‍ നിന്നുള്ള ഉമാ ഹരതി എന്‍ മൂന്നാം സ്ഥാനത്തെത്തി. ഡിയുവിലെ മിറാന്‍ഡ ഹൗസ് കോളേജില്‍ നിന്ന് ബിഎസ്സി ബിരുദധാരിയായ സ്മൃതി മിശ്ര നാലാം റാങ്ക് കരസ്ഥമാക്കി.
പരമ്പരാഗതമായി ഒരു പുരുഷ കോട്ടയായ സിവില്‍ സര്‍വീസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സ്ത്രീ പ്രാതിനിധ്യത്തില്‍ ക്രമാനുഗതമായ വര്‍ധനവിന് സാക്ഷ്യം വഹിച്ചു. 2006 വരെ യുപിഎസ്സി തിരഞ്ഞെടുത്ത മൊത്തം ഉദ്യോഗാര്‍ത്ഥികളില്‍ അവരുടെ വിഹിതം ഏകദേശം 20% ആയിരുന്നു. 2020ല്‍ ഇത് 29 ശതമാനത്തിലെത്തി, ഈ വര്‍ഷം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 34 ശതമാനത്തിലെത്തി. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ഇത് 20% ല്‍ താഴെയായിരുന്നു.
കഴിഞ്ഞ വര്‍ഷം 685 ഉദ്യോഗാര്‍ത്ഥികളെ നിയമനത്തിനായി ശുപാര്‍ശ ചെയ്തിരുന്നു, അതില്‍ 508 പുരുഷന്മാരും 177 വനിതകളുമാണ്. ഈ വര്‍ഷം, തിരഞ്ഞെടുത്ത 933 സ്ഥാനാര്‍ത്ഥികളില്‍ 320 പേരും വനിതകളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്ത്രീ പ്രാതിനിധ്യം ഏകദേശം 9 ശതമാനത്തിന്റെ വര്‍ധനവ്. 2019ല്‍, ഈ വര്‍ഷത്തെ ഫലവുമായി താരതമ്യപ്പെടുത്താവുന്ന മൊത്തം 922 ഉദ്യോഗാര്‍ത്ഥികളെ നിയമനത്തിനായി ശുപാര്‍ശ ചെയ്തു. അപ്പോഴും, മൊത്തം പൂളിന്റെ 24% സ്ത്രീകളാണ്, ഈ വര്‍ഷം ഇത് 34% ആയിരുന്നു.