ന്യൂഡൽഹി: ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച് തീസ് ഹസാരി കോടതി. പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടനാപരമാണെന്നും ധർണ നടത്തുന്നതിൽ എന്താണ് തെറ്റെന്നും ജഡ്ജ് കാമിനി ലോ പ്രോസിക്യൂട്ടറോട് ചോദിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.

ഡിസംബർ 21-നാണ് ഭീം ആർമി തലവനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ആസാദിന്റെ സംഘടനയായ ഭീം ആർമി പൊലീസിന്റെ അനുമതിയില്ലാതെ ജമാ മസ്ജിദിൽനിന്ന് ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തിയെന്നാണ് ആസാദിന് നേരെ ചുമത്തിയിരിക്കുന്ന ഒരു കുറ്റം.

Read More: ചന്ദ്രശേഖർ ആസാദിന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് കോടതി

ഭീം ആർമി പ്രവർത്തകർ ഉൾപ്പെടയുള്ളവരെ ദില്ലി ഗേറ്റിനടുത്തുവച്ച്, പൊലീസും അർധസൈനികവിഭാഗവും ത‍ടഞ്ഞിരുന്നു. ഇതിനുപിന്നാലെ സ്ഥലത്ത് നടന്നത് വലിയ അക്രമമാണ്. സ്ഥലത്ത് ഒരു കാർ കത്തിക്കപ്പെട്ടു. പല വാഹനങ്ങളും ആക്രമിക്കപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു. കണ്ണീർവാതകവും പ്രയോഗിച്ചു.

“ജമാ മസ്ജിദ് പാകിസ്ഥാനാണെന്ന മട്ടിലാണ് നിങ്ങൾ പെരുമാറുന്നത്. പാകിസ്ഥാനാണെങ്കിലും നിങ്ങൾക്ക് അവിടെ പോയി പ്രതിഷേധിക്കാം. പാക്കിസ്ഥാൻ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു,” പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്ന് ജഡ്ജി ആവർത്തിച്ചു. മുൻകൂർ അനുമതിയോടെ മാത്രമേ പൗരന്മാർക്ക് പ്രതിഷേധിക്കാൻ സാധിക്കൂ എന്ന് പ്രോസിക്യൂട്ടർ പരാമർശിച്ചപ്പോൾ നിരന്തരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സെക്ഷൻ 144ന്റെ ദുരുപയോഗമാണെന്ന് സുപ്രീംകോടതി പലകുറി പറഞ്ഞിട്ടുണ്ടെന്ന് ജഡ്ജി ലോ പറഞ്ഞു.

പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച നിരവധി പേരെ പിന്നീട് നേതാക്കളും മന്ത്രിമാരും ആയി കണ്ടതായും ജഡ്ജി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ പാർലമെന്റിൽ പറയേണ്ട കാര്യങ്ങൾ അവിടെ പറയുന്നില്ലെന്നും അതിനാലാണ് ജനങ്ങൾ തെരുവിലിറങ്ങുന്നതെന്നും കാമിനി ലോ പറഞ്ഞു.

മാർച്ചിന് മുന്നോടിയായി ആസാദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് കാണിച്ചപ്പോൾ അതിന് എന്താണ് കുഴപ്പമെന്നും ജഡ്ജി ചോദിച്ചു.

“ഒരാൾക്ക് ആരാധനാലയങ്ങൾക്ക് മുന്നിൽ പ്രതിഷേധിക്കാൻ പാടില്ലെന്ന് ഏത് നിയമമാണ് പറയുന്നത്. നിങ്ങൾ ആ നിയമം എനിക്ക് കാണിച്ചു തരണം.”

ജമാ മസ്ജിദിൽ നിന്ന് ദില്ലി ഗേറ്റിലേക്കുള്ള മാർച്ചിൽ ജനക്കൂട്ടത്തെ അക്രമാസക്തരാകാൻ താൻ പ്രേരിപ്പിച്ചതിന് യാതൊരു തെളിവുമില്ലെന്ന ചന്ദ്രശേഖർ ആസാദ് തന്റെ ജാമ്യ ഹർജിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook