/indian-express-malayalam/media/media_files/uploads/2021/09/Bharath-Bandh.jpeg)
Bharat Bandh: ന്യൂഡല്‍ഹി: ഒരു വർഷം മുൻപ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദ മൂന്ന് കാര്‍ഷിക നിയമങ്ങൾക്കെതിരെ കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. നിരവധി ഇടങ്ങളില്‍ ദേശീയപാതകളും റെയില്‍വേ ട്രാക്കുകളും കര്‍ഷകര്‍ ഉപരോധിച്ചു.
ഇന്നു രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണു ബന്ദിനു സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും റോഡ്, റെയില്‍ ഗതാഗതങ്ങള്‍ ഏതാണ്ട് നിലച്ച മട്ടാണ്. ദേശീയപാതകളും സംസ്ഥാനപാതകളും ലിങ്ക് റോഡുകളും റെയില്‍വേ ട്രാക്കുകളും വ്യാപകമായി ഉപരോധിച്ചു.
പഞ്ചാബില്‍ 350 കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിനു പഞ്ചാബ് എഡിജിപി നിര്‍ദേശം നല്‍കി. കര്‍ഷക ധര്‍ണ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2021/09/Farmers-Bharath-Bandh-1.jpg)
ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ മാത്രം 25 സ്ഥലങ്ങളില്‍ കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചു. ഈ ജില്ലയില്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.
കര്‍ഷകർ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുന്നതു ഡല്‍ഹി, അംബാല, ഫിറോസ്പുര്‍ ഡിവിഷനുകളില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. ഡല്‍ഹിയില്‍ ഇരുപതിലധികം ഇടങ്ങളിലാണ് പാളം ഉപരോധിച്ചിരിക്കുന്നത്. ഫിറോസ്പുര്‍ ഡിവിഷനില്‍ കുറഞ്ഞത് 14 ട്രെയിനുകള്‍ റദ്ദാക്കുകയും നാലെണ്ണൺ സര്‍വിസ് അവസാനിപ്പിക്കുകയും ചെയ്തു.
#BharatBandh : thin gathering of @Bkuektaugrahan members at Lehrabega toll plaza, district #Bathinda. NH- 07, Barnala- Bathinda road @IndianExpress@iepunjabpic.twitter.com/HhqV2YZrD3
— raakhijagga (@raakhijagga) September 27, 2021
ബന്ദ് കണക്കിലെടുത്ത് ഗാസിപൂര്‍ അതിര്‍ത്തിയിലെ ഗതാഗതം ഡല്‍ഹി പൊലീസ് അടച്ചു. ദേശീയപാത 24, ദേശീയപാത ഒന്‍പത് എന്നിവിടങ്ങളിലും ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തി.
ബന്ദില്‍ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകള്‍, വ്യവസായങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ അടിച്ചിടാൻ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍, വ്യക്തിഗത അടിയന്തര സാഹചര്യങ്ങളില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങിയ അവശ്യ സേവനങ്ങളെ ബന്ദിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
#BharatBandh protest by #BKU#Dakaunda at railway tracks of #Barnala. Bandh timings : 6am-4pm. @IndianExpress@iepunjabpic.twitter.com/EKdJsZC7sb
— raakhijagga (@raakhijagga) September 27, 2021
ഭാരത് ബന്ദിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ഹര്‍ത്താലിനു ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. പാല്‍, പത്രം, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളതായി സംയുക്ത സമര സമിതി അറിയിച്ചു.
Also Read: കര്‍ഷകരുടെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം; കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു
ജീവനക്കാരുടെ അഭാവമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്ആര്‍ടിസി സാധാരണ സര്‍വീസുകള്‍ ഇന്ന് ഉണ്ടായിരിക്കില്ല. അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ പൊലീസ് അകമ്പടിയോടെ അയയ്ക്കും. വൈകീട്ട് ആറിനുശേഷം ദീര്‍ഘദൂര സര്‍വിസുകളടക്കം എല്ലാ സ്റ്റേ സര്‍വീസുകളും ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ജീവനക്കാരെയും ബസുകളും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുള്ളതായി കെഎഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു.
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചു. ബന്ദില്‍ പങ്കാളികളാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും സംസ്ഥാന നേതൃത്വങ്ങളോടും മുന്നണി സംഘടനകളുടെ നേതാക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.