/indian-express-malayalam/media/media_files/uploads/2019/12/chandrasekhar-azad.jpg)
ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം. ഒരു മാസം ഡൽഹിയിലും ഉത്തർപ്രദേശിലും പ്രവേശിക്കരുത്, ഈ കാലയളവിൽ ധർണകളിൽ പങ്കെടുക്കരുത് എന്നീ ഉപാധികളോടെയാണു കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലെടുത്ത് മൂന്നാഴ്ചയ്ക്കു ശേഷമാണ് ആസാദിന് ജാമ്യം ലഭിക്കുന്നത്.
പ്രധാനമന്ത്രിയെ ആക്രമിക്കരുതെന്നും നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണമെന്നും ചന്ദ്രശേഖർ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ തീസ് ഹസാരി അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലോ പറഞ്ഞു.
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ തീർത്തും യാന്ത്രികമായാണ് ഡൽഹി പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ചന്ദ്രശേഖർ ആസാദ് ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. മെഹ്മൂദ് പ്രചയാണ് ആസാദിന് വേണ്ടി കോടതിയിൽ​ ഹാജരായത്.
ഡിസംബർ 21-നാണ് ഭീം ആർമി തലവനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ആസാദിന്റെ സംഘടനയായ ഭീം ആർമി പൊലീസിന്റെ അനുമതിയില്ലാതെ ജമാ മസ്ജിദിൽനിന്ന് ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തിയെന്നാണ് ആസാദിന് നേരെ ചുമത്തിയിരിക്കുന്ന കുറ്റം.
ഭീം ആർമി പ്രവർത്തകർ ഉൾപ്പെടയുള്ളവരെ ദില്ലി ഗേറ്റിനടുത്തുവച്ച്, പൊലീസും അർധസൈനികവിഭാഗവും തടഞ്ഞിരുന്നു. ഇതിനുപിന്നാലെ സ്ഥലത്ത് നടന്നത് വലിയ അക്രമമാണ്. സ്ഥലത്ത് ഒരു കാർ കത്തിക്കപ്പെട്ടു. പല വാഹനങ്ങളും ആക്രമിക്കപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു. കണ്ണീർവാതകവും പ്രയോഗിച്ചു.
Read More: ജുമാ മസ്‌ജിദ് പാക്കിസ്ഥാനാണോ? ചന്ദ്രശേഖർ ആസാദ് കേസിൽ കോടതി
ഉച്ചകഴിഞ്ഞ് 2: 30 ന് കോടതിമുറിയിൽ വാദം കേൾക്കൽ ആരംഭിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ഡൽഹി പോലീസ് അവകാശപ്പെടുന്ന ആസാദിന്റെ ട്വീറ്റുകൾ വായിച്ചുകൊണ്ടാണ് പ്രച വാദം ആരംഭിച്ചത്. അംബേദ്കറിനെയും ഭരണഘടനയ്ക്ക് നൽകിയ സംഭാവനയെയും പ്രശംസിച്ച് ആസാദ് നടത്തിയ ട്വീറ്റ് പ്രച വായിച്ചു. 'അത് ശരിയാണ്' എന്ന് ജഡ്ജി പറഞ്ഞു.
“ഈ ട്വീറ്റുകൾ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് പ്രോസിക്യൂട്ടർ പറയുന്നു. ഇത് ആളുകളെ ആവേശഭരിതരാക്കി,” ജഡ്ജി പറഞ്ഞു,
“ആളുകൾ നമ്മുടെ രാജ്യത്തെ രക്ഷിക്കുന്നതിൽ ആകാംക്ഷാഭരിതരാകും, തങ്ങളുടെ നേതാക്കളെ അവർ പ്രശംസിക്കും,” പ്രച പറഞ്ഞു. മോദിജി ഭയപ്പെടുന്നതുകൊണ്ടാണ് പോലീസിനെ ഇറക്കുന്നതെന്ന അടുത്ത ട്വീറ്റ് പ്രച വായിച്ചു.
“അത് പ്രശ്നമാണ്. നിങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണം. നിങ്ങൾ പ്രധാനമന്ത്രിയെ ബഹുമാനിക്കണം. നിങ്ങൾക്ക് എന്തുകാര്യത്തിനാണ് പ്രധാനമന്ത്രിയെ ആക്രമിക്കേണ്ടത്?,”ജഡ്ജി ചോദിച്ചു.
ഡൽഹി പൊലീസ് 144-ാം വകുപ്പ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ, “ഈ വകുപ്പ് ഒരു തർക്ക വിഷയമാണ്. സുപ്രീംകോടതിയും ഹൈക്കോടതിയും അത് പറഞ്ഞിട്ടുണ്ട്. നിരോധനജ്ഞ ആളുകളെ അടിച്ചമർത്തുന്നതിനായി ഉപയോഗിക്കരുത്. നാം നമ്മുടെ അവകാശങ്ങൾക്കായി പോരാടുകയാണ്, നമ്മൾ നമ്മുടെ കടമകൾക്കായും പോരാടുകയാണ്. നിയമവിദ്യാർഥികളായിരിക്കുമ്പോൾ ഞങ്ങൾ പഠിച്ച ആദ്യ പാഠം മറ്റുള്ളവരുടെ അവകാശങ്ങൾ ആരംഭിക്കുന്നിടത്ത് നിങ്ങളുടെ അവകാശങ്ങൾ അവസാനിക്കുന്നു എന്നതാണ്,” ജഡ്ജി പറഞ്ഞു.
പൊതുമുതൽ നശിപ്പിക്കുന്നത് ആളുകൾക്ക് അസൗകര്യമുണ്ടാക്കുന്നതുകൊണ്ടാണ് നിരന്തരം 144ാം വകുപ്പ് ഉപയോഗിക്കേണ്ടി വരുന്നതെന്ന് ജഡ്ജി പറഞ്ഞു. "നമ്മുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് നാം പറയുന്ന ദിവസം, നമ്മുടെ അടിസ്ഥാന കടമകൾ
നാം നിർവഹിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിക്കണം.”
ആസാദിന്റെ സംഘടനയല്ല, ആർഎസ്എസാണ് അക്രമങ്ങൾക്ക് ഉത്തരവാദികളെന്ന് അർഥമാക്കുന്ന മറ്റൊരു ട്വീറ്റ് പ്രച വായിച്ചു. എന്നാൽ “നിങ്ങൾ എന്തിനാണ് ആർഎസ്‌എസിന്റെ പേര് പരമാർശിക്കുന്നത്? നിങ്ങളെപ്പറ്റി പറയുക. ഇത് ആളുകളെ പ്രകോപിതരാക്കും. പ്രത്യയശാസ്ത്രപരമായി നമുക്ക് വ്യത്യാസമുണ്ടാകാം. ഭരണഘടന പ്രകാരം അത് നിങ്ങളുടെ അവകാശമാണ്,” എന്ന് അതിന് മറുപടിയായി കാമിനി ലോ പറഞ്ഞു.
ആസാദ് ട്വീറ്റ് ചെയ്ത രാം പ്രസാദ് ബിസ്മിലിന്റെ ഒരു ഉദ്ധരണി വായിച്ച പ്രാച, നാം എല്ലാ ദിവസവും ഈ ഗാനം ആലപിക്കുന്നു എന്നു പറഞ്ഞു. “നിങ്ങൾ വായിക്കാറുണ്ടോ?” എന്ന് ജഡ്ജി ചോദിച്ചു. “ഡൽഹി പൊലീസിന് മുന്നിൽ ഇത് പാടാൻ എന്നെ അനുവദിക്കില്ല, അവർ ഇത് പ്രകോപനപരമായി കണക്കാക്കുന്നു. എന്നാൽ എന്റെ ഹൃദയത്തിൽ, ഞാൻ എപ്പോഴും ഇത് പാടുന്നുണ്ട്,” എന്ന് പ്രച മറുപടി പറഞ്ഞു.
ജാമ്യം അനുവദിച്ചാൽ അതേ കുറ്റങ്ങൾ ആവർത്തിക്കില്ലെന്നതിനും ക്രമസമാധാന പ്രശ്‌നമുണ്ടാക്കില്ലെന്നതിനും എന്താണ് ഉറപ്പെന്ന് ജഡ്ജി ചോദിച്ചു.
“ക്രമസമാധാനം പാലിക്കാൻ അദ്ദേഹം പൊലീസിനെ സഹായിക്കുകയായിരുന്നു. അദ്ദേഹം അവർക്ക് ചായ വിതരണം ചെയ്യുകയായിരുന്നു,” എന്ന് പ്രച പറഞ്ഞു.
ആസാദിന്റെ സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതെന്നും പ്രതിഷേധത്തെത്തുടർന്ന് പൊതുമുതൽ നശിച്ചാൽ അതിന്റെ ഉത്തരവാദി നേതൃത്വം നൽകിയ ആളായിരിക്കുമെന്നും പറഞ്ഞ കാമിനി ലോ, പ്രതിഷേധത്തിൽ എന്തെങ്കിലും പൊതുമുതൽ നശിച്ചിട്ടുണ്ടോ എന്ന് പ്രോസിക്യൂട്ടറോട് ചോദിച്ചു. രണ്ട് സ്വകാര്യ കാറുകളും പൊലീസ് ബാരിക്കേഡുകളും നശിച്ചതായും റോഡിന്റെ മധ്യഭാഗം തകർന്നതായും പ്രോസിക്യൂട്ടർ മറുപടി നൽകി.
ആസാദിനെ വിട്ടയച്ചാൽ സമാനമായ എന്തെങ്കിലും നടക്കുമോ എന്ന് എ.എസ്.ജെ ലോ വീണ്ടും പ്രചയോട് ചോദിച്ചു. “ഞങ്ങളുടെ പ്രസംഗങ്ങൾ ഡൽഹി പൊലീസിന് നൽകാം” എന്ന് പ്രച മറുപടി നൽകി.
“നിങ്ങൾക്ക് അത്തരം നിയമവിരുദ്ധ വാഗ്ദാനങ്ങൾ നൽകാൻ കഴിയും, എന്നാൽ എനിക്ക് അത് അനുവദിക്കാൻ കഴിയില്ല” എന്ന് ജഡ്ജി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.